Connect with us

National

കുല്‍ദീപ് നയ്യാര്‍: ഇനി വരികള്‍ക്കപ്പുറം

Published

|

Last Updated

നിലപാടില്‍ മായം ചേര്‍ക്കാത്ത പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ ഓര്‍മയയായി. വരികള്‍ക്കിടയിലൂടെ പറയേണ്ട രാഷ്ട്രീയത്തെ കുറിച്ചും വരികളിലൂടെ തീര്‍ക്കേണ്ട വിചാര വിപ്ലവത്തെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാണ്. മനുഷ്യാവകാശത്തിന് വേണ്ടി അവസാന നിമിഷം വരെയും പേനകള്‍ ചലിപ്പിച്ച പോരാളി കൂടിയാണ് ഇന്നലെ അന്തരിച്ച കുല്‍ദീപ് നയ്യാര്‍.

96ാം പിറന്നാള്‍ ആഘോഷിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴാണ് “വരികള്‍ക്കപ്പുറ”ത്തിന്റെ രചയിതാവ് യാത്രയായത്.

രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നയ്യാറിന്റെ പേനകള്‍ക്ക് അവസാന നിമിഷം വരെയും വിശ്രമമുണ്ടായിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വരെ അദ്ദേഹം തന്റെ സ്ഥിരം കോളം എഴുതിയിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ഗുര്‍ബക്ഷ് സിംഗ്, പൂരന്‍ദേവി ദമ്പതികളുടെ മകനായി 1923 ആഗസ്റ്റ് 14നാണ് ജനിച്ചത്. ലാഹോറിലെ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദവും ലാഹോര്‍ നിയമ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയ അദ്ദേഹം അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടി.
പത്രാധിപര്‍, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, നയതന്ത്രജ്ഞന്‍, സമാധാന പ്രവര്‍ത്തകന്‍, രാജ്യസഭ എം പി, കോളമിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലയില്‍ തന്റെ സാന്നിധ്യം നിര്‍വഹിച്ച വ്യക്തിത്വം കൂടിയായിരുന്നു നയ്യാര്‍.

അടിയന്തരാവസ്ഥ കാലത്ത് കുനിഞ്ഞ് നടക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ ഇഴഞ്ഞു നടക്കുകയായിരുന്നുവെന്ന വസ്തുതക്ക് കുല്‍ദീപ് നയ്യാര്‍ എന്ന മനുഷ്യസ്‌നേഹി ഒരു അപവാദമായിരുന്നു. നിലപാടുകളില്‍ മായം ചേര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും സമാധാനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായ അദ്ദേഹം 1996ലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍പ്രതിനിധി സംഘത്തിലും ഉള്‍പ്പെട്ടു.

രാജ്യത്തിനകത്തും പുറത്തുമുള്ള 80 ഓളം പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. 14 ഭാഷകളില്‍ ഇത് പ്രസിദ്ധീകരിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ സമാധാന നീക്കങ്ങളില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. 2000 വരെ എല്ലാ സ്വാതന്ത്ര്യദിനത്തിലും വാഗയില്‍ മെഴുകുതിരികൊളുത്തുന്ന സമാധാനസംഘത്തെ നയ്യാര്‍ നയിച്ചിരുന്നു. ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും ജയിലുകളില്‍പെട്ട സാധാരണക്കാരെ മോചിപ്പിക്കുന്നതിനും നിര്‍ണായക ഇടപെടലുകള്‍ നടത്തി.

ബംഗ്ലാദേശിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച 1971ലെ പാക്കിസ്ഥാന്റെ പട്ടാള നടപടികളുമായി ബന്ധപ്പെട്ട് കുല്‍ദീപ് നയ്യാര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന് കരുത്ത് പകര്‍ന്നു. പ്രസിദ്ധി നേടിയ 15ഗ്രന്ഥങ്ങളുടെ രചയിതാവാണ് നയ്യാര്‍. കുല്‍ദീപിന്റെ രചനകള്‍ രാഷ്ട്രങ്ങളെയും അവയുടെ നിലപാടുകളെയും സ്വാധീനിച്ചിരുന്നു. ആത്മകഥയായ ബിയോണ്‍ഡ് ദി ലൈന്‍സ് 2012ല്‍ പ്രകാശിതമായി. ഇന്ത്യയുടെ പരിപക്വമായ മുഖമായി അദ്ദേഹവും അദ്ദേഹത്തിന്റെ നിലപാടും പല വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടു. പാക്കിസ്ഥാനുമായുള്ള ഇന്ത്യന്‍ സമാധാന ബന്ധത്തിന് നയ്യാറുടെ ഉപദേശങ്ങള്‍ വഴിവിളക്കായിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കാര്‍ക്കറെ വലതുപക്ഷ തീവ്രവാദികളാല്‍ വധിക്കപ്പെടുകയായിരുന്നുവെന്ന് പാക് ദിനപത്രമായ ദി ഡോണില്‍ അദ്ദേഹം എഴുതിയത് വലിയ വിവാദമായി. ഇന്ത്യാവിരുദ്ധ ഗൂഢാലോചനകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഐ എ സ ്‌ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന സയ്യിദ് ഗുലാം നബി ഫായിയുടെ ഒപ്പം പലവേദികളിലും പങ്കെടുത്തുവെന്നും വിമര്‍ശമുണ്ടായി. തീവ്രവലതുപക്ഷ വിഭാഗമായിരുന്നു നയ്യാറെ ഇത്തരം വിവാദത്തിന്റെ പേരില്‍ പിന്തുടര്‍ന്നത്.

---- facebook comment plugin here -----

Latest