ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; നിര്‍ണായക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

Posted on: August 27, 2018 9:54 am | Last updated: August 27, 2018 at 10:49 am
SHARE

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കോണ്‍ഗ്രസ് സുപ്രധാന കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള മൂന്ന് പ്രധാന കമ്മിറ്റികള്‍ക്കാണ് രൂപം നല്‍കിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഒമ്പതംഗ കോര്‍ കമ്മിറ്റി, പ്രകടന പത്രികക്ക് രൂപം നല്‍കാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന 13 അംഗ പ്രചാരണ കമ്മിറ്റി എന്നിവക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്.
എ കെ ആന്റണിയും കെ സി വേണുഗോപാലും ഉള്‍പ്പെടുന്നതാണ് കോര്‍ കമ്മിറ്റി. ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ശശി തരൂര്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റി. പ്രചാരണ പരിപാടികള്‍ നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ വി ഡി സതീശനും മാനിഫെസ്റ്റോ കമ്മിറ്റിയില്‍ ബിന്ദു കൃഷ്ണയും ഉള്‍പ്പെടുന്നു. കമ്മിറ്റി രൂപവത്കരണത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. വളരെ വേഗം പ്രകടന പത്രിക തയ്യാറാക്കുകയും പ്രചാരണത്തിനും ഏകോപനത്തിനുമുള്ള തന്ത്രങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനിഫെസ്റ്റോ കമ്മിറ്റി: മന്‍പ്രീത് ബാദല്‍, പി ചിദംബരം, സുഷ്മിതാ ദേവ്, പ്രൊഫ. രാജീവ് ഗൗഡ, ഭൂപേന്ദ്രസിംഗ് ഹൂഡ, ജയറാം രമേഷ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജ കുമാരി, രഘുവീര്‍ മീണ, ബാലചന്ദ്ര മുന്‍ഗേഖാര്‍, മീനാക്ഷി നടരാജന്‍, രജനി പാട്ടീല്‍, സാം പിത്രോഡ, സച്ചിന്‍ പൈലറ്റ്, താംരാദ്വാജ് സാഹു, മുകുള്‍ സാംഗ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി.

പബ്ലിസിറ്റി കമ്മിറ്റി: ചരണ്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിലിന്ദ് ദിയോറ, കേട്കര്‍ കുമാര്‍, പവന്‍ ഖേര, വി ഡി സതീശന്‍, ആനന്ദ് ശര്‍മ, ജയ്വീര്‍ ഷെര്‍ജില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രണ്‍ദീപ് സുര്‍ജേവാല, മനീഷ് തിവാരി, പ്രമോദ് തിവാരി.