ഉമര്‍ ഖാലിദിനെ കൊല്ലാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 20, 2018 12:03 pm | Last updated: August 20, 2018 at 1:53 pm

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദര്‍വേഷ് ഷാപൂര്‍, നവീന്‍ ദലാല്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സ്വതന്ത്ര്യദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് പാര്‍ലിമെന്റിന് 300 മീറ്റര്‍ അകലെ അതീവ സുരക്ഷാ മേഖലയായ റഫിമാര്‍ഗില്‍ വെച്ച് ആജ്ഞാതന്‍ തോക്കുമായി എത്തി ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്.
യുനൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ‘ഖൗഫ് സേ ആസാദി’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്. ഇതിനിടെ ചായകുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

തോക്കുമായെത്തിയയാള്‍ തൊട്ടടുത്തെത്തി തള്ളി മാറ്റി രണ്ട് തവണ വെടിയുതിര്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഇതുകണ്ട് ഉമറിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സംരക്ഷണം തീര്‍ത്തതോടെ തോക്ക് ഉപേക്ഷിച്ച് അക്രമി കടന്നു കളഞ്ഞു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല അടക്കം പങ്കെടുക്കുന്ന പരിപാടിയായിരുന്നു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ചിരുന്നത്.