Connect with us

Gulf

അബുദാബിയില്‍ ഈദ്, ഓണം ആഘോഷങ്ങളില്ല; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പ്രവാസികള്‍

Published

|

Last Updated

അബുദാബി : കേരളത്തിലുണ്ടായ പ്രളയം കാരണം അബുദാബിയില്‍ ഈ വര്‍ഷം ഈദ്, ഓണം ആഘോഷങ്ങള്‍ വേണ്ടന്നു വെച്ചു . അബുദാബിയില്‍ എല്ലാവര്‍ഷവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളാണ് പ്രളയക്കെടുതി കാരണം വേണ്ടെന്ന് വെച്ചത്. അബുദാബി ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ എല്ലാ പെരുന്നാള്‍ ദിവസത്തിലും സംഘടിപ്പിക്കുന്ന ഈദ് മെഹ്ഫില്‍ ഈ വര്‍ഷം ഒഴിവാക്കി. പകരം ഇന്നലെ പ്രളയത്തിന്റെ ഭാഗമായി, അംഗങ്ങള്‍ തമ്മില്‍ ഈദ് സന്ദേശം കൈമാറുന്നതിനായി ഇസ്ലാമിക് സെന്റര്‍ ഹാളില്‍ കാരുണ്യ സംഗമമാണ് ഒരുക്കിയതെന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (ഐ ഐ സി) ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത് പറഞ്ഞു.

നൂറുകണക്കിന് ജീവനാണ് നഷ്ടപ്പെട്ടത്, ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് പകരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന സ്വന്തം നാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയതെന്ന് വിവിധ സംഘടന പ്രതിനിധികള്‍ അറിയിച്ചു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ഈദ് ആഘോഷവും സെപ്റ്റംബര്‍ ഏഴിന് നടത്താന്‍ തീരുമാനിച്ച ഓണ സദ്യയും ഉപേക്ഷിച്ചതായി ഐ എസ് സി പ്രസിഡന്റ് രമേശ് വി പണിക്കര്‍ അറിയിച്ചു.

ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ എസ് സി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫിലുള്ള എല്ലാ പ്രവാസി മലയാളികളേയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രളയം ബാധിച്ചിരിക്കുന്നു. അതുകൊണ്ട് കേരള സോഷ്യല്‍ സെന്ററും മലയാളി സമാജവും രണ്ടു പരിപാടികളും റദ്ദാക്കിയതായി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈദ്, ഓണം ആഘോഷങ്ങള്‍ മാത്രമല്ല, ഈ മാസം കെ എസ് സി യില്‍ നടക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും വേണ്ടെന്ന് വെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് കെ എസ് സി ജനറല്‍ സെക്രട്ടറി കെ വേണുഗോപാല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഒരു ആഘോഷത്തെ കുറിച്ചും ചിന്തിക്കാന്‍ കഴിയില്ലെന്ന് മലയാളി സമാജം പ്രസിഡന്റ്് ടി എ നാസര്‍ വ്യക്തമാക്കി.

Latest