വിദേശസഹായം നിരസിക്കരുത്

Posted on: August 24, 2018 8:46 am | Last updated: August 23, 2018 at 9:47 pm
SHARE

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനരുദ്ധരിക്കുന്നതിന് പല വിദേശ രാഷ്ട്രങ്ങളും ഏജന്‍സികളും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്വീകരിക്കുന്നതില്‍ ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതിന് നയപരമായ ചില തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യ മികച്ചൊരു സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കെ, ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ഇതര രാഷ്ട്രങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും സ്വന്തം നിലക്ക് നടപ്പാക്കുകയെന്നതാണത്രെ രാജ്യത്തിന്റെ ഇപ്പോഴത്തെ നിലപാട്. 2004ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു സഹായവും സ്വീകരിച്ചിട്ടില്ല. 2004 ഡിസംബറില്‍ സുനാമി വന്‍നാശം വിതച്ചപ്പോഴും ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴുമെല്ലാം പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നിരാകരിക്കുകയായിരുന്നുവെന്ന് കേന്ദ്ര വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്നും റെഡ്‌ക്രോസ് തുടങ്ങിയ രാജ്യാന്തര ഏജന്‍സികളും വാഗ്ദാനം ചെയ്ത സഹായം കേന്ദ്രം നിരസിക്കുകയും ചെയ്തിട്ടുണ്ട്. വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നപക്ഷം ഇന്ത്യ സാമ്പത്തികമായി ക്ഷീണത്തിലാണെന്ന് തോന്നാനിടയാക്കുമെന്നാണ് ഒരു മുന്‍നയതന്ത്രജ്ഞന്‍ പറഞ്ഞത.് കേന്ദ്രം വഴി മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വിദേശസര്‍ക്കാറിന്റെ സഹായം കൈപ്പറ്റാവൂ എന്ന് ചട്ടമുള്ളതിനാല്‍ കേരളത്തിന് ഇത് കനത്ത തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളുടെ സഹായമില്ലാതെ കേരളത്തെ പുനരുദ്ധരിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലത് തന്നെ. അതിനുള്ള സാമ്പത്തിക സ്രോതസ്സ് ഏതാണ്? അതിഭീമമാണ് പ്രളയം കേരളത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങള്‍. കൃഷി, തൊഴില്‍, റോഡ് ശൃംഖല തുടങ്ങി വിവിധ മേഖലകളില്‍ വന്‍ ആഘാതമാണ് അതുണ്ടാക്കിയത്. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി ഡി പി) ഇത് ബാധിക്കുകയും ജി ഡി പി 7.6 ശതമാനത്തില്‍നിന്ന് 6.5 ശതമാനം വരെയായി കുഞ്ഞേക്കുമെന്നുമാണ് കെയര്‍ റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. പൊതുകടം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബജറ്റില്‍ പറഞ്ഞ 1.6 ലക്ഷം കോടിയെക്കാള്‍ കൂടുതല്‍ സംസ്ഥാനം വിപണിയില്‍നിന് കടമെടുക്കേണ്ടിവരും. നീക്കിവെച്ച പ്രളയനിവാരണ ഫണ്ട് കവിഞ്ഞുണ്ടാകുന്ന ഓരോ 1000 കോടി രൂപയും റവന്യൂക്കമ്മിയെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.12 ശതമാനം കണ്ട് പിന്നെയും വര്‍ധിപ്പിക്കുമെന്നും ഏജന്‍സി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 20,000 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാറിന്റെ പ്രാഥമിക വിലയിരുത്തല്‍.
കേരളത്തിന്റെ പുനരുദ്ധാരണത്തിനുള്ള സാമ്പത്തിക ശേഷി ഇന്ത്യക്കുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ സഹായം അനുവദിച്ചു കിട്ടാന്‍ പ്രയാസമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒമ്പത് മാസം മുമ്പ് കേരളത്തില്‍ ഓഖി ദുരന്തമുണ്ടായപ്പോഴും ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അന്ന് 7,340 കോടിയുടെ പുനരധിവാസ പദ്ധതിക്ക് കേരളത്തിന് മോദി സര്‍ക്കാര്‍ ആകെ അനുവദിച്ചത് 169 കോടിരൂപ മാത്രം. അതേസമയം കഴിഞ്ഞവര്‍ഷം ദുരിതമുണ്ടായ ബിഹാറിന് 1,712 കോടിയും ഗുജറാത്തിന് 1,055 കോടിയും ബംഗാളിന് 839 കോടിയും അനുവദിക്കുകയുണ്ടായി. ഇപ്പോഴത്തെ കാലവര്‍ഷ ദുരിതാശ്വാസത്തിലേക്ക് 8,000 കോടിയുടെ ഇടക്കാലാശ്വാസം ചോദിച്ചപ്പോള്‍ സംസ്ഥാനത്തിന് അനുവദിച്ചത് കേവലം 600 കോടി രൂപയാണ്.

കേരളത്തോട് കാണിക്കുന്ന ഈ ഇരട്ടത്താപ്പിന്റെ ഭാഗം തന്നെയാണോ വിദേശ സഹായം കേന്ദ്രം നിരസിക്കുന്നതും? 2014ല്‍ അന്നത്തെ യു പി എ സര്‍ക്കാറാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍, രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ വേണമെങ്കില്‍ സ്വീകരിക്കാമെന്ന് 2016ലെ ദുരന്തനിവാരണ നയത്തില്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകളുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണെന്നും മോദി സര്‍ക്കാര്‍ വരുത്തിയ ഈ ഇളവില്‍ പറയുന്നുണ്ട്. അതാതു കാലത്തെ പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് ഇതെല്ലാം. ഒരു രാജ്യത്ത് വന്‍ ദുരിതങ്ങളുണ്ടാകുമ്പോള്‍ മറ്റു രാഷ്ട്രങ്ങള്‍ സഹായത്തിനെത്തുന്നത് രാജ്യാന്തര സൗഹൃദങ്ങളുടെ ഭാഗമാണ്. അമേരിക്ക, ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ മുമ്പ് സഹായിച്ചിട്ടുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ തുടര്‍ന്ന് ഇന്ത്യയും വിദേശ ഫണ്ട് സ്വീകരിച്ചതാണ്. അന്നൊന്നും ആരും അഭിമാനക്ഷതം കണ്ടിട്ടില്ല. നിലവില്‍ ഇക്കാര്യത്തിലെന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടെങ്കില്‍ തന്നെ എ കെ ആന്റണി ചുണ്ടിക്കാട്ടിയതു പോലെ അത്തരം കീഴ്‌വഴക്കങ്ങളെ പൊളിച്ചെറിയുകയും നയങ്ങളെ തിരുത്തുകയുമാണ് വേണ്ടത്. യു എ ഇ വാഗ്ദാനം ചെയ്തസഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍വിള്ളല്‍ വീഴാന്‍ അത് ഇടയാക്കിയേക്കുമെന്നും ആന്റണി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യയുമായി ഉറ്റ സൗഹാര്‍ദത്തില്‍ കഴിയുന്ന രാജ്യമാണ് യു എ ഇ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അവരെ ആശ്രയിച്ചു കഴിയുന്നത്. മറ്റു സൗഹൃദ രാജ്യങ്ങളുടെ സാങ്കേതിക കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കുന്നത് കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ ഗുണകരവുമാകും. ഇക്കാര്യത്തില്‍ ഒരു വീണ്ടു വിചാരത്തിന് കേന്ദ്രം സന്നദ്ധമാകേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here