പുനരധിവാസത്തിലും വേണം ഈ കൂട്ടായ്മ

Posted on: August 21, 2018 9:32 am | Last updated: August 21, 2018 at 9:32 am
SHARE

പ്രളയത്തില്‍ നിന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളും കരകയറിക്കഴിഞ്ഞു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇനിയും വെള്ളക്കെട്ടുള്ളത്. ഈ ഭാഗങ്ങളില്‍ ഇന്നലെയും നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നത്തോടെ അവിടെയും സ്ഥിതി സാധാരണ ഗതിയിലാകുമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചത്. കേരളത്തെ ഭീതിയിലാഴ്ത്തിയ തുള്ളിമുറിയാത്ത പെരുമഴക്കും ശമനമായിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യപ്രദേശിലേക്ക് നീങ്ങിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത് പോലെ അതിശക്തമായ മഴക്ക് ഇനി സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
മഹാപ്രളയം സൃഷ്ടിച്ച ദുരന്തമുഖത്ത് നിന്ന് സംസ്ഥാനം രക്ഷപ്പെട്ടെങ്കിലും പുനരധിവാസം കനത്ത വെല്ലുവിളിയായി അവശേഷിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ വലിയ ബാധ്യതയാണ് സര്‍ക്കാറിന് പുനരധിവാസം. കഴിഞ്ഞ ദശകങ്ങളില്‍ സംസ്ഥാനം നേടിയതിന്റെ നല്ലൊരു ഭാഗവും തകര്‍ന്ന അവസ്ഥയിലാണിന്ന്. ദേശീയ, സംസ്ഥാന പാതകളുള്‍പ്പെടെ 16,000 കി. മീറ്റര്‍ പൊതുമരാമത്ത് റോഡുകളാണ് നഷ്ടമായത്. 84,000 കി.മീറ്റര്‍ പ്രാദേശിക റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 150 ഓളം പാലങ്ങളും തകര്‍ന്നതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മൊത്തം 20,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ദുരന്തമേഖലകളില്‍ നിന്ന് ജില്ലാ കലക്ടര്‍മാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് വന്ന ശേഷമേ കൃത്യമായ കണക്ക് ലഭ്യമാകൂ.
കേരളത്തിന്റെ പ്രളയക്കെടുതിയില്‍ നിന്നുള്ള തിരിച്ചുവരവില്‍ ആഗോള സമൂഹത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണ വലിയൊരാശ്വാസമാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ചു 450 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 150 കോടി യോളം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ഗള്‍ഫ് രാജ്യങ്ങളും സമൂഹവും സഹായ ഹസ്തം നീട്ടുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ഓണച്ചടങ്ങുകളും വേണ്ടെന്ന് വെച്ചു സ്വന്തം നാടിനെ സഹായിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പരമാവധി സംഖ്യ സ്വരൂപിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കയാണ് ഗള്‍ഫ് നാടുകളിലെങ്ങുമുള്ള മലയാളി സമൂഹം. ഇതര സംസ്ഥാനക്കാരും കലവറയില്ലാതെ പിന്തുണക്കുന്നുണ്ട്. പെരുന്നാള്‍ ആഘോഷത്തിന് നീക്കിവെച്ച പണം ദുരന്തബാധിതര്‍ക്കായി നല്‍കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

നഷ്ടം കണക്കിലെടുക്കുമ്പോള്‍ ഇതുകൊണ്ടൊന്നും എവിടെയും എത്തുകയില്ല. പല വിധ കാരണങ്ങളാല്‍ നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പഴയ സ്ഥിതി കൈവരിക്കണമെങ്കില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിന് കേന്ദ്രത്തിന്റെ സഹകരണം കൂടിയേ തീരൂ. 600 കോടി രൂപയുടെ ഇടക്കാല സഹായവും 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ പെട്രോളിയം ഉത്പന്നങ്ങളും 60 ടണ്‍ മരുന്നുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇനിയും പതിന്മടങ്ങ് സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് കൂടുതല്‍ സഹായം കിട്ടുന്നതിന് സഹായകമാണ്. സംസ്ഥാന സര്‍ക്കാറും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. ന്യായമായ ഈ ആവശ്യത്തിന് നേരെ കേന്ദ്രം മുഖം തിരിക്കരുത്.
രക്ഷാപ്രവര്‍ത്തന രംഗത്ത് കാണിച്ച യോജിപ്പും ഒത്തൊരുമയും സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിലും കേരളീയ സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി പറഞ്ഞതു പോലെ പ്രളയ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ചരിത്രമാണ് കേരളീയര്‍ സൃഷ്ടിച്ചത്. ദേശീയ, രാജ്യാന്തര സമൂഹങ്ങളെല്ലാം ആശ്ചര്യത്തോടെയാണ് കേരളീയരുടെ ഈ ത്യാഗത്തെയും സഹകരണത്തെയും നോക്കിക്കണ്ടത്.

ഒരു ആപത്ഘട്ടം വന്നാല്‍ സമൂഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു കേരളം. ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും അമ്പരപ്പിക്കുന്ന പ്രതികരണമാണ് പല പ്രദേശത്തു നിന്നും ഉണ്ടായത്. കോഴിക്കോട്ടുകാര്‍ ഇക്കാര്യത്തില്‍ കാണിച്ച അത്യുദാരതയും സഹകരണവും കലക്ടര്‍ യു വി ജോസ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ സേവന സന്നദ്ധത പുനരുദ്ധാരണ രംഗത്തും തുടരണം. സംസ്ഥാന സര്‍ക്കാറിന് സ്വയം നിര്‍വഹിക്കാന്‍ സാധിക്കുന്നതിലും ഉപരിയാണ് നാശനഷ്ടങ്ങളുടെ തോത്. സന്നദ്ധപ്രവര്‍ത്തകരുടെയും സംഘടനകളുടെയും പങ്ക് കൂടി ആവശ്യമാണ്. പ്രളയം ദുരിതാശ്വസ ക്യാമ്പുകളിലെത്തിച്ച ഏഴ് ലക്ഷം പേരില്‍ നല്ലൊരു വിഭാഗം വെള്ളക്കെട്ട് താഴ്ന്നതോടെ വീടുകളിലേക്ക് തിരിച്ചുപോയെങ്കിലും വീട് തകര്‍ന്നത് മൂലം താമസിക്കാന്‍ ഇടമില്ലാതെ പതിനായിരങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍ തന്നെ തങ്ങുന്നുണ്ട്. ഇവര്‍ക്ക് മടങ്ങണമെങ്കില്‍ വീട് പുനര്‍നിര്‍മിക്കുകയോ, അറ്റകുറ്റപണികള്‍ നടത്തുകയോ വേണം. ഓരോ പ്രദേശത്തും വീടുകള്‍ നവീകരിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും കൂട്ടായ സംരംഭങ്ങള്‍ രൂപപ്പെടുത്താകുന്നതാണ്.

മറ്റു പുനരുദ്ധാരണ മേഖലകളിലും ഈ കൂട്ടായ്മയും സേവന സന്നദ്ധതയും വേണം. അശരണര്‍ക്കും നിര്‍ധനര്‍ക്കും വീടുകള്‍ വെച്ചുകൊടുക്കുന്ന പദ്ധതി നിലവില്‍ തന്നെ പല സന്നദ്ധ സംഘടനകളും നടപ്പാക്കി വരുന്നുണ്ട്. ഈ മാതൃക സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിലും ആകാവുന്നതാണ്. എങ്കിലേ വികസിത സംസ്ഥാനത്തിന്റെ വീണ്ടെടുപ്പ് എളുപ്പമാകൂ. ഇന്ത്യന്‍ തീരപ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ 2004ലെ സുനാമിയുടെ കെടുതികളെ രാജ്യം അതിജീവിച്ചത് കൂട്ടായ യത്‌നങ്ങളിലൂടെയായിരുന്നുവെന്നത് ഓര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here