ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

Posted on: August 20, 2018 9:21 am | Last updated: August 20, 2018 at 9:57 am

ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും മുഴുവനാളുകളെയും രക്ഷപ്പെടുത്താന്‍ അഞ്ച് ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധ്യമായിട്ടില്ല. ഇതിനകം പലര്‍ക്കും ജീവഹാനി സംഭവിച്ചിട്ടുള്ളതായും നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും മറ്റും ചത്ത് പ്രളയ ജലത്തില്‍ ഒഴുകി നടക്കുന്നതായുമാണ് രക്ഷാപ്രവര്‍ത്തകര്‍ തന്നെ നല്‍കുന്ന വിവരം. വീടുകളില്‍ കുടുങ്ങിയ പലരെ കുറിച്ചും ഇനിയും വിവരമില്ലാത്തത് ആശങ്കക്കിടയാക്കുകയാണ്.

പ്രളയക്കെടുതിയിലകപ്പെട്ട ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും 95 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതായി ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും ആയിരങ്ങള്‍ ഇനിയും വീടുകളില്‍ കുടിവെള്ളവും ഭക്ഷണവും പോലും ലഭിക്കാതെ ഒറ്റപ്പെട്ടുകഴിയുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും കടന്നുചെല്ലാന്‍ പറ്റാത്ത വിധം ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ അകപ്പെട്ടവരും വീടുകളുപേക്ഷിച്ച് പോകാന്‍ മടിയുള്ളവരുമുള്‍പ്പെടെ ആയിരങ്ങളാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

പമ്പയിലെ ജലനിരപ്പുയരുന്നതിന് കാരണമായ കക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ വീണ്ടും ഉയര്‍ത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥിതിഗതികള്‍ സങ്കീര്‍ണമായതോടെ പാണ്ടനാട്, ഇടനാട്, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ വാര്‍ഡ് തലത്തില്‍ തിരിച്ചുകൊണ്ട് വീട് തോറുമുള്ള പരിശോധനകള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ചെങ്ങന്നൂര്‍ നഗര പ്രദേശത്തെ പ്രളയജലം ഏതാണ്ട് പൂര്‍ണമായും ഇറങ്ങി. ഉള്‍പ്രദേശങ്ങളിലെ ജലനിരപ്പിലും കാര്യമായ താഴ്ചയുണ്ടായെങ്കിലും രക്ഷാദൗത്യങ്ങള്‍ പരാജയപ്പെടുകയാണെന്ന് ദൗത്യസംഘങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. അതേസമയം, ഒഴിപ്പിക്കല്‍ നല്ല രീതിയില്‍ നടന്നുവരികയാണെന്നും ഇന്നും നാളെയുമായി എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലെത്തിക്കാന്‍ കഴിയുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ അവകാശപ്പെട്ടു. ഇപ്പോള്‍ തന്നെ അപകട മേഖലയില്‍ നിന്ന് 90 ശതമാനം പേരെയും ക്യാമ്പുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടനാട് ഒഴിപ്പിക്കല്‍ 95 ശതമാനം പൂര്‍ത്തിയായി. പാണ്ടനാട് 97 ശതമാനം പേരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയില്‍ 2,54,000 പേര്‍ ക്യാമ്പുകളില്‍ ഉണ്ട്. 935 ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. 65,000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്കെല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്.

കുട്ടനാട്ടില്‍ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 96 മണിക്കൂറില്‍ കുട്ടനാട്ടില്‍ മാത്രം 2.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. കുട്ടനാട്ടില്‍ നിന്നുള്ള 50,000 പേരാണ് ചങ്ങനാശ്ശേരിയിലും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലും അഭയം തേടിയിട്ടുള്ളത്. ചങ്ങനാശ്ശേരിയിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. ചെറിയ വള്ളങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാനും ഇവരെ പുറത്തേക്ക് കൊണ്ടുവരാനും നടപടി സ്വീകരിച്ചിട്ടുണ്ട് . ഇപ്പോഴും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ആളുകള്‍ ക്യാമ്പിലേക്ക് വരാന്‍ തയ്യാറായിട്ടില്ല.
250 ഹൗസ് ബോട്ടുകള്‍, 130 മോട്ടോര്‍ ബോട്ടുകള്‍, അമ്പതില്‍പ്പരം സ്പീഡ് ബോട്ടുകള്‍, 500 പേരെ ഉള്‍ക്കൊള്ളാവുന്ന ബാര്‍ജ് ഉള്‍പ്പടെ മൂന്ന് ജങ്കാര്‍, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് ജില്ല കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.