ഹജ്ജിന്റെ ദര്‍ശനങ്ങള്‍

Posted on: August 21, 2018 11:14 am | Last updated: August 21, 2018 at 11:14 am
SHARE

ഇസ്‌ലാമിലെ ആരാധനകളില്‍ പ്രധാനമായ ഹജ്ജ് ഏകത്വ ബോധത്തിലേക്കാണ് നമ്മെ നയിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ പ്രവാചകര്‍ഇബ്‌റാാഹിം (അ) നടത്തിയ ഒരു ക്ഷണത്തിന്റെ മറുപടിയെന്നോണമാണ് ഇന്നും ജനലക്ഷങ്ങള്‍ ആ വിശുദ്ധ കര്‍മത്തിനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഹസ്രത്ത് ഇബ്‌റാാഹിം (അ) മുസ്‌ലിംകള്‍ മാത്രം ആദരിക്കുന്ന പ്രവാചകനല്ല, മറിച്ച് സെമിറ്റിക് മതങ്ങളൊന്നാകെയും അതിനപ്പുറത്തുമുള്ള വിവിധങ്ങളായ മതങ്ങളും ചിന്താധാരകളും അവിടുത്തെ ആദരവോടെയാണ് കാണുന്നത്. അങ്ങനെയിരിക്കെ ഹജ്ജിലേക്ക് ക്ഷണിക്കുന്ന വ്യക്തിയില്‍ നിന്ന് തുടങ്ങണം ആ കര്‍മത്തിലടങ്ങിയ ഏകത്വബോധങ്ങളിലേക്കുള്ള അന്വേഷണം. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു പ്രവാചകനെത്തന്നെ അന്ത്യനാള്‍ വരെയും തന്റെ ഗേഹത്തിലേക്ക് വരുന്നവരെ ക്ഷണിക്കാന്‍ സൃഷ്ടാവ് നിയോഗിച്ചതിന്റെ സാംഗത്യവുമതാണ്. നാഥന്റെ കല്‍പ്പന പ്രകാരം ഇബ്‌റാഹിം നബി(അ) വിളിക്കുന്നു. ആ വിളിക്കുത്തരം നല്‍കി ലോകാവസാനം വരെ മനുഷ്യര്‍ ഒരുമിച്ച്, കൂട്ടംകൂട്ടമായി വന്ന് ഓരോ വര്‍ഷവും ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങുന്നു.

സ്രഷ്ടാവ് ഹജ്ജിനായി ഒരുമിച്ച് കൂടാന്‍ പറഞ്ഞ സ്ഥലത്തിനുമുണ്ട് ഇങ്ങനെ ഒരുപാട് പ്രത്യേകതകള്‍. ഹജ്ജിന്റെ നിര്‍ബന്ധത സൂചിപ്പിക്കുന്നിടത്ത് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിങ്ങനെയാണ്. ”നിശ്ചയം ജനങ്ങള്‍ക്കായി പണി കഴിക്കപ്പെട്ട ആദ്യ ഗേഹം ‘ബക്ക’യിലാകുന്നു. അതാകട്ടെ പുണ്യ പൂരിതവും സകലര്‍ക്കും മാര്‍ഗദര്‍ശനമേകുന്നതുമാണ്. അവിടം ‘മഖാമു ഇബ്‌റാഹിം’ അടക്കമുള്ള ദൃഷ്ടാന്തങ്ങളാല്‍ സമ്പന്നവുമാണ്. ആരതില്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായി, വഴിയാല്‍ ആ ഗേഹത്തിലെത്തി ഹജ്ജ് ചെയ്യല്‍ പ്രായോഗികമായവന് അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്യല്‍ ബാധ്യതയുമാണ്.”

ഇവിടെ ഹജ്ജ് നിര്‍ബന്ധമാണെന്ന് സൂചിപ്പിക്കുന്നതിന് മുമ്പ് തന്നെ ആ സ്ഥലത്തെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച് വിശുദ്ധ ഗ്രന്ഥം വാചാലമാവുന്നുണ്ട്. ‘ബക്ക’ എന്ന മക്കയുടെ പുരാതനനാമമാണിവിടെ പരാമര്‍ശിച്ചത്. ആ വാക്കിന്റെ തന്നെ താത്പര്യം ജനക്കൂട്ടം സംഗമിക്കുന്ന ഇടമെന്നാണ് എന്ന് പറഞ്ഞ പണ്ഡിതരുണ്ട്. ആ ഭൂമിയെ ലോകര്‍ക്കാകെയും സന്മാര്‍ഗ ദര്‍ശിയായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഈ സന്മാര്‍ഗ ഭൂമികയില്‍ ജനങ്ങള്‍ ഒരുമിച്ച് കൂടേണ്ട ആവശ്യകത കൂടി അല്ലാഹു പറയുന്നുണ്ട്. ഖുര്‍ആന്‍ പലയിടത്തും ഇതുപോലെ മക്കയെക്കുറിച്ചും കഅ്ബയെക്കുറിച്ചും വിശദീകരിക്കുന്നു. കഅബയുടെ പരിസരത്തും പുണ്യനാട്ടിലും വെച്ച് അക്രമത്തെക്കുറിച്ച് ആലോചിച്ചാല്‍ത്തന്നെ അവന് നാം വേദനാജനകമായ ശിക്ഷ രുചിപ്പിക്കുമെന്ന് അല്ലാഹു താക്കീത് നല്‍കുന്നു. അതേ സൂക്തത്തിന്റെ തുടക്കത്തില്‍ തന്നെയാണ് മസ്ജിദുല്‍ ഹറാമിന്റെ പരിസരത്ത് സമന്മാരാണ് എന്നും നാഥന്‍ പറയുന്നത്. അവിടെ വെച്ച് യാതൊരും വിവേചനവും പാടില്ലെന്ന് പഠിപ്പിക്കുന്നു. വിവേചനങ്ങളില്ലാതിരിക്കലാകട്ടെ, ഐക്യപ്പെടലുകള്‍ക്കുള്ള തെളിഞ്ഞ പാതയുമാണ്.
കഅ്ബയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പോലും ഈ വസ്തുതകള്‍ക്ക് ഉപോത്ബലകമാണ്. കൃത്യം ഭൂഗോളത്തിന്റെ മധ്യഭാഗത്താണല്ലോ കഅ്ബ. ഭൂമിയുടെ മധ്യത്തില്‍ ഏവര്‍ക്കും പ്രകാശമേകുന്ന വിളക്കായിട്ടൊക്കെയാണ് കഅ്ബയെ പരിചയപ്പെടുത്താറുള്ളത്. കഅ്ബക്ക് ചുറ്റും ഏക താളത്തില്‍ ഈ ലോകത്തുള്ള മനുഷ്യര്‍ക്കാകെയും സംഗമിക്കാനാകുമെന്ന വിശാല ലക്ഷ്യമാണ് കഅ്ബയെ ഭൂമിയുടെ മധ്യത്തിലാക്കിയതിലൂടെ നാഥന്‍ അര്‍ഥമാക്കുന്നത് എന്ന അഭിപ്രായങ്ങളും പഠനങ്ങളില്‍ കാണാം. ലോകത്ത് വേറെ ഏത് നിര്‍മിതിക്ക് ഈ പ്രത്യേകത അവകാശപ്പെടാനാവും? ഇനി അങ്ങനെയൊന്ന് നിര്‍മിക്കാന്‍ കഴിയുമോ?
ഇങ്ങനെ ഹജ്ജ് ചെയ്യുന്ന ഒരു വിശ്വാസി ഇടപെടുന്ന വിവിധ വിശുദ്ധ സ്ഥലങ്ങള്‍ക്കോരോന്നിനും പറയാനുണ്ട് മാനവകുലത്തിന്റെ ഉത്ഭവം മുതല്‍ ഇന്ന് വരെയുള്ള പല ഐക്യപ്പെടലുകളുടെയും ഒരുമിക്കലുകളുടെയും സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ നൂറു കൂട്ടം കഥകള്‍. ഹജ്ജിലെ പ്രധാന കര്‍മം നടത്തുന്ന അറഫയിലാണ് ആദ്യ പിതാവ് ആദം (അ)മും ഹവ്വാ ഉമ്മയും സന്ധിച്ചതെന്ന് ചരിത്രം. ഇതു പോലെ ഹജ്ജ് കര്‍മത്തിലെ ഓരോ അനക്കത്തിനും അടക്കത്തിനുമെല്ലാം ഒരുപാട് ചരിത്രബോധനങ്ങള്‍ പകര്‍ന്ന് നല്‍കാനുണ്ടാകും.

ഹജ്ജ് കര്‍മത്തിന് ഒരാള്‍ പുറപ്പെടുന്നതോട് കൂടെ അയാള്‍ ഭൂഗോളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും താണ്ടി വന്ന് ജനതയോട് ചേര്‍ന്ന് ഒരു കണ്ണിയാകുകയാണ്. ശേഷം ഒരു മാലയിലെ മുത്തുകള്‍ കണക്കെ അവരൊന്നായി വിശുദ്ധ ഗേഹത്തെ ചുറ്റുന്നു. ഞങ്ങളെല്ലാം നിനക്ക് ഉത്തരം നല്‍കാനാണ് വന്നിട്ടുള്ളതെന്ന് സ്രഷ്ടാവിനോട് വിളിച്ചു പറഞ്ഞ്, തങ്ങളൊക്കെ ആയിരക്കണക്കിന് സംവത്സരങ്ങള്‍ക്ക് മുമ്പ് ഇബ്‌റാഹിം (അ) ക്ഷണിച്ചതിന്റെ ഫലമായി ഒരുമിച്ചു കൂടിയ സഹോദരങ്ങളാണെന്ന ബോധ്യത്തോടെ ഓരോ വിശ്വാസിയും ഹജ്ജ് ചെയ്യുന്നു. ഹജ്ജിന്റെ ദൃശ്യാവിഷ്‌കാരം തന്നെ നോക്കൂ. ഐക്യപ്പെടുന്നതിന്റെയും ഒരുമയുടെയും സൗന്ദര്യം മുഴുവന്‍ അത് പറയാതെ പറയുന്നില്ലേ?
പ്രമുഖരായ പലരുടെയും ഹജ്ജ് ഓര്‍മകളില്‍ നിന്ന് ലോകം വായിച്ചറിഞ്ഞത് പ്രധാനമായും ഹജ്ജ് നല്‍കുന്ന ഏകത്വബോധത്തെക്കുറിച്ച് തന്നെയായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ മോചനത്തിനായി പോരാടിയ മാല്‍ക്കം എക്‌സിന്റെ അനുഭവം ഇതില്‍ പ്രധാനമാണ്. കറുത്ത വര്‍ഗ ദേശീയതയില്‍ വിശ്വസിച്ച്, അതിനായി വാദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അഥവാ കറുത്തവരും വെളുത്തവരും ഒരു നിലക്കും ഐക്യപ്പെട്ട്, യോജിച്ച് ജീവിക്കല്‍ സാധ്യമല്ലെന്നും അതിനാല്‍ കറുത്തവര്‍ സ്വന്തം സ്വത്വത്തിലധിഷ്ഠിതമായി തങ്ങളുടെ ദേശീയതക്കായി പോരാടണമെന്ന ചിന്താഗതിക്കാരനായിരുന്നു. ഈ ചിന്തയിലേക്ക് മാല്‍ക്കം എക്‌സിനെ എത്തിച്ചതാകട്ടെ, ബാല്യം മുതല്‍ താന്‍ കണ്ട, അനുഭവിച്ച ക്രൂരമായ വിവേചനങ്ങളും വംശീയാക്രമണങ്ങളും. എന്നാല്‍ 1964ലെ തന്റെ ഹജ്ജ് യാത്രയോടെ അദ്ദേഹം അടിമുടി മാറുകയാണ്. ഹജ്ജ് ‘അനുഭവിച്ച്’ വന്നതോടെ കേവലം മാനവ ഐക്യത്തെ, ആഗോള സാഹോദര്യത്തെ സാധ്യമാക്കാം എന്നതിനപ്പുറം ഹജ്ജില്‍ താന്‍ ദര്‍ശിച്ച എല്ലാ മൂല്യങ്ങളെയും ലോകത്തിന് പകര്‍ത്താനാവുന്നതാണ് എന്നതാണ് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. മാല്‍ക്കം എക്‌സ് പിന്നീട് ലോകത്തോട് സംസാരിച്ചതിങ്ങനെയാണ്: ‘ ഈ വാക്കുകള്‍ എന്നില്‍ നിന്ന് കേള്‍ക്കുന്നത് നിങ്ങളില്‍ ഞെട്ടലുളവാക്കിയേക്കാം, ഞാന്‍ കണ്ട, അനുഭവിച്ച ഹജ്ജ് എന്നില്‍ രൂഢമൂലമായ പല ചിന്തകളേയും മാറ്റിത്തിരുത്തി. ഞാന്‍ മുമ്പ് അവസാനിപ്പിച്ച പലതും തുടരേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമാണെന്ന് എന്നെ നിര്‍ബന്ധിച്ചു. ഹജ്ജിനെ പോലെ ഒരു സാഹോദര്യ ബോധം ഞാനെവിടെയും കണ്ടിട്ടില്ല, കേവലം ഉപരിപ്ലവമായതല്ല, മറിച്ച് ആത്മാവുള്‍ക്കൊണ്ടുള്ള സാഹോദര്യമായിരുന്നു അവിടെ, അത് പ്രാവര്‍ത്തികമാക്കുന്നതോ, സകലമാന വര്‍ണ വംശങ്ങളില്‍ നിന്നുള്ള മനുഷ്യരും.
മാല്‍ക്കം എക്‌സിനെ ഹജ്ജ് പുനര്‍വിചിന്തനം ചെയ്യിച്ചത് ഒരൊറ്റ ദൈവത്തിനു കീഴില്‍ എല്ലാവരും ജീവിക്കുന്ന ഐക്യത്തെ കുറിച്ചായിരുന്നു. ഹജ്ജ് എന്ന കര്‍മത്തിലൂടെയാണ് അദ്ദേഹം ആ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. യഥാര്‍ഥ ആത്മാര്‍ഥത, യഥാര്‍ഥ വിശ്വാസം, യഥാര്‍ഥ ത്യാഗ സന്നദ്ധത എന്നിവയാണ് ഒരു വ്യക്തിയില്‍ ഐക്യബോധമുണ്ടാക്കുന്നതെന്ന വിഖ്യാതമായ ചിന്തയിലേക്കും അദ്ദേഹമെത്തുന്നതിങ്ങനെയാണ്.

ഹറമിലേക്ക് പ്രവേശിക്കുന്നതോടെ എല്ലാവരും ഒരേ വസ്ത്രത്തിലേക്ക് മാറുകയാണ്. തുന്നലുകളില്ലാത്ത, വെളുത്ത വസ്ത്രത്തില്‍ കറുത്തവനും വെളുത്തവനുമെല്ലാം ഒന്നാകുന്നു. ഒരേ വസ്ത്രം ധരിച്ച് ആ വിശുദ്ധ ഭൂമികയിലേക്ക് പ്രവേശിക്കുന്നതോട് കൂടെ താന്‍ ഒരു പുതിയ ലോകത്തേക്കാണ് പ്രവേശിക്കുന്നതെന്ന ഒരു തോന്നലാണ് ഓരോഹാജിക്കും ഉണ്ടാവുന്നത്. ‘പുറം ലോകത്ത്’ താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതോട് കൂടെ മനുഷ്യന്റെ സകല അഹന്തയും അഹങ്കാരവുമെല്ലാം അഴിഞ്ഞു പോകുന്നു. അത് കൊണ്ടാണല്ലോ ഇഹ്‌റാം വസ്ത്രത്തില്‍ പുണ്യ ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍ ആരെയും നിസ്സാരനായി, മാറ്റി നിര്‍ത്തപ്പെടേണ്ടവരായി കാണാന്‍ പോലും, അങ്ങനെ ചിന്തിക്കാന്‍ പോലും മനസ്സ് വരാത്തത്.
ഇങ്ങനെ ഒരേ വസ്ത്രത്തില്‍ ഹറമില്‍ പ്രവേശിച്ച വിശ്വാസി അടുത്തതായി ചെയ്യുന്നത് ‘ലബ്ബൈക്ക്’ എന്ന പ്രവിശാലമായ അര്‍ഥ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മന്ത്രമുച്ചരിക്കലാണ്. ഹജ്ജിന്റെ ഭാഷ, ഹറമിന്റെ ഭാഷ ഞങ്ങളിതാ നാഥാ നിന്റെ വിളിക്കുത്തരം നല്‍കി എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന ലബ്ബൈക്കല്ലാതെ വേറെയെന്തൊണ്? ഇവിടെയാണ് ജനകോടികളുടെ ഭാഷ പോലും അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് ഒന്നിക്കുന്ന സുന്ദരമായ കാഴ്ച നാം ദര്‍ശിക്കുന്നത്. പല ഭാഷക്കാര്‍, ദേശക്കാര്‍, വംശക്കാര്‍ എല്ലാവരും ലബ്ബൈക്ക് എന്ന ഒരൊറ്റ മന്ത്രത്തില്‍ അലിഞ്ഞു ചേരുന്നു. ഭാഷയാണ് ഒരു സമൂഹത്തെ ഒന്നിച്ചുനിര്‍ത്തുന്ന എറ്റവും വലിയ പ്രത്യേകത എന്നത് സമൂഹിക ശാസ്ത്രത്തിന്റെ ഉത്ഭവം മുതലുള്ള ഗവേഷണങ്ങള്‍ തന്നെ തെളിയിച്ചതുമാണ്.

ഹജ്ജിന്റെ കര്‍മങ്ങളില്‍ സുപ്രധാനമായ ത്വവാഫും ഇങ്ങനെത്തന്നെയാണ്. ലോകത്തിന്റെ കേന്ദ്രമായ കഅ്ബ എന്ന വിശുദ്ധ ഗേഹത്തെ എല്ലാവരുമൊന്നാകെ വലയം ചെയ്യുന്നു. ശേഷം നടത്തുന്ന സഅ്‌യ് പകര്‍ന്നു തരുന്നത് വംശീയതയെ പാടെ ഉന്മൂലനം ചെയ്യുന്ന മഹിത മൂല്യങ്ങളാണ്. സഫ മര്‍വ എന്ന ചരിത്ര സാക്ഷികളായ രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ എന്തിനാണ് മനുഷ്യര്‍ ഇന്നും ഓടുന്നത്? ആരുടെ സ്മരണ പുതുക്കലാണിവിടെ? സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് ഹാജറയെന്ന അടിമസ്ത്രീ തന്റെ പൊന്നുമകന് ദാഹജലമന്വേഷിച്ച് ഓടിയതിന്റെ ഓര്‍മ്മ പുതുക്കലാണല്ലോ. ഇങ്ങനെചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു മഹതിയുടെ ഓര്‍മയാണ് താന്‍ പുതുക്കുന്നത് എന്ന ബോധ്യം മാത്രം മതി കുലമഹിമകൊണ്ടഹങ്കരിക്കുന്ന ഏത് വലിയവന്റെയും അഹംഭാവം മനസ്സില്‍ നിന്ന് പിഴുതെറിയാന്‍.
അറഫയില്‍ നില്‍ക്കലെന്ന ശ്രേഷ്ഠ കര്‍മം നോക്കൂ. ലോക മുസ്‌ലിംകള്‍ ഒത്തുചേരുന്നയിടം എന്നാണ് അറഫ അറിയപ്പെടുന്നത്. ആ വലിയ മൈതാനത്ത് ജനങ്ങളെല്ലാം സംഗമിക്കുന്നു. മുസ്ദലിഫയില്‍ നിന്നും കല്ലുകള്‍ ശേഖരിച്ച് ജംറയിലേക്ക് പ്രതീകാത്മകമായി ശപിക്കപ്പെട്ടവനെ എറിയുന്നു. താനെറിയുന്ന ഓരോ കല്ലും തിരിച്ചു വന്ന് എന്റെ ഹൃദയത്തില്‍ തട്ടി അവിടെ കുടിയിരിക്കുന്ന വിവേചന ചിന്ത എന്ന പിശാചിനെക്കൂടി കുടിയിറക്കി വിടുന്നത് അനുഭവപ്പെട്ടു എന്ന് പറഞ്ഞത് 1982 ല്‍ ഇസ്‌ലാം പുല്‍കിയ സ്വീഡീഷ് ചിന്തകന്‍ ഡോ.അബ്ദുല്‍ വാഹിദ് പെഡേഴ്‌സനാണ്.
ഇങ്ങനെ ഹജ്ജിന്റെ ഓരോ കര്‍മങ്ങളും വിശകലന വിധേയമാക്കുമ്പോള്‍ ഇനിയുമേറെ മഹിത ദര്‍ശനങ്ങള്‍ നമുക്ക് കാണാം. ചുരുക്കത്തില്‍ ഹജ്ജ് കേവലം വര്‍ഷാന്ത്യത്തില്‍ ചെയ്തു പോകുന്ന ഒരനുഷ്ഠാനമുറ മാത്രമല്ല, ജനകോടികളൊന്നാകെ ഒരേ വസ്ത്രത്തില്‍, ഒരേ ഭാഷയില്‍, ഒരേ ലക്ഷ്യത്തോടെ, ഒരേ ചിന്തയില്‍ ഒരുമിച്ചു കൂടുന്ന തുല്യതയില്ലാത്ത മാനവ സംഗമം കൂടിയാണ്. ഒപ്പം ഉടമയുടെ ഏകത്വവും അടിമയുടെ ഏകത്വബോധവും ഊട്ടിയുറപ്പിക്കുന്ന മഹത് പ്രക്രിയയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here