Connect with us

Articles

ദേശീയ മാധ്യമങ്ങള്‍ കേള്‍ക്കുക, ഞങ്ങള്‍ അതിജയിക്കും

Published

|

Last Updated

ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. കേരളം പ്രളയത്താല്‍ മുങ്ങിത്താഴുന്ന പശ്ചാത്തലം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവത്തോട് ചോദിക്കുന്നു: ഇത് അങ്ങയുടെ സ്വന്തം രാജ്യമല്ലയോ?. ദൈവം മറുപടി പറയുന്നു: ഇത് നിങ്ങളുടെ കൂടി രാജ്യമാണ്. ഒപ്പം ഒരു പത്രവാര്‍ത്തയും: വനനശീകരണവും സംസ്ഥാനത്തെ ജനങ്ങളുടെ പ്രകൃതി ചൂഷണവും കാരണം കേരളത്തില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭം കേരളം നേരിടുമ്പോള്‍, ആ ദുരന്തത്തെ ഇങ്ങനെയും പരിഹസിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദേശീയരംഗത്ത് ശ്രദ്ധേയമായ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം. ഒരു പക്ഷേ, ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവഗണനയാണ് കേരളത്തിലെ പ്രളയദുരന്തത്തോട് ദേശീയ മാധ്യമങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. കേരളം നേരിടുന്ന ഭയാനകമായ സാഹചര്യം വേണ്ടവിധത്തില്‍ കവറേജ് ചെയ്യാന്‍ തയ്യാറാകാത്ത പത്രങ്ങളെയും വാര്‍ത്താചാനലുകളെയും വിമര്‍ശിച്ച് ശശി തരൂര്‍ എം പി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഇങ്ങനെ: “ദുരന്തം ബാധിച്ച കേരളത്തിന്റെ അവസ്ഥ ദയനീയമാണ്. ഇവിടുത്തെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ തോതനുസരിച്ചുള്ള റിപ്പോര്‍ട്ടുകളോ കവറേജുകളോ ദേശീയ മാധ്യമങ്ങളില്‍ കാണുന്നില്ല. ഇന്നത്തെ ഇന്ത്യയെ കണ്ണുതുറന്നു കാണാന്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് കഴിയുന്നില്ല എന്നത് വേദനാജനകമായ സത്യമാണ്.”
ദേശീയ മാധ്യമങ്ങള്‍ തുടരുന്ന അവഗണനയുടെ ആഴം മനസ്സിലാക്കാന്‍ രാജ്യത്തെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പത്രങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഉള്ളടക്കം പരിശോധിച്ചാല്‍ മതി. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന നിലയിലേക്ക് പ്രളയദുരിതം നഷ്ടം വിതച്ചത് നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും പാടിപ്പുകഴ്ത്തുന്ന റിപ്പബ്ലിക് ടിവി ചാനലിന് പ്രധാന വാര്‍ത്തയേയല്ല. അര്‍നബ് ഗോസ്വാമി എന്ന ജോണലിസ്റ്റിന്റെ ഈ ചാനലിനെ തുടക്കത്തില്‍ തന്നെ പരാമര്‍ശിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. കേരളത്തില്‍ നിന്ന് ഐ എസ്സിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍, ലൈവ് കവറേജിനായി റിപ്പബ്ലിക് ചാനലില്‍ നിന്ന് കാസര്‍കോടെത്തിയത് നാല് ജേര്‍ണലിസ്റ്റുകളായിരുന്നു. ഒപ്പം സാങ്കേതിക വിദഗ്ധരുള്‍പ്പെടെ ഒ ബി വാനും. പിണറായി സര്‍ക്കാറിന്റെ ഭരണപരാജയം ഒപ്പിയെടുക്കാന്‍ അവര്‍ ആഴ്ചകളോളം ഇവിടെ തങ്ങി. അതേ ചാനല്‍, കേരളം വെള്ളത്തില്‍ മുങ്ങിത്താന്നപ്പോള്‍ കൃത്യമായ മൗനം പാലിച്ചു. പ്രൈം ടൈമില്‍ വാര്‍ത്ത വന്നില്ല. അതേസമയം, വിടപറഞ്ഞ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ മരണാനന്തര ചടങ്ങുകളും ചര്‍ച്ചകളും കവര്‍ ചെയ്യാന്‍ മരണദിവസവും പിറ്റേന്നും മുഴുസമയവും മാറ്റിവെക്കാനും മറ്റുള്ള ബ്രോഡ്കാസ്റ്റുകള്‍ ഒഴിവാക്കാനും അര്‍നബ് ഗോസ്വാമിയുടെ ചാനലിന് സാധിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ മാത്രമാണ് റിപ്പബ്ലിക്കിന് കേരള ജനതയനുഭവിക്കുന്ന ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ തോന്നിയത്. അപ്പോഴും കവറേജ് കൊടുത്തത് കേരളത്തെ സഹായിക്കുന്ന നരേന്ദ്ര മോദിക്ക് മാത്രം. പ്രളയവും ദുരിതവും നേരില്‍ പകര്‍ത്താനോ എയര്‍ ചെയ്യാനോ റിപ്പബ്ലിക് ചാനലിന്റെ ക്യാമറകള്‍ കണ്ണുതുറന്നില്ല. പകരം, സര്‍വം രക്ഷകനാകുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍. ആഗസ്റ്റ് പതിനഞ്ചാം തിയ്യതി പ്രളയദുരിതത്തില്‍ കേരളം പ്രയാസപ്പെടുമ്പോഴും, അര്‍നബ് കവര്‍ ചെയ്തത് 2019-ലെ ലോക്‌സഭാ ഇലക്ഷന്‍ പിടിക്കാനുള്ള ബി ജെ പി നീക്കങ്ങളും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണവും മാത്രം.

പ്രളയം തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും ടൈംസ് ഗ്രൂപ്പിന്റെ തന്നെ ടൈംസ് നൗ ചാനലിന് കവറേജ് ആരംഭിക്കാന്‍ ബോളിവുഡിലെ നടീനടന്മാര്‍ “ഞങ്ങള്‍ കേരളത്തിനൊപ്പം” എന്ന് ട്വീറ്റ് ചെയ്യേണ്ടി വന്നു. സീ ന്യൂസ് പ്രളയദുരിതം വാര്‍ത്തയാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ കേരളത്തെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മാത്രം. ഇന്ത്യാ ടുഡേ ടിവി, എ ബി പി ന്യൂസ്, ന്യൂസ് വേള്‍ഡ് ഇന്ത്യ ചാനലുകളിലും കേരളത്തെക്കുറിച്ച് തണുത്ത പ്രതികരണമാണ് കണ്ടത്. ദൈനിക് ഭാസ്‌കര്‍, ജാഗരണ്‍, അമര്‍ ഉജാല, നവ്ഭാരത് ടൈംസ്, നയി ദുനിയ ഉള്‍പ്പെടെ ഒട്ടുമിക്ക ഹിന്ദി പത്രങ്ങളിലും അതീവ ഗുരുതര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിലെ പ്രളയക്കെടുതികള്‍ പ്രാദേശിക വാര്‍ത്ത മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വെള്ളം കയറിയപ്പോള്‍ ഇരുപത്തിനാല് മണിക്കൂറും ലൈവ് കവറേജ് നല്‍കിയ പത്രങ്ങളും ചാനലുകളും തന്നെയാണ് കുറ്റകരമായ ഈ അവഗണന തുടരുന്നത്. കേന്ദ്രം ഇടപെടാന്‍ വൈകിയതും അനുവദിച്ച തുകയുടെ അപര്യാപ്തതയും ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട മാധ്യമങ്ങളാണ് കേരളം ഒറ്റക്കെട്ടായി നേരിടുന്ന ഈ ആപത്ഘട്ടത്തെ അവഗണിക്കുന്നതും പരിഹസിക്കുന്നതും. കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്ന യു എ ഇ, ഖത്വര്‍ ഭരണാധികാരികളുടെ കാര്യക്ഷമമായ ഇടപെടല്‍ ആഗോള മാധ്യമശ്രദ്ധ നേടിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അഞ്ച് മില്യന്‍ ഡോളറാണ് കേരളത്തിന് വേണ്ടി ഖത്വര്‍ മാത്രം പ്രഖ്യാപിച്ചത്. യു എ ഇയുടെ വികസനത്തിലും വിജയത്തിലും കേരളത്തിന് വ്യക്തമായ പങ്കുണ്ടെന്നും അതിനാല്‍ ഈ ദുരന്തസമയത്ത് ഞങ്ങള്‍ കേരളത്തോടൊപ്പം ചേരുകയാണെന്നും സാമ്പത്തിക സഹായം നല്‍കാനായി ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നീട് 700 കോടി രൂപയാണ് അവര്‍ സഹായം പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒരു പെണ്‍കുട്ടി കണ്ണിറുക്കി കാണിച്ചപ്പോള്‍ ആവേശത്തോടെ കവറേജ് നല്‍കി വൈറലാക്കിയ ദേശീയ മാധ്യമങ്ങള്‍ക്ക് കേരളത്തിന്റെ ദുരിതമുഖം വാര്‍ത്തയാക്കാന്‍ കഴിയുന്നില്ല എന്നതും സംശയം ജനിപ്പിക്കുന്നു.

അതേസമയം, ദേശീയ മാധ്യമ റിപ്പോര്‍ട്ടുകളുടെ ബഹളങ്ങളില്ലെങ്കിലും ഞങ്ങള്‍ അതിജീവിക്കും എന്ന കേരളത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ദുരന്തമുഖത്തെ കേരളജനതയുടെ ഐക്യവും സഹകരണവും അതിശയിപ്പിക്കുന്നതാണ്. മഴ ശമിച്ചെങ്കിലും വിവിധ ജില്ലകള്‍ ഇപ്പോഴും ദുരിതക്കയത്തിലാണ്. ഇതിനിടയിലും ഒരു മാധ്യമത്തിലും മുഖം കാണിക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ശ്രമങ്ങള്‍ക്കുമായി അവിശ്രാന്തം പരിശ്രമിക്കുന്ന ആളുകളാണ് യഥാര്‍ഥ ഹീറോകള്‍. അവരുടെ മനോവീര്യമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നത്. ഊണും ഉറക്കവുമില്ലാതെ ദുരന്തനിവാരണത്തിനായി ഒറ്റക്കെട്ടായി പോരാടുന്ന ആയിരക്കണക്കിന് ആളുകള്‍ അത്ഭുതകരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഈ മുന്നേറ്റം പക്ഷേ, ന്യൂയോര്‍ക്ക് ടൈംസ് വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രാഷ്ട്രീയ, മത, ജാതി, അധികാര വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ പൊരുതുകയാണെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ വസ്തുക്കള്‍ കൃത്യമായി എത്തിക്കുന്നതില്‍ കേരളം വിജയിക്കുന്നുവെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ച്ചയായും ഞങ്ങള്‍ തിരിച്ചു വരും എന്നത് ഒരു ജനതയുടെ വിശ്വാസമാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രളയം ബാധിച്ച പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും എത്തുന്ന അണമുറയാത്ത സഹായങ്ങള്‍ ആ വിശ്വാസത്തിന്റെ തെളിവാണ്. ഇതേ വികാരം തന്നെയാണ് അല്‍-ജസീറയുടെയും ബി ബി സിയുടെയും റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നത്. ദി ഇന്റിപെന്റന്‍ഡ്, ദി ഗാര്‍ഡിയന്‍, റോയിട്ടേഴ്‌സ്, വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള അന്തര്‍ ദേശീയ മാധ്യമങ്ങളും വിശദമായ കവറേജാണ് പ്രളയബാധിത കേരളത്തിന് നല്‍കിയത്.
ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ ദുരന്തം ഏറ്റവും നന്നായി കവര്‍ ചെയ്ത എന്‍ ഡി ടി വി പ്രശംസ അര്‍ഹിക്കുന്നു. ചാനലിന്റെ റിപ്പോര്‍ട്ടര്‍ മായ ശര്‍മ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഒപ്പം, സ്‌ക്രോള്‍ ഡോട്ട് ഇന്‍, ദി വയര്‍, ക്വിന്റ്, ദി ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും സജീവമായി ഈ ദുരന്തം ദേശീയ, ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. മലയാള മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമാണ് ഏറ്റവും നന്നായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. ദുരന്തമുഖത്ത് പോരാടുന്ന കേരളജനതക്ക് ഈ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയും സഹായവും വളരെ വലുതാണ്.

കേന്ദ്രത്തിന്റെ ഇടപെടല്‍ വൈകിയതിലും ആവശ്യമായ സഹായങ്ങള്‍ എത്താതെ പോയതിലും ദേശീയ മാധ്യമങ്ങളുടെ അനാസ്ഥക്ക് വലിയ പങ്കുണ്ട്. കൃത്യമായ റിപ്പോര്‍ട്ടിംഗും ആവശ്യമായ കവറേജും നല്‍കിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുമായിരുന്നു. സംഘ്പരിവാര്‍ രാഷ്ട്രീയം കളിക്കുകയും അനാവശ്യമായി കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തുശീലിച്ച ദേശീയ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇവിടെ ഒരു ജനത എങ്ങനെയാണ് കൈകോര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതെന്ന് അറിയില്ലല്ലോ. അതുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ കേള്‍ക്കുക, ഞങ്ങള്‍ തീര്‍ച്ചയായും അതിജയിക്കും.

---- facebook comment plugin here -----

Latest