മഞ്ജുവിനും സുബ്രഹ്മണ്യനും മജീദിന്റെ വീട്ടില്‍ മാംഗല്യപ്പൂക്കള്‍

Posted on: August 20, 2018 10:25 am | Last updated: August 20, 2018 at 10:25 am
SHARE
പെരിങ്ങളം ചെരങ്ങാടം വീട്ടില്‍ സി വി അബ്ദുല്‍ മജീദിന്റെ വളര്‍ത്തു മകളായ മഞ്ജുവിന്റെ വിവാഹം കഴിഞ്ഞപ്പോള്‍

കുന്ദമംഗലം: പെരിങ്ങളം സ്വദേശി ചെരങ്ങാടം വീട്ടില്‍ സി വി അബ്ദുല്‍ മജീദിന്റെയും ഭാര്യ റംലയുടേയും വളര്‍ത്തു മകളായ മഞ്ജുവിന്റെ വിവാഹത്തിന് തിളക്കമേറെ. മൂന്ന് മക്കളുള്ള അബ്ദുല്‍ മജീദ് തന്റെ ആഗ്രഹ പ്രകാരം റംലയുടെ സുഹൃത്ത് മാളുവിന്റെ മകളായ മഞ്ജുവിനെ സ്വന്തം മകളെ പോലെ സ്വീകരിക്കുകയായിരുന്നു. കൂഴക്കോട് പരേതനായ കണ്ണന്‍കുട്ടി കമല ദമ്പതികളുടെ മകനായ സുബ്രഹ്മണ്യനുമായുള്ള വിവാഹം ഇന്നലെ കൂഴക്കോട് നരസിംഹ ക്ഷേത്രത്തില്‍ നടന്നു. മത സൗഹാര്‍ദത്തിന്റെ വിളംബരമായി മാറുകയായിരുന്നു ഈ വിവാഹം.

രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമുള്ള അബ്ദുല്‍ മജീദും ഭാര്യ റംലയും തങ്ങളുടെ മക്കളായ സുലൈഖ, സുമയ്യ എന്നിവരെ വിവാഹം കഴിച്ചയച്ചതോടെയാണ് മഞ്ജുവിനെ സ്വന്തമാക്കിയത്. മക്കളെ വിവാഹം ചെയ്തയച്ചതോടെ കെ എസ് ആര്‍ ടി സി ജീവനക്കാരനായ ഭര്‍ത്താവ് മജീദ് ജോലിക്ക് പോയി കഴിഞ്ഞാല്‍ ഒറ്റപ്പെടുന്ന റംല തന്റെ കൂട്ടുകാരിയായ മാളുവിനോട് തന്റെ പത്ത് വയസുകാരിയായ മകളെ തനിക്ക് തരുമോ എന്ന് ചോദിക്കുകയായിരുന്നു. ചോദ്യം കേട്ടപ്പോള്‍ മാളു ആദ്യം തമാശയായി കരുതിയെങ്കിലും പിന്നെ റംലയുടെ ചോദ്യം ആത്മാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയതോടെ ഭര്‍ത്താവ് രാഘവനുമായി ആലോചിച്ച് മഞ്ജുവിനെ റംലയുടെ കൂടെ അയക്കുകയുമായിരുന്നു.

തന്റെ മകളെ റംല താന്‍ സ്‌നേഹിക്കുന്നതില്‍ കൂടുതല്‍ സ്‌നേഹിക്കുമെന്ന് മാളുവിന് ഉറപ്പുണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല. മാളുവിനെ റംല പെരിങ്ങളം സ്‌കൂള്‍ അഞ്ചാം ക്ലാസില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പിന്നീടങ്ങോട്ട് മഞ്ജു മജീദിന്റെയും റംലയുടേയും മകളായി വളര്‍ന്നു. മഞ്ജു പഠിച്ചു എം എല്‍ ടിയില്‍ ബിരുദവും നേടി. മഞ്ജുവിന് വിവാഹ പ്രായമായി. മജീദ് തന്റെ മകള്‍ക്ക് വിവാഹം ആലോചിച്ചു. അങ്ങിനെയാണ് സുബ്രഹ്മണ്യനെ കണ്ടെത്തുന്നത്. മഞ്ജുവിന്റെ വിവാഹ നിശ്ചയം ഹിന്ദു മതാചാര പ്രകാരം മജീദിന്റെ വീട്ടില്‍ നടന്നു. ഒരിക്കല്‍ പോലും മജീദിനും കുടുംബത്തിനും മഞ്ജുവിനും മതം ഒരു തടസ്സമായില്ല. മഞ്ജുവിന്റെ വിവാഹത്തിന് സഹായവുമായി പലരും മജീദിനെ സമീപിച്ചെങ്കിലും അതെല്ലാം മജീദ് സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു..