വേദനിക്കുന്നവര്‍ക്ക് തണലാകണം ഈ പെരുന്നാള്‍

നബി(സ) തങ്ങളുടെ പ്രധാന വിശേഷണമായി ഒരു പ്രയോഗമുണ്ട് ഇസ്‌ലാമില്‍. 'തഹ്മിലുല്‍ കല്ല' അഥവാ, പാവങ്ങളുടെയും കഷ്ടതയുടെ നെരിപ്പോടില്‍ ജീവിക്കുന്നവരുടെയും പ്രയാസങ്ങള്‍ അകറ്റുക എന്നത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായിരുന്നു. ആ മാതൃക ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ സവിശേഷമായി ഉണ്ടാകണം. ദുരിതക്കയത്തില്‍ ജീവിക്കുന്നവര്‍ക്ക് തണലാവാന്‍ നമുക്ക് സാധിക്കണം. പെരുന്നാള്‍ വാസ്തവത്തില്‍ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും ഒക്കെയുള്ളതാണ്. ആ അര്‍ഥത്തില്‍, ഇത്തവണ ബാധ്യതകള്‍ വളരെയേറെയാണ് കേരളത്തിലെ ഓരോ വിശ്വാസിക്കും.
Posted on: August 22, 2018 10:45 am | Last updated: August 22, 2018 at 10:45 am
SHARE

ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ മുന്‍ പെരുന്നാള്‍ പോലെ വലിയ ആഘോഷത്തോടെ ആചരിക്കാനുള്ളതല്ല നാം മലയാളികള്‍ക്ക്. വലിയ സങ്കടങ്ങളുടെയും വേദനകളുടെയും മധ്യേ നിന്നാണ് നമ്മുടെ ഈ പെരുന്നാള്‍. കേരളത്തിലെ അനേകായിരം സഹോദരങ്ങള്‍ വീടുകള്‍ക്ക് പുറത്താണ് ഇപ്പോഴും. അസാധാരണമായ പ്രളയം എല്ലാ ഭാവി പദ്ധതികളെയും തകിടം മറിച്ചിരിക്കുന്നു. അല്ലാഹുവിനെ സ്തുതിക്കാം നമുക്ക്, ദിവസങ്ങള്‍ നീണ്ട മഴയും പ്രളയവും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. പതിയേ, ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൊണ്ടുവരണം, ഈ ദുരന്തത്തിന്റെ കെടുതികള്‍ നേരിട്ടവരെ.

പെരുന്നാള്‍ വാസ്തവത്തില്‍ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും ഒക്കെയുള്ളതാണ്. രണ്ട് പെരുന്നാളിനുമുണ്ട് പാവങ്ങളെ പരിഗണിക്കുന്ന രണ്ട് പ്രധാന കര്‍മങ്ങള്‍. ചെറിയ പെരുന്നാളിന് ഫിത്വര്‍ സകാത്തും, ബലിപെരുന്നാളിന് ഉളുഹിയ്യതും ആണത്. പെരുന്നാളിന്റെ ആന്ദനം അനുഭവിക്കുമ്പോള്‍ തന്നെ നമ്മുടെ ദൃഷ്ടി ചുറ്റുമുള്ളവരിലേക്കു പതിയണം എന്ന കൃത്യമായ ലക്ഷ്യമുണ്ട് ഈ കര്‍മങ്ങള്‍ക്ക്. കേവലം, വൈയക്തികമായ സ്വകാര്യ ഇടങ്ങളിലേക്കു പരിമിതപ്പെടുകയും നമ്മുടെ മാത്രം ആനന്ദത്തില്‍ മതിമറന്നു ജീവിക്കുകയും ചെയ്യുന്നവരാകരുത് മനുഷ്യര്‍. ചുറ്റുമുള്ള സകലരുടെയും നന്മയിലൂന്നിയ ആനന്ദമാകണം നമ്മുടെ താത്പര്യം. ആ അര്‍ഥത്തില്‍, ഇത്തവണ ബാധ്യതകള്‍ വളരെയേറെയാണ് കേരളത്തിലെ ഓരോ വിശ്വാസിക്കും. പത്ത് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കിയ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലാത്ത എത്രയോ ആയിരങ്ങള്‍ ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമായി അഭയം തേടിയിട്ടുള്ള മഹാ പ്രളയമാണ് ഉണ്ടായിട്ടുള്ളത്. പല വിതാനത്തില്‍ ജീവിക്കുന്ന മനുഷ്യരെല്ലാം ഒരു ദിനം കൊണ്ട് ഒരേ പോലെയായി. ഇങ്ങനെയുള്ള ഓരോരുത്തരും നമ്മുടെ നാട്ടുകാരാണ്, സഹോദരന്മാരാണ്. അവരെയൊക്കെ പ്രതീക്ഷാ നിര്‍ഭരമായ, പഴയ പോലെ സജീവമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള യത്‌നങ്ങള്‍ക്ക് ആവേശത്തോടെ ഇറങ്ങേണ്ട സമയമാകണം നമ്മുടെ ഈ പെരുന്നാള്‍.
എങ്ങനെയാണ് നമുക്ക് നമ്മുടെ സഹോദരന്മാരുടെ ജീവിതത്തെ നവോന്മേഷത്തിലേക്കു കൊണ്ടുവരാന്‍ കഴിയുക? എത്രയോ പാഠങ്ങള്‍ ഉണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍. നബി(സ)യുടെ ഒരു പെരുന്നാള്‍ ദിനം. സന്തോഷവാനായി നടക്കുമ്പോള്‍ കാണുന്നു, വഴിയരികില്‍ വിഷാദചിത്തനായ, മുഖം വാടിയ ഒരു കുട്ടിയെ. സമീപത്തെ, പുത്തനുടുപ്പ് അണിഞ്ഞ് കളിക്കുന്ന കുട്ടികളുടെ ആഹ്ലാദം അവനിലില്ല. റസൂലിന്റെ ശ്രദ്ധ അവനില്‍ പതിഞ്ഞു. അരികത്തേക്ക് ചെന്നു. ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു. മുഖം വാടിയതിന്റെ കാരണം അന്വേഷിച്ചു. മനസ്സിലായി; അനാഥനാണ് അവനെന്ന്. ആരും സംരക്ഷിക്കാനില്ലാതെ നിസ്സഹായതയിലാണെന്ന്. ആ കുട്ടിയുടെ കൈപിടിച്ച് നബി നേരെ പോയത് വീട്ടിലേക്കാണ്. അവനെ കുളിപ്പിച്ചു. പുതിയ വസ്ത്രങ്ങള്‍ അണിയിപ്പിച്ചു. രുചികരമായ ഭക്ഷണം നല്‍കി. പത്‌നി ആഇശ ബീവിയെ അടുത്തുവിളിച്ചു, അവന്റെ സംരക്ഷണമേല്‍പ്പിച്ചു. ഇങ്ങനെയുള്ള മഹിതമായ മാതൃകകളുണ്ട് നമുക്ക്. സഹോദരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന റസൂലിന്റെ വാക്കുകള്‍ എത്രമാത്രം വ്യാപ്തിയുള്ളതാണ്.
അതിനാല്‍, പെരുന്നാളിന്റെ ആഘോഷപ്പൊലിമയിലല്ല നമ്മുടെ ശ്രദ്ധ ഇത്തവണ ഉണ്ടാകേണ്ടത്. മറിച്ചു, പെരുന്നാളോ മറ്റു ആഘോഷങ്ങളോ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത, ജാതിമത ഭിന്നതകള്‍ക്കപ്പുറത്തുള്ള നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കുന്നതിലാകണം. പെരുന്നാള്‍ വിനോദങ്ങള്‍ക്കായി നീക്കി വെച്ച എല്ലാ പണവും അവര്‍ക്കായി നല്‍കണം. വീട്ടില്‍ എല്ലാ തരം സൗഖ്യങ്ങളുടെയും നടുവില്‍ ജീവിച്ചവര്‍, വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒന്നും എടുക്കാന്‍ കഴിയാതെ ജീവനും കൊണ്ട് ഓടിവന്നതാണ്. ഇപ്പോള്‍ വെള്ളം ഇറങ്ങിയപ്പോള്‍ അവയെല്ലാം നാശമായിട്ടുണ്ടാകും. പലര്‍ക്കും, വീടെന്ന ആവാസ കേന്ദ്രം പോലും അടിയോടെ പൂര്‍ണമായും ഇല്ലതായിരിക്കുന്നു. ചിലരുടേത് ഭാഗികമായി നശിച്ചിരിക്കുന്നു. അവരെയെല്ലാം, പുനരധിവാസം നടത്താനുള്ള ശ്രമങ്ങളില്‍ ആവുംവിധം നാം പങ്കാളികളാകണം.
നബി(സ) തങ്ങളുടെ പ്രധാന വിശേഷണമായി പറയാറുള്ള സത്താപരമായ ഒരു പ്രയോഗമുണ്ട് ഇസ്‌ലാമില്‍. ‘തഹ്മിലുല്‍ കല്ല’ അഥവാ, പാവങ്ങളുടെയും കഷ്ടതയുടെ നെരിപ്പോടില്‍ ജീവിക്കുന്നവരുടെയും പ്രയാസങ്ങള്‍ അകറ്റുക എന്നത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായിരുന്നു. ആ മാതൃക ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ സവിശേഷമായി ഉണ്ടാകണം. ദുരിതക്കയത്തില്‍ ജീവിക്കുന്നവര്‍ക്ക് തണലാവാന്‍ നമുക്ക് സാധിക്കണം.
വീടുകളും സ്വന്തക്കാരെയും നഷ്ടപ്പെട്ട പ്രിയ സഹോദരന്മാര്‍ ഹതാശരാകരുത്. വിശ്വാസികളുടെ മനസ്സില്‍ ഉണ്ടാകേണ്ട വികാരം, ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് എന്നാണ്. ഈ ലോകത്തിലെ ബുദ്ധിമുട്ടുകളില്‍ സഹിക്കുന്നവര്‍ക്ക് ഉന്നതമായ സ്ഥാനം പരലോകത്ത് അല്ലാഹു നല്‍കും.

ഹജ്ജിന്റെ കര്‍മങ്ങളിലാണ് ഞങ്ങള്‍. ലോകത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ സംഗമിച്ചിരിക്കുന്നു ഇവിടെ. ലോകം മുഴുവന്‍ അറിഞ്ഞിട്ടുണ്ട്, കേരളത്തില്‍ ഉണ്ടായ ഈ ദുരിതം. അതിനാല്‍ തന്നെ, വിവിധ ദേശക്കാരുടെ പ്രാര്‍ഥനകളിലുണ്ട് നാമെല്ലാവരും. ഹജ്ജ് ഓര്‍മിപ്പിക്കുന്നതും ത്യാഗത്തിന്റെ മഹത്വത്തെയാണ്. ഇബ്‌റാഹീം നബിയും, ഇസ്മാഈല്‍ നബിയും ഹാജറ ബീവിയും അനുഭവിച്ച ത്യാഗത്തെ, വിട്ടുവീഴ്ചയില്ലാത്ത ഇലാഹീ ഭക്തിയെ ആദരിച്ചുകൊണ്ടും ലോകാവസാനം വരെ ഓര്‍മിപ്പിച്ചും കൊണ്ടാണല്ലോ ഹജ്ജ് സജീവമായി നിലനില്‍ക്കുന്നത്.
സമസ്ത കേരള സുന്നി യുവജന സംഘവും മര്‍കസും എല്ലാം സമഗ്രമായ പദ്ധതികളിലൂടെ നമ്മുടെ സഹോദരന്മാരുടെ കണ്ണീരൊപ്പാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ അതിനെല്ലാം വലിയതോതില്‍ സഹായങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം.