റാഫേല്‍ അഴിമതി: കോണ്‍ഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിന്

Posted on: August 20, 2018 9:50 am | Last updated: August 20, 2018 at 12:45 pm
SHARE

ന്യൂഡല്‍ഹി: റാഫേല്‍ വിമാന കരാര്‍ സംബന്ധിച്ച അഴിമതി ആരോപിച്ച് ദേശീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ആറംഗ സംഘത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിയമിച്ചു. മുതിര്‍ന്ന നേതാവ് ജയ്പാല്‍ റെഡ്ഡിയായിരിക്കും സംഘത്തെ നയിക്കുക. റാഫേല്‍ കരാറില്‍ വന്‍ അഴിമതിയാണ് ബി ജെ പി സര്‍ക്കാര്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

യു പി എ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട കരാര്‍ മോദി അട്ടിമറിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. യുദ്ധവിമാനം നിര്‍മിച്ച് പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് കരാറില്‍ പങ്കാളിത്തം നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബി ജെ പിക്കും പ്രധാനമന്ത്രിക്കുമെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു ഏക പ്രതിഷേധം റാഫേല്‍ ഇടപാടിലെ അഴിമതിയായിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധിച്ചിരുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ കാര്യമായ രീതിയില്‍ പ്രതികരിച്ചിരുന്നില്ല.