Connect with us

Kerala

തകര്‍ന്നത് 10,698 കി. മി റോഡ്; 59 പാലങ്ങള്‍ വെള്ളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ റോഡുകള്‍ക്ക് വന്‍നാശനഷ്ടമാണ് സംഭവിച്ചത്്. പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക കണക്ക്് പ്രകാരം 10,698 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 221 പാലങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. പ്രാഥമികമായി 4,441 കോടി രൂപയുടെ നഷ്ടമാണ് ഈ രംഗത്ത് കണക്കാക്കിയിട്ടുള്ളത്. അപ്രോച്ച് റോഡുകള്‍ തകര്‍ന്നത് കാരണം 59 പാലങ്ങളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാത 47നും എം സി റോഡിനും കേടുപാടുകള്‍ സംഭവിച്ചു. ആലപ്പുഴയില്‍ തകര്‍ന്ന റോഡുകള്‍ എത്രയുണ്ടെന്നു കണക്കാക്കാന്‍ വെള്ളം ഇറങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമേ കഴിയൂ.

ആലപ്പുഴ- ചങ്ങനാശ്ശരി എ സി റോഡ് പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. അതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം വെള്ളം ഇറങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമേ സാധ്യമാകൂ. പ്രളയക്കെടുതി ദുരിതം വിതച്ച മലയോര മേഖലകളില്‍ റോഡുകള്‍ പലതും തകര്‍ന്നു കിടക്കുകയാണ്. മലയോര മേഖലയില്‍ വൈദ്യുതി തടസ്സമുള്ളതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഒറ്റപ്പെട്ട നിലയിലാണ്. വയനാട് ചുരം വഴി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. എ സി റോഡില്‍ ചെങ്ങന്നൂര്‍, പറവൂര്‍ എന്നീ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. അതിനാല്‍ എത്രമാതം റോഡ് തകര്‍ന്നുവെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കിയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ നാശനഷ്ടം കണക്കാക്കാന്‍ ആയിട്ടില്ല. ദേശീയപാത 47ലും എം സി റോഡിലും തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ നീക്കുന്നതിന് പൊതുമരാമത്ത്്് അധികൃതര്‍ക്ക്്് കഴിഞ്ഞിട്ടുണ്ട്.

ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. റെയില്‍ സൗകര്യങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗവും ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. റെയില്‍ ഗതാഗതം ഉടന്‍ തന്നെ പുനഃസ്ഥാപിക്കുന്നതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. റോഡ് ഗതാഗതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകളുള്‍പ്പെടെ നടത്തുന്നതിന് കെ എസ് ആര്‍ ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഗതാഗത മേഖലയിലെ പുനരുദ്ധാരണത്തിനായി ആയിരം കോടി രൂപ നേരത്തേ തന്നെ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.

Latest