Connect with us

Gulf

ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് അല്‍ മദീന ഗ്രൂപ്പ്

Published

|

Last Updated

അല്‍ മദീന ഗ്രൂപ്പ് എം ഡി അബ്ദുല്ല പൊയില്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദുബൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ അല്‍ മദീന ഗ്രൂപ്പ് രംഗത്തെത്തി. സംസ്ഥാനത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഗ്രൂപ്പ് എം ഡി അബ്ദുല്ല പൊയില്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ഡിവിഷനുകളിലെ ജീവനക്കാരെല്ലാം ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നീക്കി വെച്ചു. ഇതുകൂടാതെ മാനേജ്മെന്റും വലിയൊരു തുക കേരളത്തിന്റെ ദുരിതമകറ്റാന്‍ സംഭാവനയായി നല്‍കും. ഇങ്ങനെ സ്വരൂപിക്കുന്നതില്‍ നിന്ന് അര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്ന് അബ്ദുല്ല പൊയില്‍ പറഞ്ഞു.

ഇതുകൂടാതെ അരക്കോടി രൂപ മറ്റു സന്നദ്ധ സംഘടനകള്‍ മുഖേനയും നേരിട്ടും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കും.
യുഎഇയിലെ ഭരണാധികാരികള്‍ നമ്മുടെ നാടിന് നല്‍കുന്ന പിന്തുണയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ദുബൈയിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും ഈ മാതൃക പിന്തുടരാന്‍ പ്രചോദനമാകുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

നൂറുകണക്കിന് പേര്‍ക്കാണ് ഇതിനകം പ്രളയക്കെടുതിയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായിരിക്കുന്നത്. പതിനായിരകണക്കിന് പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പ്രവാസി സമൂഹത്തിന്റെയടക്കം ആത്മാര്‍ത്ഥമായ സഹായവും പിന്തുണയും കേരളത്തിന് ആവശ്യമായ സമയമാണിത്. ആ ഉത്തരാവാദിത്വം നിറവേറ്റുകയാണ് അല്‍ മദീന ഗ്രൂപ്പ് ഈ ദൗത്യത്തിലൂടെ നിര്‍വഹിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് പ്രധിനിധികളായ അസ്‌ലം പൊയില്‍, അയ്യൂബ് ചെറുവത്ത്, ഹാരിസ്, ഫാസില്‍ മൂസ, മുഹമ്മദലി എന്നിവരും പങ്കെടുത്തു.

Latest