കടലിന്റെ മക്കളോട് കുറച്ചുകൂടി അനുകമ്പ വേണ്ടേ?

Posted on: August 24, 2018 8:52 am | Last updated: August 23, 2018 at 10:49 pm
SHARE

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക പ്രതിബദ്ധതയും കടല്‍ പോലെ വിശാലമായ മനസ്സും പൊതുസമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചു. സൈന്യത്തിന് പോലും അപ്രാപ്യമെന്ന് കരുതപ്പെടുന്ന കാര്യങ്ങളാണ് കടലിനോട് മല്ലിടുന്ന ഈ മനുഷ്യര്‍ ഈ കാലയളവില്‍ സമൂഹ നന്മക്കായി ചെയ്തത്. അവഗണനയും പുച്ഛവുമല്ലാതെ സമൂഹം അവര്‍ക്കെന്താണ് തിരിച്ചുനല്‍കിയിട്ടുള്ളത്? കരയിലുള്ളവര്‍ക്ക് ഒരാപത്ത് വന്നപ്പോള്‍ അവര്‍ എല്ലാം മറന്ന് സേവന സന്നദ്ധരായി. എന്നാല്‍, ഈ മനുഷ്യര്‍ക്ക് ദുരന്തങ്ങളും വറുതിയും വരുമ്പോള്‍ എന്താണ് മറ്റുള്ളവര്‍ ചെയ്യാറുള്ളത് എന്നത് കൂടി ആലോചിക്കേണ്ട സന്ദര്‍ഭമാണിത്.

കടലമ്മയുടെ കനിവ് തേടി ആഴക്കടലിലേക്ക് യാത്ര തിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നും ദുരിതം നിറഞ്ഞതായിരുന്നു. ഒപ്പം അത്യത്ഭുതകരവും. കരകാണാ കടലില്‍ ഉരുണ്ടുകൂടുന്ന കാര്‍ മേഘങ്ങളും ആഞ്ഞുവീശുന്ന കാറ്റും ഒലിച്ചിറങ്ങുന്ന മണ്‍കൂനകളുമായിരുന്നു നേരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഭീഷണി സൃഷ്ടിച്ചിരുന്നത്. എന്നാല്‍ അതിനെക്കാളേറെ അപകടകാരികളായി ഭീമാകാരന്മാരായ കപ്പലുകളും അടുത്ത കാലത്തായി അവര്‍ക്ക് വില്ലനായി മാറിയിരിക്കുന്നു. നിത്യവൃത്തിക്കായി കടലമ്മയോട് പട പൊരുതി ജീവിതം കരക്കടുപ്പിക്കാന്‍ പാടുപെടുന്ന കടലിന്റെ മക്കളെ വെല്ലുവിളിച്ചോടുന്ന കൊലയാളി കപ്പലുകള്‍ വിതച്ച ദുരന്തങ്ങളെ ഒറ്റപ്പെട്ടതായി കണക്കാക്കി തള്ളാനാകില്ല. കഴിഞ്ഞ 13 മാസത്തിനിടെ കേരള തീരത്ത് ഒമ്പത് തവണയാണ് കപ്പലുകള്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം വരുത്തിയത്. എട്ട് വര്‍ഷത്തിനിടെ കപ്പലുകള്‍ 14 ജീവനുകളാണെടുത്തത്. ഈ സംഭവങ്ങളിലെല്ലാം അന്വേഷണം മുറപോലെ ആരംഭിച്ചിരുന്നുവെങ്കിലും ഒന്നിനും തുമ്പുണ്ടായിട്ടില്ല.

ഭരണകൂടവും നിയമങ്ങളുമെല്ലാം കപ്പലുകാര്‍ക്കൊപ്പമായതിനാല്‍ രക്ഷപ്പെടാന്‍ സാഹചര്യമേറുന്നതാണ് കപ്പല്‍ അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്. കടല്‍ നിയമത്തിലെ പഴുതുകളും കപ്പലുകാര്‍ക്ക് തുണയേകുന്നു. കടല്‍ നിയമത്തിലെ സങ്കീര്‍ണതകള്‍ ലഘൂകരിച്ചാല്‍ ഏറെക്കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ നിര്‍ദേശം അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ല. ഓരോ ദുരന്തം പിന്നിടുമ്പോഴും പകച്ചുനില്‍ക്കാന്‍ മാത്രം വിധിച്ചവരായി മാറിയിരിക്കുകയാണ് നിലവില്‍ മത്സ്യത്തൊഴിലാളികള്‍. അത്യാധുനിക സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തി അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ പോലും നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോവുകയാണ്.

ഒന്നര മാസത്തെ ട്രോളിംഗ് നിരോധത്തിന് ശേഷം തീരമേഖല പ്രതീക്ഷയുടെ പുലരിയിലേക്ക് കാലെടുത്ത് വെച്ചതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ കണ്ണീലാഴ്ത്തി മുനമ്പത്ത് നിന്ന് മറ്റൊരു ദുരന്ത വാര്‍ത്തയെത്തിയത്. കൊച്ചി മുനമ്പം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ ചരക്കുകപ്പലിടിച്ച് മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയുമായിരുന്നു. മുനമ്പത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെ ചേറ്റുവ പുറംകടലില്‍ പുലര്‍ച്ചെയായിരുന്നു അപകടം.

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പോലും പ്രതികളെ രക്ഷിക്കുന്ന സമീപനമായിരുന്നു ഭരണകൂടം സ്വീകരിച്ചതെന്നതിനാല്‍ ഇതിലും സമാനമായ നടപടിയില്‍ കവിഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ വെച്ചായിരുന്നു ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികര്‍ മത്സ്യബന്ധന ബോട്ടില്‍ സഞ്ചരിച്ചിരുന്ന തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കൊല്ലം സ്വദേശി വലന്റൈന്‍, തമിഴ്‌നാട് സ്വദേശി അജീഷ് പിങ്കു എന്നിവര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായി. അപകട ശേഷം നിര്‍ത്താതെ പോയ കപ്പല്‍, 2012 ഫെബ്രുവരി 17ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി കൊച്ചി തുറമുഖത്തെത്തിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചു. വെടിയുതിര്‍ത്ത ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഇന്ത്യ വിചാരണ ആരംഭിച്ചെങ്കിലും വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ആയതിനാല്‍ ഹംബര്‍ഗിലെ അന്താരാഷ്ട്ര കടല്‍ കോടതിയാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി പരാതി നല്‍കി. ഇതോടെ കേസിന്റെ ഗതി തന്നെ മാറി. അതിനിടെ, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര നേരിട്ട് കേരളത്തിലെത്തി ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാനും കപ്പല്‍ കൊണ്ടുപോകാനും ശ്രമിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് അകമഴിഞ്ഞ് സഹായം നല്‍കിയതോടെ കപ്പല്‍ അധികൃതര്‍ക്കെതിരായ കേസ് തന്നെ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കി. ഇപ്പോള്‍ പ്രതികള്‍ ഇറ്റലിയില്‍ സുഖമായി ജീവിക്കുന്നു. ഇതേ വര്‍ഷം മെയ് രണ്ടിന് എന്റിക്ക ലെക്‌സി കപ്പലിന് ഇന്ത്യ വിടാനുള്ള ഉത്തരവ് സുപ്രീം കോടതി വഴി ഇറ്റലി നേടിയെടുക്കുകയും ചെയ്തു. മൂന്നുകോടി രൂപ കോടതിയില്‍ കെട്ടിവെച്ചശേഷം മെയ് അഞ്ചിന് കപ്പല്‍ ഇന്ത്യന്‍ തീരത്തുനിന്നും യാത്രയായി. ഇതുസംബന്ധിച്ച കേസ് അന്താരാഷ്ട്ര കോടതിയില്‍ 2018 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ അന്താരാഷ്ട്ര കോടതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കനുകൂലമായി അഞ്ചും എതിരായി 16 പേരും നിലപാടെടുത്തതോടെ കേസ് ഏറെക്കുറെ അവസാനിച്ചതായി കരുതേണ്ടിയിരിക്കുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളെയും ആക്രമണത്തില്‍ തകര്‍ന്ന ബോട്ടിനെയും രാജ്യസ്വത്തായി കണക്കാക്കി ഇറ്റലിയുടെ ആക്രമണം ഇന്ത്യന്‍ പരമാധികാരത്തിനെതിരായ കടന്നുകയറ്റമായി പരിഗണിച്ച് കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ കേസ് നടത്തിപ്പ് ഇന്ത്യയില്‍ തന്നെ തുടരുകയും നീതി ലഭ്യമാവുകയും ചെയ്യുമായിരുന്നുവെന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

സമുദ്രങ്ങളിലൂടെയുള്ള കപ്പലോട്ടത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമായ നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കപ്പലുകള്‍ ഒരു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ആ രാജ്യത്തിന്റെ തീരസംരക്ഷണ സേനയെ വിവരം അറിയിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ഈ നിയമം തന്നെ മിക്കപ്പോഴും ലംഘിക്കപ്പെടുകയാണ്. തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ട് വിവരങ്ങള്‍ കപ്പലിന്റെ ക്യാപ്റ്റന് കൈമാറാന്‍ 24 മണിക്കൂറും നിരീക്ഷകരെ ഏര്‍പ്പെടുത്തണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. കപ്പല്‍ സഞ്ചരിക്കുന്ന പാതയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ എന്തുചെയ്യണമെന്നും ഈ നിയമത്തില്‍ വ്യക്തമാക്കുന്നു. ഒന്നുകില്‍ കപ്പല്‍ വഴിതിരിച്ചുവിടുകയോ അല്ലെങ്കില്‍ ഉടന്‍ നിര്‍ത്തുകയോ വേണം. അതിന് സാധ്യമല്ലെങ്കില്‍ വലിയ ശബ്ദത്തോടെയുള്ള അപായ സൈറണ്‍ (ഫോഗ് ഹോണ്‍) മുഴക്കണം. ഇതൊക്കെ ചെയ്തിട്ടും ബോട്ടോ മറ്റ് കപ്പലോ യാത്രക്ക് തടസ്സമായി നില്‍ക്കുകയാണെങ്കില്‍ ആകാശത്തേക്ക് വെടിവെച്ചും വെള്ളം ചീറ്റിയും അപായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. ഇ കടമ്പകളെല്ലാം കഴിഞ്ഞും അപകടം നടക്കുകയാണെങ്കില്‍ കപ്പല്‍ നിര്‍ത്തിയ ശേഷം മാരിടൈം റെസ്‌ക്യൂ കൊ ഓര്‍ഗനൈസേഷനെ വിവരം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും വേണം. റെസ്‌ക്യൂ ടീം എത്തിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും നിയമം പറയുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ പോലും ശ്രമിക്കാതെ കൊലയാളിക്കപ്പലുകള്‍ രക്ഷപ്പെടുന്നതാണ് കണ്ടുവരുന്നത്.

കടലപകടങ്ങളില്‍ ഏറെയും നടക്കുന്നത് രാത്രി കാലങ്ങളിലാണെന്നതും സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് വെളിവാക്കുന്നത്. മത്സ്യബന്ധന ബോട്ടുകളില്‍ കപ്പലുകള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടത്ര ക്രമീകരണങ്ങളില്ലെന്ന് മറൈന്‍ വിഭാഗം തന്നെ വെളിപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളുടെ പരിശീലനക്കുറവും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും അപകട കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും സുരക്ഷാ ക്രമീകരണങ്ങള്‍ നേരത്തേതിനെക്കാള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഉപഭോക്താക്കളാകേണ്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇതേക്കുറിച്ച് വേണ്ടത്ര അവബോധം ഇതുവരെ ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര കപ്പല്‍ ചാലുകളെ കുറിച്ചുള്ള വ്യക്തമായ രൂപരേഖയും അതുവഴി പോകുന്ന കപ്പലുകളെ വളരെ അകലെവെച്ച് തന്നെ കാണാന്‍ കഴിയുന്ന റഡാര്‍ സംവിധാനങ്ങളും മത്സ്യബന്ധന ബോട്ടുകളില്‍ നിര്‍ബന്ധമാക്കിയാല്‍ മാത്രമേ നിയമം ലംഘിച്ചോടുന്ന കൊലയാളിക്കപ്പലുകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സാധിക്കൂ. അപകടത്തില്‍പ്പെടാതെ കപ്പല്‍ച്ചാലുകള്‍ മുറിച്ച് കടക്കാനും കപ്പല്‍ച്ചാലുകളില്‍ വെച്ച് മീന്‍പിടിക്കാതിരിക്കാനുമുള്ള കര്‍ശന നിര്‍ദേശവും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്. കൂടെ, അപകടമുണ്ടായാല്‍ അതിവേഗം കപ്പലുകളെ കണ്ടെത്താനും അന്താരാഷ്ട്ര കടല്‍ നിയമ പ്രകാരം നടപടിയെടുക്കാനും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സജ്ജമാകണം. കപ്പലുകള്‍ മാരിടൈം നിയമങ്ങള്‍ ലംഘിച്ച് തീരക്കടലിലേക്ക് കയറിവരുന്നതായും പരാതിയുണ്ട്. ഇതു കണ്ടെത്തി നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും സംവിധാനങ്ങളൊരുക്കണം.

അന്താരാഷ്ട്ര കപ്പല്‍ ചാലുകളിലൂടെ ദിനംപ്രതി ആയിരത്തിലേറെ കപ്പലുകളാണ് കടന്നുപോകുന്നത്. കേരള തീരം വഴി 200 കപ്പലുകളും. തെക്ക് നിന്ന് വടക്കോട്ടാണ് ഇവയുടെ സഞ്ചാരം. കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കാറുള്ളത്. 2700 ബോട്ടുകള്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here