ആ ജീവനുകള്‍ ചവിട്ടി കയറിയത് ജെയ്‌സലിന്റെ ചുമലിലാണ്

താനൂര്‍ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ ആണ് ജൈസല്‍
Posted on: August 20, 2018 9:30 am | Last updated: August 20, 2018 at 10:32 am
SHARE
ജൈസലിന്റെ പുറത്ത് ചവിട്ടി ബോട്ടിലേക്ക് കയറുന്ന സ്ത്രീ, ജയ്‌സല്‍ (മധ്യത്തില്‍) സഹപ്രവര്‍ത്തകരോടൊപ്പം

തിരുവനന്തപുരം: പ്രളയം മൂടിയവരെ രക്ഷിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട് രക്ഷാപ്രവര്‍ത്തകര്‍. അവരില്‍ ഒരു നീല ഷര്‍ട്ടുകാരനെ സല്യൂട്ട് ചെയ്യുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സാന്ത്വന തീരമണയിക്കാനുള്ള തത്രപ്പാടിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിനാണ് ഈ കൈയടി. താനൂര്‍ ചാപ്പപടി സ്വദേശിയായ ജെയ്‌സലാണ് ഈ രക്ഷകന്‍. ട്രോമാകെയര്‍ വളണ്ടിയറും എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകനുമാണ് മത്സ്യതൊഴിലാളിയായ ജെയ്‌സല്‍. ജെയ്‌സലിന്റെ മുതുകില്‍ ചവിട്ടി സ്ത്രീകള്‍ ബോട്ടിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഈ സാന്ത്വനപ്രവര്‍ത്തകന് നിറകണ്ണുകളോടെ ആദരവ് അര്‍പ്പിക്കുകയാണ് കേരളം.

മലപ്പുറം ട്രോമാ കെയറിന്റെ സംഘത്തിലാണ് ജെയ്‌സല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വേങ്ങര മുതലമാട് എന്ന സ്ഥലത്ത് നിന്നാണ് ജെയ്‌സല്‍ ഇത്തരത്തില്‍ സ്ത്രീകളെ രക്ഷിച്ചെടുത്തത്. പ്രളയത്താല്‍ പകച്ചുപോയി പേടിച്ചരണ്ടുവരുന്നവരോട് ധൈര്യമായി ചവിട്ടിക്കയറിക്കോളൂ, ഒന്നും പറ്റില്ലെന്ന് പറഞ്ഞ് മുതുക് കാണിച്ചുകൊടുക്കുകയായിരുന്നു. ഇത് കണ്ട് നിന്നവരാരോ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തന്റെ വീഡിയോ വൈറലായതൊന്നും ജെയ്‌സല്‍ അറിഞ്ഞിരുന്നില്ല. ഇന്നലെയും തൃശൂര്‍ മാളയില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു. തൃശൂരില്‍ നിന്ന് മാത്രം നൂറ്റിയമ്പതിലധികം പേരെ ജെയ്‌സലിന്റെ നേതൃത്വത്തില്‍ രക്ഷിച്ചു.

ഈ മഴക്കാലം തുടങ്ങിയത് മുതല്‍ ജോലിക്ക് പോയിട്ടില്ല. എന്നും എവിടെ നിന്നെങ്കിലും സന്ദേശം വരും. അവരെ രക്ഷിക്കലാണ് പിന്നീടുള്ള ദൗത്യം. നാനൂറിലധികം പേര്‍ ഈ മഴക്കാലത്ത് ജെയ്‌സലിന്റെ കൈയിലൂടെ ജീവിതത്തിന്റെ തീരമണഞ്ഞിട്ടുണ്ട്. പതിനാറുകൊല്ലമായി ജെയ്‌സല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലുണ്ട്. മറ്റുള്ളവരുടെ സങ്കടത്തിലേക്ക് തോണി തുഴഞ്ഞെത്തുമ്പോഴും സ്വന്തംകാര്യം ചിന്തിക്കാറില്ല. വീട്ടിലെ സ്ഥിതിയെക്കുറിച്ച് അറിയില്ല. സുഹൃത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചിട്ടുണ്ട്. അവര്‍ അത് കൊണ്ട് കഴിയും. സ്വന്തം വീടും വെള്ളത്തിലാണ്. അപ്പോഴും മറ്റുള്ളവരുടെ ദുരിതം തീര്‍ക്കുന്ന തിരക്കിലാണ് ജെയ്‌സല്‍.

അടച്ചുറപ്പുള്ള ഒരു വീടില്ല. സ്വന്തമായൊരു തോണി ഉണ്ടായിരുന്നു. കടല്‍ക്ഷോഭത്തില്‍ അത് തകര്‍ന്നു. ഇടക്ക് ബസില്‍ ഡ്രൈവറായി പോകും. താനൂര്‍ ചാപ്പപടിയിലെ ആവോല്‍ ബീച്ചിലാണ് ജൈസലും ഭാര്യ ജസീറയും ജിര്‍വാന്‍, ജിഫ മോള്‍, ജുബി മോള്‍ എന്നീ മക്കളും കഴിയുന്നത്. എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകനായ ജെയ്‌സല്‍ ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here