Connect with us

Gulf

കേരളത്തെ സഹായിക്കാനുള്ള ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ നിധിയിലേക്ക് ഉദാരത ഒഴുകുന്നു

Published

|

Last Updated

എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, സണ്ണിവര്‍ക്കി

ദുബൈ: കേരളത്തെ സഹായിക്കാന്‍ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷനിലേക്ക് ഗള്‍ഫ് ഇന്ത്യന്‍ പ്രമുഖരുടെ ധനം ഒഴുകുന്നു. നിമിഷങ്ങള്‍ക്കകം ഒരു കോടി ദിര്‍ഹം ലഭിച്ചതായി എമിറേറ്റ്‌സ് റെഡ്ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ശൈഖ് ഖലീഫ ഫണ്ടിലേക്ക് 50 ലക്ഷം ദിര്‍ഹം (9.5കോടി രൂപ) സംഭാവന ചെയ്തു. ഇതോടെ യൂസുഫലി കേരള ദുരിത നിവാരണത്തിന് സാധനസാമഗ്രികള്‍ കൂടാതെ 18 കോടി രൂപ നല്‍കിയിരിക്കുകയാണ്.

കാലവര്‍ഷക്കെടുതി സൃഷ്ടിച്ച മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താണപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം അഞ്ചു കോടി രൂപയും പിന്നീട് മൂന്നു കോടിയും യൂസുഫലി നല്‍കിയിരുന്നു. ഇതിനുപുറമെ എറണാകുളം ലുലുവിലെ സാധന സാമഗ്രികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു.

പ്രവാസികളുടെ മാത്രമല്ല, ലോകമലയാളി സമൂഹത്തിന്റെ അഭിമാനമായി ഡോ. എം എ യൂസുഫലി അടക്കമുള്ള വാണിജ്യ പ്രമുഖര്‍ മാറുകയാണെന്ന് സമൂഹ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളത്തോടും മലയാളികളോടും യുഎഇ ഭരണാധികാരികള്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖലീഫ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ഫണ്ടെന്ന് യൂസുഫലി ചൂണ്ടിക്കാട്ടി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ട്വീറ്റുകള്‍ പ്രചോദനമായി.

കേരളീയരും യുഎഇക്കാരും സഹോദരതുല്യ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും യുഎഇയുടെ വളര്‍ച്ചയ്ക്കു മലയാളികളുടെ സംഭാവന വിലപ്പെട്ടതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. കേരള ജനതയെ സഹായിക്കാനുള്ള യുഎഇയുടെ ആഹ്വാനം ഇവിടെയുള്ള സ്വദേശികളും വിദേശികളും ഏറ്റെടുക്കുമെന്നാണു വിശ്വസിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും യൂസുഫലി പറഞ്ഞു.

ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ ഫണ്ടിലേക്ക് 50 ലക്ഷം ദിര്‍ഹം സംഭാവന നല്‍കുമെന്ന് എന്‍ എം സി, യു എ ഇ എക്‌സ്‌ചേഞ്ച്, യൂണിമണി ഗ്രൂപ്പ് സാരഥി ഡോ. ബി ആര്‍ ഷെട്ടിയും അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് രണ്ട് കോടിയും ചില മാധ്യമങ്ങള്‍ വഴി 25 ലക്ഷവും അദ്ദേഹം നേരത്തെ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ശൈഖ് ഖലീഫ ഫണ്ടിലേക്ക് ജെംസ് എജ്യുക്കേഷന്‍ 50 ലക്ഷം ദിര്‍ഹം സംഭാവന നല്‍കുമെന്ന് ചെയര്‍മാന്‍ സണ്ണിവര്‍ക്കി അറിയിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് സമിതിയെന്ന് സണ്ണിവര്‍ക്കി ചൂണ്ടിക്കാട്ടി. ഖലീഫ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹാജി അല്‍ ഖൂരിയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്