Connect with us

Editorial

രാഷ്ട്രീയ മുതലെടുപ്പിന് ഇതല്ല സമയം

Published

|

Last Updated

മഹാപ്രളയം സൃഷ്ടിച്ച ദുരിതങ്ങളില്‍ അകപ്പെട്ടവരെ എല്ലാ ഭിന്നതകളും മറന്ന് കേരളീയ സമൂഹം ഒറ്റക്കെട്ടായി നേരിടുന്നതിനിടെ ഒറ്റപ്പെട്ടതെങ്കിലും ഉയരുന്ന ചില അപസ്വരങ്ങള്‍ അരോചകമാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്നും മുഖ്യമന്ത്രി അതിന് തയാറാകാത്തത് ദുരഭിമാനം കൊണ്ടെന്നുമാണ് ഒരാരോപണം. ബി ജെ പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളുമാണ് ഇതേചൊല്ലി സംസ്ഥാന സര്‍ക്കാറിനെ വല്ലാതെ കുറ്റപ്പെടുത്തുന്നത്. ദുരന്തബാധിതരെ രക്ഷിക്കാന്‍ സൈന്യത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഇനിയും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ ഭീഷണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ആവര്‍ത്തിക്കുകയുണ്ടായി.

കേരളത്തെ പോലെ സങ്കീര്‍ണമായ ഭൂഘടനയുള്ള ഒരു സംസ്ഥാനത്ത് ആ പ്രദേശത്തെക്കുറിച്ച വ്യക്തമായ ധാരണയില്ലാത്ത സൈന്യം രക്ഷാപ്രവര്‍ത്തനം സ്വയം ഏറ്റെടുക്കുകയെന്നത് അപ്രായോഗികമാണെന്നാണ് നേരത്തെ വിവിധ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി പരിചയമുള്ളവരുടെ അഭിപ്രായം. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ ആഴവും സ്വഭാവവും കണക്കിലെക്കുമ്പോള്‍ സര്‍ക്കാറും സൈന്യവും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളേ ഫലപ്രദമാവുകയുള്ളൂവെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തന രംഗത്ത് സൈന്യത്തേക്കാള്‍ മികച്ച സേവനമാണ് മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനകളും നടത്തി വരുന്നത്. വെള്ളത്തില്‍ അകപ്പെട്ടവരെയും പ്രളയത്തില്‍ ഒറ്റപ്പെട്ടവരെയും രക്ഷപ്പെടുത്തുന്നതില്‍ സൈനികരേക്കാള്‍ വൈദഗ്ധ്യവും പരിചയവുമുള്ള നിരവധി പേര്‍ സംസ്ഥാനത്തെങ്ങുമുണ്ട്. പ്രത്യേകിച്ചും തീരപ്രദേശങ്ങളില്‍. സൈനിക ഹെലികോപറ്ററുകള്‍ രക്ഷപ്പെടുത്തിയതിന്റെ പതിന്മടങ്ങ് ദുരന്തബാധിതരെയാണ് മത്സ്യത്തൊഴിലാളികളും നീന്തല്‍ വിദഗ്ധരും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിച്ചാല്‍ പോലും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും സഹകരണവും കൂടാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചുണ്ടിക്കാട്ടിയത് പോലെ മുമ്പ് ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും ആ സംസ്ഥാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നായി സൈന്യത്തെ മാത്രമായി ഏല്‍പിച്ചിരുന്നില്ല. സവിശേഷം സാഹചര്യം നിലവിലുള്ളതും സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയതുമായ ജമ്മുകശ്മീരിലെ പ്രളയത്തില്‍ പോലും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് സൈന്യം പ്രവര്‍ത്തിച്ചത്. സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുകയാണ് ദുരന്തമേഖലകളില്‍ നിയോഗിക്കപ്പെടുന്ന സൈന്യത്തിന്റെ ചുമതല. കേരളത്തിലെ നിലവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൊതുവെ തൃപ്തികരമാണെന്നും പറയത്തക്ക വീഴ്ചകളൊന്നും ചൂണ്ടിക്കാണിക്കാനില്ലെന്നും ബി ജെ പി അധ്യക്ഷന്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാഷ്ട്രപതി തന്നെ ഗവര്‍ണറെ വിളിച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. എങ്കില്‍ സൈനത്തെ ഏല്‍പിക്കണമെന്ന മുറവിളിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റെന്തുണ്ട്?

സാധാരണ കാലവര്‍ഷത്തെയല്ല കേരളം ഇത്തവണ അഭിമുഖീകരിച്ചത്. ഇടവേളയില്ലാത്ത പേമാരിയില്‍ സംസ്ഥാനം ഒന്നിച്ചു പ്രളയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. എല്ലാ പ്രദേശവും ഒന്നിച്ചു സഹായത്തനായി മുറവിളികൂട്ടുന്ന ഒരവസ്ഥയെയാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. വിപുലമായ സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമായ ഈ ഘട്ടത്തില്‍ എവിടെയെങ്കിലും ചില വീഴ്ചകളോ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനത്തില്‍ പോരായ്മകളോ സംഭവിക്കുക സ്വാഭാവികമാണ്. ഇത് ബന്ധപ്പെട്ടവരെ ഉണര്‍ത്തേണ്ടതുമാണ്. എന്നാല്‍, ഇത്തരം ഘട്ടങ്ങള്‍ സര്‍ക്കാറിനെ അടിക്കാനുള്ള വടിയായി ഉപയോഗപ്പെടുത്തുകയോ തരംതാണ രാഷ്ട്രീയക്കളിക്കുള്ള അവസരമാക്കുകയോ ചെയ്യരുത്.
കേരളം അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം കണ്ട് രാജ്യം മുഴുവനും ഗള്‍ഫ് രാജ്യങ്ങളും സഹായിക്കാന്‍ മുന്നോട്ട് വരുമ്പോള്‍ അത് മുടക്കാനുള്ള ശ്രമങ്ങളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കേരളീയര്‍ ദുരന്തങ്ങള്‍ അര്‍ഹിക്കുന്നവരാണെന്നും അവര്‍ക്ക് ഒരു സഹായവും ചെയ്യരുതെന്നുമായിരുന്നു ചിലര്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. “പ്രളയത്തിന്റെ പേരില്‍ കേരളത്തിന് ലഭിക്കുന്ന സഹായങ്ങള്‍ ഇടതു സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല. നക്‌സലുകള്‍ക്കും ജെ എന്‍ യുവിലെ “ഛിദ്രശക്തി”കള്‍ക്കും നല്‍കി രാജ്യത്തിനെതിരെയാണ് ഉപയോഗപ്പെടുത്തുക” തുടങ്ങി കൊടിയ വര്‍ഗീയ വിഷം ചീറ്റുന്ന പ്രചാരണങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു.

എന്താണ് കേരളീയര്‍ സംഘ്പരിവാറിനോട് ചെയ്ത അപരാധം? ബി ജെ പിയെ കൈയും നീട്ടി സ്വീകരിക്കാത്തതോ? വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തു തോല്‍പിച്ചതോ? ബി ജെ പിക്ക് വേരോട്ടം ലഭിക്കാത്തതിനെ ചൊല്ലി കേരളത്തോട് സംഘ്പരിവാറിനുള്ള വിരോധവും ഈര്‍ഷ്യതയും അറിയപ്പെട്ടതാണ്. എങ്കിലും അത് പ്രകടിപ്പിക്കുന്നതിനും വേണ്ടേ അല്‍പം ഔചിത്യം? കേരളമൊന്നാകെ ദുരന്തത്തില്‍ മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്നെ വേണോ വിദ്വേഷ പ്രചാരണങ്ങളും സ്പര്‍ധ സൃഷ്ടിക്കാനുളള കുത്സിത ശ്രമങ്ങളും? എന്നാല്‍ സംഘ്പരിവാറിന്റെ ആഹ്വാനങ്ങളെ സംസ്ഥാനത്തെ നല്ലവരായ ഹൈന്ദ സുഹൃത്തുക്കള്‍ തള്ളിക്കളയുകയാണുണ്ടായത്.