ഭരണാധികാരികളുടെ ദയാവായ്പിന് കാന്തപുരത്തിന്റെ പ്രശംസ

കഷ്ടതയും കണ്ണീരുമുള്ള രാജ്യത്തിന്റെയും ജനതയുടെയും കൂടെ നില്‍ക്കാനും അവര്‍ക്ക് പരമാവധി സഹായങ്ങള്‍ ഉറപ്പാക്കാനുമുള്ള യു എ ഇയുടെ നിലപാട് ലോകത്തിന് മുഴുവന്‍ മാതൃകയാണ്.   ഇന്ത്യക്കാരുടെ മുഴുവന്‍ മനസ്സുകളില്‍ വിശിഷ്യാ കേരള ജനതയുടെ മനസ്സില്‍ ഈ സഹായവും ഇടപെടലും എന്നും മരിക്കാത്ത ഓര്‍മകളായി ഉണ്ടാകുമെന്നും കാന്തപുരം തന്റെ സന്ദേശത്തില്‍ പറഞ്ഞു
Posted on: August 20, 2018 3:14 pm | Last updated: August 21, 2018 at 9:50 am
ഇന്നലെ പുറത്തിറങ്ങിയ അല്‍ ഇത്തിഹാദ് പത്രത്തില്‍ നിന്ന്‌

ദുബൈ: പ്രളയദുരിതം പേറുന്ന കേരള ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും പ്രളയ ബാധിതരുടെ കണ്ണീരൊപ്പുന്നതിനും പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിനും സഹായ ഹസ്തം നീട്ടിയ യു എ ഇ ഭരണാധികാരികളെ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രശംസിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരെയും മറ്റു യു എ ഇ ഭരണാധികാരികളേയും കേരള ജനതയോടൊപ്പം നിന്ന യു എ ഇയിലെ സ്വദേശികളെയുമാണ് കാന്തപുരം മക്കയില്‍ നിന്നയച്ച സന്ദേശത്തില്‍ പ്രശംസിച്ചത്. യു എ ഇ ഭരണാധികാരികളുടെയും സ്വദേശി ജനതയുടേയും സമയോചിതവും മാനുഷികവുമായ ഇടപെടല്‍, രാഷ്ട്രപിതാവ് ശൈഖ് സായിദ് കാണിച്ചുതന്ന മാനവികതയുടെ വഴിയില്‍ നിന്ന് യു എ ഇ ഒട്ടും പുറകോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കാന്തപുരം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

കഷ്ടതയും കണ്ണീരുമുള്ള രാജ്യത്തിന്റെയും ജനതയുടെയും കൂടെ നില്‍ക്കാനും അവര്‍ക്ക് പരമാവധി സഹായങ്ങള്‍ ഉറപ്പാക്കാനുമുള്ള യു എ ഇയുടെ നിലപാട് ലോകത്തിന് മുഴുവന്‍ മാതൃകയാണ്. വര്‍ഗ-വര്‍ണ-വിശ്വാസങ്ങളുടെ പേരില്‍ ചിലര്‍ പീഡിപ്പിക്കപ്പെടുകയും അന്യവത്കരിച്ച് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും, കാന്തപുരം തുടര്‍ന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂകമ്പം, പ്രളയം, മറ്റു കാലക്കെടുതികളുടെ സമയത്ത് യു എ ഇ നീട്ടിയ കാരുണ്യ ഹസ്തം ഇന്ത്യ അനുഭവിച്ചതാണ്. ഇന്ത്യക്കാരുടെ മുഴുവന്‍ മനസ്സുകളില്‍ വിശിഷ്യാ കേരള ജനതയുടെ മനസ്സില്‍ ഈ സഹായവും ഇടപെടലും എന്നും മരിക്കാത്ത ഓര്‍മകളായി ഉണ്ടാകുമെന്നും കാന്തപുരം തന്റെ സന്ദേശത്തില്‍ തുടര്‍ന്നു പറഞ്ഞു.