സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി സര്‍വകക്ഷി യോഗം

Posted on: August 22, 2018 9:32 am | Last updated: August 22, 2018 at 9:32 am
SHARE

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി സര്‍വകക്ഷിയോഗം. പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് സര്‍ക്കാറിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി. കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പരിശീലനം നല്‍കി ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വോളണ്ടിയര്‍മാരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തീരദേശ പോലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കും. ക്യാമ്പുകളില്‍ സഹായങ്ങള്‍ നേരിട്ടു നല്‍കുന്നതിന് പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു. ക്യാമ്പുകളില്‍ ജനങ്ങള്‍ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്ന് പ്രവര്‍ത്തനം ഒഴിവാക്കണം.

ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാമ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളില്‍ വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടാകും.
ക്യാമ്പുകളില്‍ ആളുകളെ കാണാനെത്തുന്നത് പുറത്തുവെച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാമ്പിലെത്തുന്നത് ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ദേശം നല്‍കണം. ജനങ്ങള്‍ ഒഴിഞ്ഞു പോയ വീടുകളില്‍ കവര്‍ച്ചാശ്രമമുണ്ടാകുന്നത് തടയാന്‍ പട്രോളിംഗ് ശക്തമാക്കും.
ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ അവരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമാണവര്‍ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകള്‍ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കോടിയേരി ബാലകൃഷ്ണന്‍ (സി പി എം), എം എം ഹസന്‍ (കോണ്‍ഗ്രസ്), കാനം രാജേന്ദ്രന്‍, പ്രകാശ് ബാബു (സി പി ഐ), പി എസ് ശ്രീധരന്‍ പിള്ള (ബി ജെ പി), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍ എസ് പി), കെ എം മാണി(കേരള കോണ്‍ഗ്രസ് എം), വി കെ ഇബ്രാഹിംകുഞ്ഞ് (മുസ്‌ലിംലീഗ്), കെ കൃഷ്ണന്‍കുട്ടി (ജെ ഡി എസ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), പി സി ജോര്‍ജ്, കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍ എസ് പി എല്‍), ആര്‍ ബാലകൃഷ്ണപിള്ള (കേരള കോണ്‍ഗ്രസ് ബി), ഷേക്ക് പി ഹാരിസ് (എല്‍ ജെ ഡി), അഡ്വ. ജി സുഗുണന്‍ (സി എം പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കേരള കോണ്‍ഗ്രസ് എസ്), അഡ്വ. കാര്‍ത്തികേയന്‍ (എന്‍ സി പി), തമ്പാനൂര്‍ മോഹനന്‍ (നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ്) പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here