പ്രളയം: യുഎഇ സര്‍ക്കാര്‍ കേരളത്തിനായി 700 കോടി രൂപ നല്‍കും

Posted on: August 21, 2018 11:46 am | Last updated: August 22, 2018 at 10:03 am

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ബ്യഹത് പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയത്താല്‍ തകര്‍ന്ന കേരളത്തെ പുനസ്യഷ്ടിക്കേണ്ടതുണ്ട്. കമ്പോളത്തില്‍നിന്നും വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ആഭ്യന്തര ഉദ്പാതനത്തിന്റെ മൂന്ന് ശതമാനമാണ് വായ്പ പരിധി . ഇത് നാലര ശതമാനമായി ഉയര്‍ത്താനാണ് ആവശ്യപ്പെടുക. ഇതിലൂടെ 13500 കോടി രൂപ സമാഹരിക്കാനാകും.

കേന്ദ്ര ആവിഷ്‌ക്യത പദ്ധതികള്‍ക്ക് പ്രത്യേക പേക്കേജ് വേണം. നബാര്‍ഡിനോട് പ്രത്യേക സഹായം ആവശ്യപ്പെടും. ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. പ്രളയ ബാധിത മേഖലകളിലെ വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വിഷമകരമാണ്. ദുരിതാശ്വാസ ക്യാമ്പിലെത്തി പോലും വായ്പ കുടിശിക ചോദിക്കാന്‍ ഇത്തരം ചില സ്ഥാപനങ്ങള്‍ തയ്യാറായി. ഇതില്‍നിന്നും ഇവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാനായി യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയെ യുഎഇ സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ മേധാവി എംഎ യൂസുഫലിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.