ഇനി പുനരധിവാസം

Posted on: August 21, 2018 9:15 am | Last updated: August 21, 2018 at 10:41 am
SHARE

തിരുവനന്തപുരം:രാജ്യം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി പതിയെ അതിജീവിച്ച സംസ്ഥനം ഇനി പുനരധിവാസത്തിലേക്ക്. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 6000ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി പത്ത് ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്.
ചെങ്ങന്നൂരിലെയും അപ്പര്‍ കുട്ടനാട്ടിലെയും രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പലഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വീടുകള്‍ ഉപയോഗശൂന്യമായതിനാല്‍ ക്യാമ്പുകളില്‍ തന്നെയാണ് എല്ലാവരും ഉള്ളത്. എന്നാല്‍ എടത്വ പോലെ ചില പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സ്പീഡ് ബോട്ട് പട്രോളിംഗ് നടത്തിവരികയാണ്. ഇതിനിടെ ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കഴിഞ്ഞ 12 ദിവസമായി 223 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ഇന്നലെ മാത്രം ആറ് പേര്‍ മരിച്ചു.

ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് സൈന്യം ഹെലികോപ്ടര്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്ന വളര്‍ത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമവും പുരോഗമിക്കുന്നു. വെള്ളമൊഴിഞ്ഞ സ്ഥലങ്ങളില്‍ വീടുകള്‍ വൃത്തിയാക്കിത്തുടങ്ങി. ശക്തമായ ഒഴുക്കില്‍ പല വീടുകളുടെയും അടിത്തറയടക്കം ഒലിച്ചു പോയിട്ടുണ്ട്.
പത്തനംതിട്ടയില്‍ ഹെലികോപ്ടറും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്കിരയായവര്‍ക്കുള്ള ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യാമ്പിലും നിയമിച്ചിട്ടുണ്ട്.
ഇന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടും ഒ എന്‍ ജി സിയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനവും ഭക്ഷണ വിതരണവും നടത്തും. അപ്പര്‍കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും ശബരിമലയിലും ഭക്ഷണ വിതരണം നടത്തും. ഫുഡ് ഹബ്ബുകളില്‍ വരുന്ന അവശ്യവസ്തുക്കള്‍ വേര്‍ തിരിച്ച് ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരികയാണ്.

ഇതിനിടെ ചെങ്ങന്നൂരിലെ പെരിശ്ശേരി അടക്കമുള്ള പ്രദേശങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയുണ്ടായി. വാഹന ഗതാഗതം ഭാഗികമായി മാത്രമേ പുനഃസ്ഥാപിക്കാനായിട്ടുള്ളു. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.
അതേസമയം വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വടക്കന്‍ കേരളം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. എല്ലായിടത്തും കൂട്ടായ്മകളിലൂടെ വീടുകള്‍ വ്യത്തിയാക്കുന്നതിന് വ്യാപകമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇതോടെ കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുളില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തോളമായി കുറഞ്ഞു. രണ്ട് ദിവസമായി മഴ മാറി നിന്നതോടെ കണ്ണൂരില്‍ തലശ്ശേരി, തളിപറമ്പ് താലൂക്കുകളില ദുരാതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടടെയും കൂട്ടായ്മകളിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് പ്രളയബാധിതര്‍. 166 വീടുകള്‍ പൂര്‍ണമായും 1600 വീടുകള്‍ ഭാഗികമായും തകര്‍ന്ന മലപ്പുറത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

പലയിടത്തും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാട്ടില്‍ മഴ മാറിയെങ്കിലും റോഡുകള്‍ തകര്‍ന്നതിനാല്‍ ഉള്‍മേഖലയിലേക്കുള്ള ഗതാഗതം ഇപ്പോഴും പ്രയാസകരമായി തുടരുകയാണ്. ചിലയിടങ്ങളില്‍ ഇതിനെ തുടര്‍ന്ന് വൈദ്യസഹായം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
അതേസമയം ദുരിത ബാധിതരെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് വിപുലമായി അവശ്യ വസ്തുക്കള്‍ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചുവരികയാണ്. ഇരുപതിലധികം വരുന്ന കേന്ദ്രങ്ങൡ നിന്ന് പ്രതിദിനം 160ലധികം ലോഡ് അവശ്യ വസ്തുക്കളാണ് വിവിധ പ്രദേശങ്ങളിലേക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here