Connect with us

Kerala

കണ്ണീരൊഴുക്ക് നിലക്കാതെ...

Published

|

Last Updated

പ്രളയം കവര്‍ന്നെടുത്ത ജീവിതങ്ങളുടെ കണ്ണീരാണ് ചെങ്ങന്നൂരിലൂടെ ഒഴുകുന്നത്. നഗരത്തില്‍ വലിയ മുറിപ്പാട് കാണാനില്ല. പക്ഷേ, ചെങ്ങന്നൂരിന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അത്രമേല്‍ ശോകമൂകമാണ് ഉള്‍പ്രദേശങ്ങള്‍. തിരുവോണ നാളിലും പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. പലര്‍ക്കും വീടുകളിലേക്ക് മടങ്ങണമെന്നുണ്ട്. ചിലരെല്ലാം മടങ്ങിയിട്ടുമുണ്ട്. മടങ്ങുമ്പോള്‍ ഇനി എന്ത് എന്ന ചോദ്യം ഉത്തരം കിട്ടാതെ കണ്ണീരായി പെയ്തിറങ്ങുകയാണ് ഇവിടെ. ദുരിതാശ്വാസ ക്യാമ്പുകളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ആയിരങ്ങളുണ്ട്. എന്‍ജിനീയറിംഗ് കോളജിലെ സ്ഥിതിയും മറിച്ചല്ല. വൈ എം സി എ, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിന്റെ പലഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളാണ്.
മൂന്ന് ദിവസം പമ്പാനദി ഒരു ദേശമാകെ കൈയടക്കിയപ്പോള്‍ തലമുറകളുടെ സമ്പാദ്യമെല്ലാം തകര്‍ന്നടിയുകയായിരുന്നു. അതിന്റെ നേര്‍ചിത്രം കാണാം പാണ്ടനാട്ടും ഇടനാട്ടിലും. വെള്ളം പൊങ്ങിയതിന്റെ അടയാളം ഇലക്ട്രിക് പോസ്റ്റിനും തെങ്ങിന് മുകളിലുമെല്ലാം തൂങ്ങിയാടുന്നു. വെള്ളത്തിനൊപ്പം ഒഴുകിവന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണെല്ലാം. വീടുകളിലെ ഒന്നാം നിലയില്‍ പോലും വെള്ളം കെട്ടിനിന്ന പാടുകളുണ്ട്. റോഡിലും പറമ്പിലുമെല്ലാം നദി വലിച്ചെറിഞ്ഞുപോയ അവശിഷ്ടങ്ങള്‍. മുട്ടോളം ചെളിയുണ്ട് വീടുകളില്‍. പലയിടത്തും ക്ലീനിംഗ് നടക്കുന്നു. ചില വീടുകളിലേക്ക് ആരുമെത്തിയിട്ടില്ല. ചിലതാകട്ടെ ശുചീകരിക്കാന്‍ പോലുമില്ലാതെ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു.

ഹൃദയഭേദകമാണ് ഇടനാട്ടിലെ കാഴ്ചകള്‍. ഒരു ദ്വീപ് പോലെയുള്ള പ്രദേശം. ഒന്നര കിലോമീറ്റര്‍ വരും വിസ്തൃതി. പമ്പയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. ഒരു ഭാഗം വരട്ടാറും. ചെങ്ങന്നൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരമുണ്ട് ഇടനാട്ടിലേക്ക്. ചേലൂര്‍കടവ് പാലം കടന്നാല്‍ പിന്നെ പത്തനംതിട്ടയാണ്. പ്രളയത്തിന്റെ തീവ്രതയുടെ നേര്‍സാക്ഷ്യമാണ് ഈ പ്രദേശം. ഈ മേഖലയിലെ ചുരുക്കം ചില വീടുകളിലൊഴികെ എല്ലായിടത്തും വെള്ളം കയറി. മതില്‍ കെട്ടിനിടയില്‍ കിട്ടിയ വഴികളിലൂടെയെല്ലാം പമ്പ കുത്തിയൊലിച്ചു വന്നപ്പോള്‍ കെട്ടിടങ്ങളുടെ അടിസ്ഥാനം വരെ പോയി. കോണ്‍ക്രീറ്റ് തൂണുകളാണ് ചില വീടുകളെ വീഴാതെ നിര്‍ത്തുന്നത്. മറ്റു ചിലത് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കുന്ന തിരക്കാണ് എങ്ങും.

എല്ലാം വാരി പുറത്തേക്ക് വലിച്ചിട്ടിരിക്കുന്നു. പ്രളയ ജലം ഒഴുക്കിക്കൊണ്ടുവന്ന മാലിന്യങ്ങള്‍ക്കൊപ്പം വീടുകളില്‍ നിന്ന് ഉപേക്ഷിച്ചത് വേറെയും എല്ലാം കൂടി ചേരുമ്പോള്‍ മാലിന്യകോട്ട തന്നെയായി മാറിയിട്ടുണ്ട് ഇവിടം. വസ്ത്രങ്ങള്‍, കിടക്കകള്‍, പാത്രങ്ങള്‍, ടി വി, ഫ്രിഡ്ജ്, ഫോണ്‍, മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍. നശിച്ചുപോയ കളിപ്പാട്ടങ്ങള്‍ നന്നാക്കിയെടുക്കാന്‍ കഴിയുമോയെന്ന് നോക്കുന്ന കുരുന്നുകള്‍.

“ഓണമില്ലാത്ത ഒരു വര്‍ഷം, അതും ജീവിതത്തില്‍ സംഭവിച്ചെന്ന വിതുമ്പലോടെയാണ് 75 കാരനായ പാച്ചു പ്രളയദിനം ഓര്‍ത്തെടുത്തത്. വര്‍ഷകാലത്ത് വെള്ളം അല്‍പ്പമൊക്കെ കയറും. പക്ഷേ, വീട്ടിനകത്തേക്കൊന്നും എത്തില്ല. വെള്ളം ഉയരുമെന്ന ഭീതിവന്ന ഘട്ടത്തിലും നാട്ടുകാര്‍ക്ക് ധൈര്യം നല്‍കാന്‍ പാച്ചുവിനെ പ്രേരിപ്പിച്ചത് ഇത്രയും കാലം പമ്പ ചതിച്ചിട്ടില്ലെന്ന അനുഭവം. ഒരു പകല്‍ ഇരുട്ടും മുമ്പ് ഒരാള്‍ പൊക്കത്തില്‍ വെള്ളം ഉയരുന്നത് ഞെട്ടലോടെയാണ് ഇവിടെയുള്ളവര്‍ നോക്കിനിന്നത്. പമ്പ കര കവിയുമ്പോള്‍ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നത് തൊട്ടടുത്ത എന്‍ എസ് എസ് ഹൈസ്‌കൂളിലേക്കാണ്. ഇത്തവണ സ്‌കൂളും മുങ്ങിയതോടെ രക്ഷാമാര്‍ഗം പൂര്‍ണമായി അടഞ്ഞു. ശക്തമായ ഒഴുക്കും കൂടിയായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഇങ്ങോട്ട് എത്താനായില്ല.

മൂന്ന് ദിവസം ഒരു വീടിന്റെ ടെറസിന് മുകളില്‍ കഴിച്ചുകൂട്ടിയതിന്റെ അനുഭവമാണ് ഖത്വറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ബിനു പങ്കുവെച്ചത്. രക്ഷപ്പെടുത്താന്‍ വന്ന നാവികസേനയുടെ ബോട്ട് പോലും ഇവിടെ മുങ്ങി. എട്ട് സൈനികര്‍ നീന്തിയാണ് രക്ഷപ്പെട്ടത്.
തൊട്ടടുത്ത് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വീടിന്റെ ഓട് പൊളിച്ച് മേല്‍ക്കൂരയില്‍ കയറിയാണ് രക്ഷപ്പെട്ടത്. ചെറുപ്പക്കാര്‍ പലരും നീന്തി പോയി കപ്പ പറിച്ച് കൊണ്ടുവന്നും പറമ്പുകളിലെ ഏത്തക്കുല വെട്ടിയുമാണ് വിശപ്പ് അടക്കിയതെന്ന് ഓട്ടോ ഓടിച്ച് ജീവിതം തള്ളി നീക്കുന്ന രാജേഷ്. മൂന്നാം ദിനം മത്സ്യത്തൊഴിലാളി ബോട്ടെത്തിയാണ് ഇവരെയെല്ലാം രക്ഷിച്ചത്. രാജേഷിന്റെ ഓട്ടോയും ഒരു നില വീടും പൂര്‍ണമായി മുങ്ങി. വീട്ടു സാമഗ്രികളെല്ലാം നശിച്ചു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. എവിടെ ചെന്നത്തുമെന്ന് ഒരു ഉറപ്പുമില്ല. കണ്ണീര്‍ തുടച്ചാണ് ഇത്രയും പറഞ്ഞുവെച്ചത്. ഒരു വീടിന്റെ അടിസ്ഥാനം തന്നെ ഒലിച്ചുപോയിട്ടുണ്ട്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വെള്ളം ഇറങ്ങി തിരിച്ചെത്തിയപ്പോള്‍ കണ്ടത് അടിസ്ഥാനം തകര്‍ന്നു തരിപ്പണമായ വീട്. നന്നാക്കിയെടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവ് വരും. വീട് പൂര്‍ണമായി തകര്‍ന്നുപോയ കാഴ്ചകളുമുണ്ട് ഇവിടെ.

54 കാരനായ രഘുനാഥ് ഇവരിലൊരാളാണ്. കൂലി പണിക്കാരനാണ്. ഭാര്യ കൃഷ്ണലതയും മൂന്ന് മക്കളും അടങ്ങിയ കുടുംബം. ഇവരുടെ സ്വപ്‌നങ്ങളെല്ലാം പ്രളയമെടുത്തു. നിമിഷം നേരം കൊണ്ട് വെള്ളം ഉയര്‍ന്ന് പൊങ്ങിയപ്പോള്‍ ഉടുതുണി ഒഴികെ എല്ലാം ഉപേക്ഷിച്ച് ഓടിയതാണ്. നഴ്‌സിംഗ് വിദ്യാര്‍ഥിയായ മകള്‍ വീണയുടെ സര്‍ട്ടിഫിക്കറ്റുകളും യൂനിഫോമും എല്ലാം നഷ്ടപ്പെട്ടു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.
ചെളിയില്‍ മുങ്ങിക്കിടക്കുകയാണ് പാണ്ടനാട്. പമ്പ നിക്ഷേപിച്ച് മടങ്ങിയ ചെളി മുട്ടോളം വരും. ചെങ്ങന്നൂര്‍ പരുമല റോഡിലും ഇടറോഡുകളിലുമെല്ലാം ഈ കാഴ്ച കാണും. വീടുകള്‍ വൃത്തിയാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്നദ്ധ സംഘങ്ങളെത്തുന്നു. പോലീസും ഫയര്‍ഫോഴ്‌സും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും കൂടെയുണ്ട്. ഒരു നാടിനെ വീണ്ടെടുക്കുകയാണ് ഇവിടെ. അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ നല്‍കുകയാണ് ചെങ്ങന്നൂര്‍.

Latest