പീഡനക്കേസ് പ്രതിയോട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

Posted on: August 24, 2018 3:28 pm | Last updated: August 24, 2018 at 7:39 pm
SHARE

ന്യൂഡല്‍ഹി: തനിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപയടക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കേസിലെ എതിര്‍കക്ഷി സുഹ്യത്താണെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് കൊടുത്തതെന്നും പറഞ്ഞാണ് തരുണ്‍ സിംഗ് എന്നയാള്‍ കോടതിയിലെത്തിയത്.

പീഡനക്കേസ് ഒത്ത്തീര്‍പ്പിലെത്തിയെന്നും ഒത്ത് തീര്‍പ്പ് കരാര്‍ ഡല്‍ഹിയിലെ സാകേത് കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നു പോകേണ്ടതില്ലെന്നും തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും തരുണ്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുകയടക്കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ചദേവ് ആവശ്യപ്പെടുകയായിരുന്നു. പണമടച്ചതിന്റെ രേഖകള്‍ രണ്ടാഴ്ചക്കുള്ളില്‍ ഹാജരാക്കാനും കോടതി തരുണിനോട് ഉത്തരവിട്ടു.