Connect with us

Kerala

ഒരു കുഞ്ഞു ജീവന്‍ കൂടി ഭൂമിയിലെത്തിച്ച ചാരിതാര്‍ഥ്യത്തോടെ അവര്‍ മടങ്ങി

Published

|

Last Updated

കൊച്ചി: പെരുംപ്രളയത്തില്‍പ്പെട്ട നിരവധി ജീവനുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച കരസേന രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. പ്രസവത്തീയതിയെത്തിയ ഗര്‍ഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്തിക്കാന്‍ സഹായിച്ചതും ഇതേ സംഘം തന്നെയാണ്. കരസേനയുടെ 19 മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റന്‍ ഡൊമിനെ പ്രശീലിനു കീഴില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ 75 അംഗ സൈനിക സംഘം ഇക്കാരണത്താല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞു.

തിരുവനന്തപുരത്തെ ആര്‍മി ക്യാമ്പില്‍ നിന്ന് ഈമാസം 11 നാണ് രക്ഷാപ്രവര്‍ത്തനത്തിന് സംഘം എറണാകുളം ജില്ലയിലെത്തിയത്. 14 മുതല്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജിലെ ക്യാമ്പില്‍ കര്‍മനിരതരായി. ചാലാക്ക, മാളവന, എളന്തിക്കര, കല്ലേപ്പറമ്പ്, സ്റ്റേഷന്‍കടവ്, കുട്ടന്‍തുരുത്ത്, തുരുത്തിപ്പുറം, മാഞ്ഞാലി പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനമായിരുന്നു സംഘത്തിന്റെ ദൗത്യം.
റോഡില്‍ വെള്ളം ഒരു മീറ്ററിലധികം ഉയര്‍ന്നുനിന്നിരുന്ന 16ന് ഉച്ചക്ക് രണ്ടരയോടെയാണ് പുത്തന്‍വേലിക്കര ഐ വീട്ടില്‍ ശ്രീനിവാസന്റെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയെന്നറിയിച്ച് സൈന്യത്തിന്റെ സഹായം തേടിയത്. ഭാര്യ അമൃതക്ക് ആദ്യത്തെ പ്രസവം സിസേറിയനായിരുന്നത് കൂടാതെ പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നതിനാല്‍ കുടുംബം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. മിലിട്ടറി ട്രക്കിന്റെ സൈലന്‍സര്‍ വരെ വെള്ളം ഉയര്‍ന്നുനിന്നത് യാത്രക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി. പാലക്കാട് സ്വദേശി സുബേദാര്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അമൃതയെ ക്യാമ്പില്‍ നിന്ന് ലഭിച്ച ഇരുമ്പ് കട്ടിലില്‍ കിടത്തി മിലിട്ടറി ട്രക്കില്‍ അവര്‍ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂര്‍ എം ഐ ടി ആശുപത്രിയിലെത്തിച്ചു. പിറ്റേ ദിവസം രാവിലെ 11ന് അമൃത ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

പ്രളയത്തെ അതിജീവിച്ച് സുഖമായി കുഞ്ഞുപിറന്ന വാര്‍ത്ത വാട്‌സ്ആപ്പ് വീഡിയോ സന്ദേശത്തിലൂടെ ശ്രീനിവാസന്‍ അന്ന് തന്നെ പങ്കുവെച്ചു. പുത്തന്‍വേലിക്കര ക്യാമ്പിലെ സൈനികര്‍ക്കും സുബേദാര്‍ നൗഷാദിനും നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയുടെ വിവരമൊന്നുമറിയാതെ സൈനിക സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ദിക്കുകളിലായിരുന്നു. രക്ഷാദൗത്യം പൂര്‍ത്തിയായ ബുധനാഴ്ചയാണ് സുബേദാര്‍ നൗഷാദ് വീഡിയോ സന്ദേശത്തെക്കുറിച്ചറിഞ്ഞത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിട്ടും പ്രളയജലം പരാജയപ്പെടുത്തിയ ഫോണില്‍ സുഹൃത്തുക്കളയച്ച സന്ദേശം കാണാന്‍ സാധിച്ചതുമില്ല. മടങ്ങുന്നതിന് മുമ്പ് കുഞ്ഞിനെ കണ്ട് ഒരു കുഞ്ഞുടുപ്പ് സമ്മാനിക്കാന്‍ സുബേദാര്‍ നൗഷാദും സംഘവും ഒരിക്കല്‍ കൂടി കൊടുങ്ങല്ലൂര്‍ എം ഐ ടി ആശുപത്രിയിലെത്തി. രക്ഷകനും സംഘവും നേരിട്ടെത്തി കുഞ്ഞിനെ കണ്ടതും സമ്മാനം നല്‍കിയതും കുടുംബത്തിന്റെ കണ്ണുകളെ ഈറനണിയിച്ചു. രാപ്പകല്‍ ഭേദമില്ലാതെ നടത്തിയ രക്ഷാദൗത്യത്തിനിടയിലെ അസുലഭ നിമിഷമെന്നാണ് കുഞ്ഞിനെ കൈയിലെടുത്ത സന്ദര്‍ഭത്തെ സുബേദാര്‍ നൗഷാദ് വിശേഷിപ്പിച്ചത്. മദ്രാസ് റെജിമെന്റിന് പുറമെ 13 ബറ്റാലിയന്‍ ഗഡ് വാള്‍ റൈഫിളിലെ 75 സൈനികരും കരസേനയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. ഇരു വിഭാഗങ്ങളും ചേര്‍ന്ന് ആറായിരത്തിലധികം പേരെയാണ് രക്ഷിച്ചത്.

Latest