Connect with us

Gulf

നാല് പതിറ്റാണ്ട് പ്രവാസം; കരിം ഹാജി യു എ ഇയോട് വിടപറയുന്നു

Published

|

Last Updated

40 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്ദുല്‍ കരിം ഹാജിക്ക് അല്‍ മഖര്‍, എസ് വൈ എസ് അബുദാബി യാത്രയപ്പ് ഉപഹാരം നല്‍കുന്നു

അബുദാബി: 40 വര്‍ഷത്തെ പ്രവാസം മതിയാക്കി അബ്ദുല്‍ കരിം ഹാജി നാട്ടിലേക്ക് മടങ്ങുന്നു. കണ്ണൂര്‍ തളിപ്പറമ്പ ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം സ്വദേശിയായ അബ്ദുല്‍ കരീം ഹാജി 1978 ഒക്ടോബര്‍ 27നാണ് “ബോംബെ”യില്‍ നിന്നും അബുദാബി യിലേക്ക് വിമാനം കയറിയത്. കുവൈത്ത് എയര്‍ലൈന്‍സില്‍ അബുദാബി ബത്തീന്‍ എയര്‍പോര്‍ട്ടില്‍ ഫ്രീ വിസയില്‍ വന്നിറങ്ങിയ അദ്ദേഹത്തിന്റെ ജോലി അന്വേഷണം ചെന്നെത്തിയത് യൂണിയന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലാണ്. ഇംഗ്ലിഷ് മാനേജ്മന്റ് കമ്പനിയില്‍ മൂന്ന് വര്‍ഷത്തോളം ജോലി നോക്കി. ശേഷം ബന്ധുവിന്റെ സഹായത്തോടെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് മാറി. അന്ന് അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലായിരുന്ന സര്‍ക്കാര്‍ സ്ഥാപനമായിരുന്ന സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 1982 മുതല്‍ നീണ്ട 36 വര്‍ഷം. ഇടക്കു സ്ഥാപനം പ്രൈവറ്റ് കമ്പനിയായെങ്കിലും അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു.
ബെസ്റ്റ് എംപ്ലോയ്ക്കുള്ള അഭിനന്ദന പത്രം നിരവധി തവണ അദ്ദേഹത്തെ തേടിയെത്തിയത് ജോലിയില്‍ അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതക്കുള്ള അംഗീകാരമാണ്.

അബുദാബിയില്‍ നിന്നും 1992ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകാന്‍ സാധിച്ചത് പ്രവാസത്തിലെ വലിയ നേട്ടമായി കാണുന്നു. പുറമെ നിരവധി സാദാത്തുക്കളും പണ്ഡിതന്മാരുമായുള്ള ബന്ധം പ്രവാസത്തിലെ സൗഭാഗ്യവും, സുന്നി പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം അനുഗ്രഹമായും കണക്കാക്കുന്നു. സുന്നി സ്ഥാപന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന അദ്ദേഹം,

നിലവില്‍ അല്‍ മഖര്‍ അബുദാബി ഉപാധ്യക്ഷന്‍ കൂടിയാണ്. കണ്ണൂര്‍ അബുദാബി എസ് വൈ എസ് കമ്മിറ്റി, മര്‍കസ് കമ്മിറ്റി, മറ്റു പ്രാസ്ഥാനിക കമ്മിറ്റികളിലും സജീവമായിരുന്നു, നാട്ടിലും സുന്നി സ്ഥാപന സംഘടനാ പ്രവര്‍ത്തനങ്ങളിലായി ശിഷ്ടകാലം സമൂഹ സേവനത്തിനുള്ള അവസരത്തിനായി പ്രാര്‍ഥിച്ചും, പ്രവാസ കാലത്തെ ജീവിതത്തില്‍ സഹായിച്ച, സ്‌നേഹിച്ച എല്ലാവരെയും പ്രതേകിച്ച് ഈ നാട്ടിലെ ഭരണാധികാരികളെ നന്ദിയോടെയും പ്രാര്‍ത്ഥനയോടെയും ഓര്‍ത്തുകൊണ്ടുമാണ് ഹാജി യു എ ഇയോട് വിടപറയുന്നത്.

Latest