Connect with us

International

നിലക്കുന്നില്ല റോഹിംഗ്യന്‍ നിലവിളി

Published

|

Last Updated

ധാക്ക: രാജ്യത്ത് നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരികെയെത്തിക്കുമെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ബംഗ്ലാദേശിലേക്കുള്ള ഈ ന്യൂനപക്ഷ വിഭാഗത്തിന്റെ ഒഴുക്ക് അവസാനിക്കുന്നില്ല. രണ്ട് മാസം മുമ്പ് വരെ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ടവര്‍ക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള കഥകളാണ്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ്, മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് ഭര്‍ത്താവ് എങ്ങോ രക്ഷപ്പെട്ട ശേഷം രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം പാതി കത്തിയമര്‍ന്ന വീട്ടില്‍ കഴിച്ചുകൂട്ടിയ ഹാമിദ ബീഗം ബംഗ്ലാദേശില്‍ അഭയാര്‍ഥിയായി എത്തിയത് രണ്ട് മാസം മുമ്പ് മാത്രമാണ്. വടക്കന്‍ രാഖിനെയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അയ്യായിരത്തോളം റോഹിംഗ്യകള്‍ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് അവിടെ നിന്ന് പലായനം ചെയ്യുമ്പോള്‍, അവിടെ അവശേഷിച്ച നൂറോളം പേരില്‍ ഒരാളായിരുന്നു താനെന്നും ഹാമിദ ബീഗം പറയുന്നു.

ഇവിടെ രഹസ്യ അറ പോലെയുണ്ടാക്കിയാണ് ഹാമിദയും കുട്ടികളും കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ബംഗ്ലാദേശിലേക്ക് കടക്കാന്‍ കൈയില്‍ മതിയായ പണം ഇല്ലാത്തതിനാലാണ് അവര്‍ ജീവന്‍ പണയം വെച്ചും രാഖിനയില്‍ തുടര്‍ന്നത്. കുട്ടികള്‍ കരയുന്നത് പോലും അവരുടെ ജീവന് ഭീഷണിയായിരുന്നു. മ്യാന്മര്‍ സൈന്യത്തിന്റെ ശ്രദ്ധ പതിയാതിരിക്കാന്‍ രാത്രിയില്‍ മെഴുകുതിരി പോലും കത്തിച്ചുവെക്കാറില്ല. ഏത് നിമിഷവും സൈന്യം പിടികൂടുമെന്ന് ഭയന്നാണ് അവിടെ ഇത്രയും നാള്‍ കഴിഞ്ഞുകൂടിയെന്നതെന്നും ഹാമിദ പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടപ്പാലായനം ആരംഭിച്ചത്. ഇതിനകം ഏഴ് ലക്ഷത്തിലധികം പേരാണ് മ്യാന്മറില്‍ നിന്ന് പലായനം ചെയ്തിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. റോഹിംഗ്യകളെ തിരികെയെത്തിക്കുന്നതിന് യു എന്‍ ഉള്‍പ്പെടെ ലോക ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് ആങ് സാന്‍ സൂകിയുടെ നേതൃത്വ ത്തിലുള്ള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇപ്പോഴും സ്ഥിതിഗതികളില്‍ ഒട്ടും മാറ്റമില്ലെന്നാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ള വിവരം. ഈ മാസം മാത്രം ഇതുവരെ 150 ഓളം റോഹിംഗ്യകള്‍ ഇവിടെ എത്തിയത്. ഈ വര്‍ഷം ഇതുവരെ എത്തിയവരുടെ എണ്ണം 13,000 വരും. ഇപ്പോഴും രാഖിനെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണവും ഭീഷണിയും നിലനില്‍ക്കുന്നു എന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. കൃഷിസ്ഥലത്തോ മീന്‍ പിടിക്കാന്‍ കുളങ്ങളിലോ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലോ പോകാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്നും അഭയാര്‍ഥികള്‍ പറയുന്നു.