മദ്യം ഏത് അളവിലും ആരോഗ്യത്തിന് ഹാനികരം: ആഗോള പഠനം

Posted on: August 25, 2018 9:53 am | Last updated: August 24, 2018 at 9:55 pm

ന്യൂയോര്‍ക്ക്: മദ്യത്തിന്റെ ഏത് അളവിലുള്ള ഉപയോഗവും സുരക്ഷിതമല്ലെന്ന് ആഗോള വ്യാപകമായി വര്‍ഷങ്ങളെടുത്തു നടത്തിയ പഠന റിപ്പോര്‍ട്ട്. ദി ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന സംഘം ദി ലാന്‍സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറഞ്ഞ രീതിയിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിന് കാരണമാകുന്നുണ്ടെങ്കില്‍ പോലും ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ ഇതിനെയെല്ലാം കവച്ചുവെക്കുന്ന രീതിയില്‍ ഇത്തരക്കാരില്‍ കണ്ടുവരുന്നതായും ഗവേഷകര്‍ കണ്ടെത്തി.

1990നും 2016നും ഇടയില്‍ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള 195 രാജ്യങ്ങളില്‍ നടത്തിയ പഠന ഗവേഷണത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകളുള്ളത്. പഠനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മദ്യത്തിന്റെയും അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഫലങ്ങളും ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കി. 15 മുതല്‍ 95 വരെ വയസ്സുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. തീരെ മദ്യം കഴിക്കാത്തവരെയും ദിനംപ്രതി മദ്യം അകത്താക്കുന്നവരെയും താരതമ്യം ചെയ്തായിരുന്നു ഗവേഷണം. മദ്യം കഴിക്കാത്ത ഒരു ലക്ഷം ആളുകളില്‍ 914 പേര്‍ക്ക് മാത്രമാണ് ക്യാന്‍സര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ ദിനംപ്രതി മദ്യം കഴിക്കുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലും എത്രയോ കൂടുതലാണ്.
ഒരു ദിവസം ഒരു തവണ മദ്യം കഴിക്കുന്നവരില്‍ താരതമ്യേന വലിയ ആരോഗ്യ പ്രശ്‌നമുണ്ടാകുന്നു. എന്നാല്‍ പല രാജ്യങ്ങളിലും ആളുകള്‍ ദിവസത്തില്‍ ഒന്നിലേറെ തവണ മദ്യപിക്കുന്നതായും ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ പ്രൊഫസറും ഗവേഷണത്തില്‍ പങ്കാളിയുമായിരുന്ന സോണിയ സക്‌സേന ചൂണ്ടിക്കാട്ടുന്നു. ഏത് അളവിലുള്ള മദ്യ ഉപയോഗവും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഗവേഷണത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മാക്‌സ് ഗ്രിസ് വേഡ് പറയുന്നു. ക്യാന്‍സര്‍, ആന്തരിക മുറിവുകള്‍, അണുബാധ രോഗങ്ങള്‍ തുടങ്ങിയവുമായി മദ്യത്തിന്റെ ഉപയോഗത്തിനുള്ള ബന്ധം ശക്തമാണ്. മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന വാദങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇതിനെ കവച്ചുവെക്കുന്നതാണ് മദ്യം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏത് അളവിലുള്ള മദ്യത്തിന്റെ ഉപയോഗവും ക്യാന്‍സറിന് കാരണമാകുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ഡെയിം സാലി ഡാവിസ് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ഇതുവരെ നടന്ന പഠനങ്ങളില്‍ വെച്ചേറ്റവും സമഗ്രമാണ് തങ്ങളുടെ പഠനമെന്ന് പ്രൊഫ. സക്‌സേന അവകാശപ്പെടുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ ദിനംപ്രതി ഏകദേശം മൂന്ന് തവണ മദ്യം കഴിക്കുന്നവരാണ്. റുമാനിയയില്‍ ദിനം പ്രതി ശരാശരി എട്ട് തവണ മദ്യം കഴിക്കുന്നു. സ്ത്രീകളേക്കാള്‍ മദ്യം അകത്താക്കുന്നത് പുരുഷന്‍മാരാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
റുമാനിയ, പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗ്, ലുതിയാന, ഉക്രൈന്‍, ബോസ്‌നിയ, ബെലാറസ്, എസ്‌റ്റോണിയ, സ്‌പെയിന്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് മദ്യപാനത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.