സമാധാനം: ഇംറാനില്‍ നിന്ന് താഴ്‌വര പ്രതീക്ഷിക്കുന്നത്

അതിര്‍ത്തി പ്രശ്‌നത്തില്‍ തീവ്രനിലപാടായിരിക്കുമോ ഇംറാന്‍ ഖാന്‍ കൈകൊള്ളുക എന്നാണ് ഇന്ത്യയുടെ ആശങ്ക. എങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലും ഇതു പ്രതിഫലിക്കും. സൈന്യത്തിന്റെ രാഷ്ട്രീയ- ഭരണ സ്വാധീനം അതിജയിക്കുവാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കുമോ എന്നും കേന്ദ്രം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും നല്ല ക്രിക്കറ്റര്‍ക്ക് ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനാകാന്‍ കഴിയണമെന്നില്ലെന്നു നിരീക്ഷിക്കുന്നവരും കുറവല്ല. സൈന്യത്തിന്റെ കൂച്ചുവിലങ്ങുണ്ടായില്ലെങ്കില്‍ സമാധാന സ്ഥാപനത്തിന് നല്ല നീക്കങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനാവുമെന്നു കരുതുകയേ നിര്‍വാഹമുള്ളൂ.
Posted on: August 25, 2018 9:27 am | Last updated: August 24, 2018 at 9:36 pm
SHARE

മര്‍നാഥ് തീര്‍ഥാടനത്തിന്റെ 33-ാം ദിവസമാണ് കശ്മീരിലെത്തുന്നത്. പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ നാലാം നാള്‍. അതിനാല്‍ തന്നെ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണെവിടെയും. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായേക്കുമെന്ന ആദ്യ സൂചനകള്‍ ഇസ്‌ലാമാബാദില്‍ നിന്നു വന്നപ്പോള്‍ ജമ്മുവിലും ശ്രീനഗറിലും ലേയിലുമെല്ലാം പരിശോധന കൂടുതല്‍ കര്‍ക്കശമായി. അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെയുള്ള തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താഴ്‌വരയില്‍ എല്ലാ വര്‍ഷവും ടൈറ്റ് സെക്യൂരിറ്റിയുണ്ടാവാറുണ്ടെങ്കിലും; അതിര്‍ത്തിക്കപ്പുറത്ത് 22-ാം പ്രധാനമന്ത്രിയായി ഖാന്റെ അരിയിട്ടുവാഴ്ച സ്ഥിരീകരിക്കപ്പെട്ടതോടെ അത് പാരമ്യത്തിലായി. ശ്രീനഗറിനടുത്ത ഉമറാബാദിലെ ആദാന്‍ ഹോട്ടലില്‍ നിന്നു പ്രഭാത ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു. ഉടന്‍ സൈന്യം പ്രദേശം വളഞ്ഞു. കവചിത വാഹനങ്ങളില്‍ സായുധ സൈനികര്‍ കുതിച്ചെത്തി. ഹൈവേക്കിരുവശത്തും മെറ്റല്‍ ഡിറ്റക്ടറും ഡോഗ്‌സ്‌ക്വാഡുമായി സ്‌ഫോടക വസ്തു പരിശോധന പിറകെ. ഞങ്ങള്‍ ആശങ്ക പങ്കുവെക്കുമ്പോഴും വെയ്റ്റര്‍ തന്‍വീറിന്റെ മുഖത്ത് നിസ്സംഗത. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന ഭാവം ഏതു സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയിലും നിത്യപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീരികള്‍ പുലര്‍ത്തുന്നു. ഈ ഭയാശങ്കകള്‍ക്കിടയിലും ഒരു പക്ഷേ അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ മനോഭാവമായിരിക്കണം.

ഇംറാന്‍ ഖാന്റെ അധികാര ലബ്ധിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉമറാബാദുകാരനായ അബൂ ഉമര്‍ എന്ന വയോധികന്‍ വാചാലനായി: ‘ഖാന്‍ വരട്ടെ. സമാധാന സ്ഥാപനത്തിന് അദ്ദേഹത്തിനാവും. കാരണം കശ്മീരികളുടെ മനസ്സ് അദ്ദേഹത്തിനറിയാം. ഇന്ത്യന്‍ സര്‍ക്കാറുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍ താഴ്‌വരയിലെ വെടിയൊച്ചകള്‍ക്ക് അറുതി കുറിക്കും. എന്തെന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്നുവന്ന നേതാവാണ് ഖാന്‍, സമാധാന കാംക്ഷിയും.’ ഒറ്റപ്പെട്ട ശബ്ദമല്ല, കശ്മീരികളുടെ പൊതുവികാരമാണ് ഇത്. നവാസ് ശരീഫ് മുതല്‍ പിറകോട്ടുള്ള പാക് ഭരണത്തലവന്മാരിലൊന്നും പുലര്‍ത്താത്ത പ്രതീക്ഷ ഇംറാനില്‍ കശ്മീര്‍ ജനത പുലര്‍ത്തുന്നത്, മുന്‍ഗാമികളില്‍ നിന്നു വ്യത്യസ്തമായി അദ്ദേഹത്തിന് താഴ്‌വരയുടെ പള്‍സ് അറിയാമെന്നതുകൊണ്ടും പി പി പി – പി എം എല്‍ എന്ന ദ്വികക്ഷി സമ്പ്രദായം തകര്‍ത്ത് മൂന്നാം ശക്തികേന്ദ്രമായി പി ടി ഐയെ വളര്‍ത്തിക്കൊണ്ടുവന്ന പൊതുസ്വീകാര്യന്‍ എന്ന നിലക്കുമാണ്. അതുകൊണ്ടുതന്നെ കശ്മീരികളെ സംബന്ധിച്ചിടത്തോളം ഇത് അയല്‍ രാജ്യത്തെ കേവല അധിക്കാരക്കൈമാറ്റമല്ല; കശ്മീര്‍ താഴ്‌വരയുടെ സമാധാന ഭാവിയില്‍ ഏറെ പ്രതീക്ഷയേകുന്ന ജനവിധിയാണ്.

എണ്‍പതുകളുടെ അന്ത്യത്തിലാണ് കശ്മീരില്‍ തീവ്രവാദ സംഘങ്ങളുടെ വേലിയേറ്റം ഉരുവം കൊള്ളുന്നത്. തൊണ്ണൂറുകള്‍ മുതല്‍ മാറിമാറി അധികാരത്തിലേറിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി പി പി)യുടെയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗി(പി എം എല്‍)ന്റെയും നേതാക്കളായ ബേനസീര്‍ ഭൂട്ടോ, നവാസ് ശരീഫ് എന്നിവര്‍ക്കും തീവ്രവാദി-സൈനിക തിട്ടൂരങ്ങള്‍ മറികടക്കാനായിരുന്നില്ല. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നാലേ മുതലാളിത്ത കമ്പനികള്‍ക്ക് ആയുധക്കച്ചവടം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നും പ്രശ്‌നങ്ങള്‍ ഒരളവുവരെ പാശ്ചാത്യ പ്രോക്തമാണെന്നും വിമര്‍ശനമുണ്ട്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ കൂടിക്കണ്ട് പിരിയുമ്പോഴേക്ക് നിയന്ത്രണ രേഖയില്‍ പുകയുയരുന്നത് ഇതിനു തെളിവായും അവര്‍ പറയുന്നു.

ഭൂമിശാസ്ത്രപരമായി കശ്മീരിന് ഏറെ പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്ത് ഹിമാലയ, കാറക്കോറം മലനിരകള്‍ അതിരിടുന്ന ഭൂപ്രദേശമാണ് കശ്മീര്‍. 47ല്‍ സ്വാതന്ത്ര്യം നേടിയത് മുതല്‍ ആരംഭിച്ചതാണ് കശ്മീരിനു വേണ്ടിയുള്ള ഇന്ത്യാ-പാക് തര്‍ക്കം. തീരാവേദനകളാണ് ഈ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചത്. 47ലും 65 ലും യുദ്ധങ്ങള്‍, 84 മുതലുള്ള സിയാച്ചിന്‍ സംഘര്‍ഷം, 89-ലാരംഭിച്ച് ഇന്നും തുടരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍, 99-ലെ കാര്‍ഗില്‍ യുദ്ധം, ഇടക്കിടെയുണ്ടാവുന്ന തീവ്രവാദി നുഴഞ്ഞുകയറ്റങ്ങള്‍, വെടിവെപ്പുകള്‍, അതിര്‍ ഭേദനങ്ങള്‍ എല്ലാം ഈ തര്‍ക്കത്തിന്റെ ബാക്കിപത്രങ്ങളാണ്.

പാക്കിസ്ഥാനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നീക്കങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്നതാണനുഭവം. നുഴഞ്ഞുകയറ്റക്കാരെ വിട്ടുള്ള നിരന്തര നിഴല്‍യുദ്ധങ്ങള്‍ക്കു പുറമെ നേരിട്ടുള്ള പോര്‍വിളികള്‍ക്കും പാക് സൈന്യം പലപ്പോഴും കച്ചമുറുക്കിയിട്ടുണ്ട്. 65ല്‍ ഓപറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്നു പേരിട്ട് താഴ്‌വരയിലേക്കു നടത്തിയ കടന്നുകയറ്റവും വിധ്വംസക പ്രവര്‍ത്തനങ്ങളും വലിയ തയ്യാറെടുപ്പോടെയായിരുന്നു. കശ്മീരിനെ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേര്‍ക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉന്നം. ഇന്ത്യന്‍ സേനയുടെ ശക്തമായ ചെറുത്തു നില്‍പ്പാണ് പദ്ധതി പൊളിച്ചത്. സോവിയറ്റ്- യു എസ് കാര്‍മികത്വത്തിലുണ്ടായ താഷ്‌കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിക്കുകയായിരുന്നു. (കരാര്‍ ഒപ്പുവെച്ച രാത്രിയിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അപ്രതീക്ഷിത മരണം).

കശ്മീരികളുടെ മനസ്സ് പാക്കിസ്ഥാനോടൊപ്പമാണെന്നാണ് അന്താരാഷ്ട്ര വേദികളിലടക്കം പാക് ഭരണകര്‍ത്താക്കളുടെ എന്നുമുള്ള അവകാശവാദം. എന്നാല്‍, സത്യമതല്ലെന്നു ബോധ്യപ്പെടാന്‍ കശ്മീര്‍ ജനതയുടെ കാലങ്ങളായുള്ള നിലപാട് പരിശോധിച്ചാല്‍ മാത്രം മതി. വ്യക്തിഗത സംഭാഷണങ്ങളിലും അവരതു തുറന്നു പറയും. സംസ്ഥാന-ദേശീയ തിരഞ്ഞെടുപ്പുകളെല്ലാം ബഹിഷ്‌കരിക്കാന്‍ അതാതു സമയങ്ങളില്‍ പാക് തീവ്രവാദ പ്രസ്ഥാനങ്ങളും സഹകാരികളും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഫലമോ? എല്ലാവിധ പ്രാതികൂല്യങ്ങളും അതിജീവിച്ച് അവര്‍ പോളിംഗ് സ്റ്റേഷനുകളിലെത്തുന്നു. 87ല്‍ ഫാറൂഖ് അബ്ദുല്ലക്ക് വന്‍വിജയം സമ്മാനിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് മുതല്‍ 2014ലെ ലോക്‌സഭാ ഇലക്ഷന്‍ വരെ ഇതാണു സ്ഥിതി. 65 ശതമാനം പോളിംഗാണ് അവസാന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ശതമാനക്കണക്കില്‍ പല കാലങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ജനവിധി രേഖപ്പെടുത്താന്‍ കശ്മീരികള്‍ കൃത്യമായി എത്തിക്കൊണ്ടിരുന്നുവെന്നത് അവരുടെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്ന പാക് വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നു.

അതേസമയം, ഒരു രാജ്യത്തോടും ചേരാതെ വേറിട്ടു നില്‍ക്കണമെന്ന് അഭിപ്രായമുള്ളവരും കശ്മീരികളിലുണ്ട്. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കുക എന്നതാണ് പ്രധാനം. 1990ല്‍ നടപ്പാക്കിയ അഫ്‌സ്പ നിയമത്തിന്റെ ഇരകളായി കഴിയേണ്ടിവരുന്ന ധാരാളം കുടുംബങ്ങളുണ്ട്. അഫ്‌സ്പ ചുമത്തി പിടിക്കപ്പെട്ട ഭര്‍ത്താവ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയാത്ത അനേകം അര്‍ധ വിധവകള്‍ കാല്‍നൂറ്റാണ്ടിലധികമായി കശ്മീരിന്റെ കണ്ണീരാണ്. അതുപോലെ ഐക്യരാഷ്ട്രസഭ തന്നെ നിരോധിച്ച പെല്ലറ്റ് ഗണുകളേറ്റ് കണ്ണു നഷ്ടപ്പെട്ടവരും ഇരുളിലും വേദനയിലുമായി കഴിയുന്നു. സംസ്ഥാനത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പറയുന്നത് പ്രകാരം കരുതല്‍ തടങ്കലില്‍ ഇരുപതിനായിരം പേരാണുള്ളത്. സ്‌കൂളില്‍ പോയ കുട്ടി സുരക്ഷിതനായി തിരിച്ചുവരുമോ അതോ വെടിയുണ്ടകളേറ്റുവാങ്ങിയോ ചലനമറ്റോ വരുമോ എന്ന് ദിവസവും ആധിപ്പെടുന്ന രക്ഷിതാക്കള്‍ താഴ്‌വരയുടെ വലിയ നോവാണെന്നു മറക്കാനാവില്ല. ഇത്തരം നെരിപ്പോടുകള്‍ക്കിടയിലും ഇന്ത്യക്കൊപ്പം നില്‍ക്കുന്ന ജനതയെ പരിഗണിക്കാന്‍ അധികാരികള്‍ക്കാവണം. കശ്മീരികള്‍ അതാണാഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

കശ്മീര്‍ പ്രശ്‌നത്തില്‍ തൊട്ട പല പ്രമുഖര്‍ക്കും കൈപൊള്ളിയിട്ടുണ്ട്. കശ്മീരിന് സ്വയംഭരണമാണ് വേണ്ടതെന്നഭിപ്രായപ്പെട്ട മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തെ രാജ്യദ്രോഹിയെന്നാണ് ബി ജെ പി വിളിച്ചത്. കഴിഞ്ഞ ദിവസം ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണപ്രകാരം സംബന്ധിച്ച പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും പഴികേട്ടു. അതേസമയം ലാഹോറിലേക്ക് ബസ് യാത്ര നടത്തിയ മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയോ മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച് സന്ദേശമെഴുതിയ കേന്ദ്രമന്ത്രി എല്‍ കെ അഡ്വാനിയോ നവാസ് ശരീഫിന്റെ സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിമര്‍ശിക്കപ്പെട്ടില്ലെന്നതു വിചിത്രം.

ഏതായാലും പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായ ശ്രമമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. കശ്മീര്‍ ജനതയും അതു പ്രതീക്ഷിക്കുന്നു. റൈസിംഗ് കശ്മീര്‍ കോളമിസ്റ്റ് ഡോ. ഇഷ്ഫാഖ് ജമാല്‍ എഴുതി: ‘പുതിയ പാക് സര്‍ക്കാറില്‍ കശ്മീര്‍ ജനതക്ക് വലിയ പ്രതീക്ഷകളുണ്ട്. താഴ്‌വരയില്‍ ക്ഷേമവും സമാധാനവും തിരിച്ചുകൊണ്ടുവരാനും കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും ഖാനു കഴിയുമെന്നാണ് വിശ്വാസം.’ പ്രധാനമന്ത്രി പദമേറ്റ ശേഷമുള്ള പ്രഥമ വാര്‍ത്താ സമ്മേളനത്തില്‍ ഇംറാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയും ആശാവഹം: ‘ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി ഒത്തുതീര്‍പ്പാക്കാനും താന്‍ തയ്യാറാണ്. ഡല്‍ഹി ഇക്കാര്യത്തില്‍ ഒരടി മുന്നോട്ടു വെച്ചാല്‍ തങ്ങള്‍ രണ്ടടി മുന്നോട്ടു വെക്കാം. കശ്മീരികള്‍ കാലങ്ങളായി ക്ലേശമനുഭവിക്കുന്നു. അതിനറുതി വേണം. ഇന്ത്യന്‍ നേതൃത്വം തയ്യാറാണെങ്കില്‍ ചര്‍ച്ചാ മേശയിലേക്ക് തിരിച്ചുവരാനാവും. ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഉപഭൂഖണ്ഡത്തില്‍ നിന്നു ദാരിദ്ര്യം തുടച്ചു നീക്കാനും പരസ്പര സഹകരണം കൊണ്ടു സാധിക്കും.’ ഇതു യാഥാര്‍ഥ്യമായാല്‍ പാക്കിസ്ഥാന് മാത്രമല്ല ഇന്ത്യക്കും ഗുണകരമാകും.

അതിര്‍ത്തി പ്രശ്‌നത്തില്‍ തീവ്രനിലപാടായിരിക്കുമോ ഖാന്‍ കൈകൊള്ളുക എന്നാണ് ഇന്ത്യയുടെ ആശങ്ക. എങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലും ഇതു പ്രതിഫലിക്കും. സൈന്യത്തിന്റെ രാഷ്ട്രീയ-ഭരണ സ്വാധീനം അതിജയിക്കുവാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കുമോ എന്നും കേന്ദ്രം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും നല്ല ക്രിക്കറ്റര്‍ക്ക് ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനാകാന്‍ കഴിയണമെന്നില്ലെന്നു നിരീക്ഷിക്കുന്നവരും കുറവല്ല. സൈന്യത്തിന്റെ കൂച്ചുവിലങ്ങുണ്ടായില്ലെങ്കില്‍ സമാധാന സ്ഥാപനത്തിന് നല്ല നീക്കങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനാവുമെന്നു കരുതുകയേ നിര്‍വാഹമുള്ളൂ. കശ്മീരിലെ യാസീന്‍ സ്‌കൂളിലെ മലയാളിയായ അധ്യാപകന്‍ ഹബീബ് പറയുന്നു: ‘ശ്രീനഗറില്‍ പലയിടത്തും സൈന്യത്തിന് ഗോബാക്ക് വിളിച്ചുള്ള ചുവരെഴുത്തുകള്‍ കാണാം. പലതും അധികൃതര്‍ തന്നെ മായ്ച്ചുകളയാറുണ്ട്. താഴ്‌വരയില്‍ സമാധാനം പുലര്‍ന്നു കാണാനാഗ്രഹിക്കാത്തവരാണതിനു പിന്നില്‍. അവര്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കും. പക്ഷേ, കശ്മീര്‍ ജനതക്കു മുമ്പില്‍ രാജ്യം തോറ്റുപോകരുത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ഒപ്പം നിര്‍ത്തിയും മാത്രമേ ജനാധിപത്യ രാജ്യത്തിന് മുന്നോട്ടു പോകാനാവൂ.’ അധികാര വാഴ്ചയുടെ തുടക്കത്തിലെ തിരക്കുകളൊഴിയുമ്പോള്‍ കശ്മീരികളുടെ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കാന്‍ ഇംറാന്‍ ഖാനു സാധിക്കട്ടെയെന്നാശംസിക്കുക മാത്രമാണ് ഇപ്പോള്‍ കരണീയം. പക്ഷേ, യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുമ്പോള്‍ ഏഴ് പതിറ്റാണ്ടായി തുടരുന്ന കശ്മീര്‍ പ്രശ്‌നത്തില്‍, പാക് സൈന്യത്തിന്റെ നോമിനികള്‍ ചേര്‍ന്നു താങ്ങിനിര്‍ത്തുന്ന ഖാന്റെ ന്യൂനപക്ഷ സര്‍ക്കാറിന് എത്രത്തോളം സ്വതന്ത്രവും ആധികാരികവുമായി പ്രവര്‍ത്തിക്കാനാവുമെന്ന് കണ്ടറിയാതെ നിര്‍വാഹമില്ല.

പ്രസ് ഡിക്ലയര്‍: പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ വസതിയില്‍ അദ്ദേഹം ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഉറുദുവില്‍ ഏറ്റുചൊല്ലുമ്പോള്‍ ഇംറാന്‍ ഖാന്‍ ചില പിഴവുകള്‍ ബോധപൂര്‍വമല്ലാതെ വരുത്തുകയുണ്ടായി. ‘ബഹ്‌സിയ്യത്ത് ഖാതിമുന്നബിയ്യൂന്‍’ എന്നത് ‘നബിവലിയ്യൂന്‍’ എന്നാണ് ഖാന്‍ ചൊല്ലിയത്. പ്രസിഡന്റ് രണ്ട് പ്രാവശ്യം തിരുത്തിക്കൊടുത്തെങ്കിലും ഖാന്റെ നാവു വഴങ്ങിയില്ല. ‘റോസി ഖിയാമത്ത്’ എന്നത് ‘ഖിയാദത്ത്’ എന്നാക്കി ഇംറാന്‍ ഖാന്‍. ആവര്‍ത്തിച്ചു തിരുത്തിക്കൊടുത്തപ്പോള്‍ ഇളംചിരിയോടെ ‘സോറി’ പറഞ്ഞ് ശരിയായി മൊഴിഞ്ഞു. സദസ്സിലും ചിരി പടര്‍ന്നു. തുടക്കത്തിലെ ഈ കല്ലുകടി പാക് രാഷ്ട്രീയത്തിലെ മഹാപിഴകളാകുമോ എന്തോ!

LEAVE A REPLY

Please enter your comment!
Please enter your name here