കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു; വിദേശ സഹായം സ്വീകരിക്കാം

Posted on: August 23, 2018 11:34 pm | Last updated: August 23, 2018 at 11:34 pm
SHARE

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് യു എ ഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങള്‍ പ്രഖ്യാപിച്ച പണം സ്വീകരിക്കാന്‍ വ്യവസ്ഥകളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയുന്നു. ദേശീയ ദുരന്ത നിവാരണ നയ പ്രകാരം വ്യവസ്ഥയില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദമാണ് പൊളിയുന്നത്.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന ധനസഹായം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര അനുമതിയോടെ സ്വീകരിക്കാമെന്നാണ് നയം വ്യക്തമാക്കുന്നത്. 2016ലെ ദേശീയ ദുരന്ത നിവാരണ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ വിദേശകാര്യ നയത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള പണം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. രാജ്യം സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യത്തിന് സ്വന്തമായി തന്നെ ശേഷിയുണ്ടെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 2004ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോയുള്ള സഹായം സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വിഷയത്തില്‍ കേരള സമൂഹം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ പണം സ്വീകരിക്കാന്‍ തയ്യാറായേക്കും.

കേന്ദ്ര നിലപാടിനെതിരെ മുന്‍ വിദേശകാര്യ സെക്രട്ടറിമാരും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിദേശസഹായം വേറിട്ട് കാണണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചു.

മന്‍മോഹന്‍ സിംഗിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരുവും ഇക്കാര്യം ശരിവെച്ചു. വിദേശ സഹായം സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മലയാളികളായ രണ്ട് വിദേശകാര്യ സെക്രട്ടറിമാര്‍ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കേരളത്തിലെ ദുരന്തം ലഘുവായി കാണരുത്. ഗള്‍ഫില്‍ നിന്നുള്ള സഹായവാഗ്ദാനം ക്രിയാത്മകമായി കൈകാര്യം ചെയ്യാനുള്ളതാണ്. ഗള്‍ഫിലുള്ള ഇന്ത്യക്കാരില്‍ എണ്‍പത് ശതമാനവും മലയാളികളാണെന്നും നിരുപമ റാവു പറഞ്ഞു.
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളാണ് കേരളത്തിലെ പ്രളയ ദുരിതത്തില്‍ സഹായധനം പ്രഖ്യാപിച്ചത്. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സഹായിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. യു എ ഇ എഴുനൂറ് കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്.