Connect with us

National

സാമൂഹിക മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനും സാമൂഹിക മാധ്യമങ്ങള്‍ കാരണമാകുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി വിവര സാങ്കേതിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. ഐ ടി നിയമത്തിലെ 79ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നിയമഭേദഗതിയുടെ കരട് പൂര്‍ത്തിയായിട്ടുണ്ട്. സെപ്തംബറോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ നിയമം വരുന്നതോടെ സോഷ്യല്‍ മീഡിയ കമ്പനികള്‍, പരാതികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥനെ (ഗ്രീവന്‍സ് ഓഫീസര്‍) നിയമിക്കേണ്ടി വരും.
ഊഹാപോഹങ്ങളോ കുറ്റകരമായ സന്ദേശങ്ങളോ പ്രചരിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് പുതിയ നിയമം ഉറപ്പുവരുത്തും. വിവര സാങ്കേതിക നിയമത്തിലെ 79ാം വകുപ്പിനു കീഴില്‍ നേരത്തെ ഉള്‍പ്പെടുത്തിയ ഇടനിലക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇകണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയെ ഇന്റര്‍നെറ്റ് ഇടനിലക്കാരായാണ് കണക്കാക്കുന്നത്.

വാട്‌സ് ആപ്പ് സന്ദേശങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ നടപടി തേടി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വാട്‌സ് ആപ്പ് അധികാരികളെ സമീപിച്ചിരുന്നു. എന്നാല്‍, ഫലപ്രദമായ മറുപടി ലഭിച്ചിരുന്നില്ല.
ഉള്ളടക്കത്തെ കുറിച്ച് ജാഗ്രത പുലര്‍ത്താനും കുറ്റകരമായ ഉള്ളടക്കങ്ങള്‍ 36 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ഐ ടി ആക്ട് 79ാം വകുപ്പില്‍ പറയുന്നുണ്ടെങ്കിലും ഇത് പ്രായോഗികമാക്കാന്‍ സാധിക്കുന്നില്ല.

Latest