Connect with us

Gulf

അറഫയില്‍ ഇന്ന് മാനവ മഹാസംഗമം

Published

|

Last Updated

മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ എത്തിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായി. തര്‍വിയത്തിന്റെ ദിനമായ ഇന്നലെ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് സുബ്ഹിന് ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങും. ഇതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫ സാക്ഷ്യം വഹിക്കും.
അല്ലാഹുവിനോട് പാപമോചനം തേടിയും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും ഇരുപത് ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകര്‍ അറഫയില്‍ ഒന്നിക്കും. ആഭ്യന്തര തീര്‍ഥാടകരുള്‍പ്പെടെ 20 ലക്ഷം ഹാജിമാര്‍ക്ക് ഹജ്ജ് കര്‍മം സുഗമമായി നിര്‍വഹിക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍കി പറഞ്ഞു. മിനായിലേക്കുള്ള വീഥികളിലും അറഫയിലും മുസ്ദലിഫയിലും കനത്ത സുരക്ഷയും വിപുലമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മക്കയുടെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ കഴിയുന്ന രോഗികളുണ്ടെങ്കില്‍ അവരെ സഊദി റെഡ് ക്രസന്റ് വളണ്ടിയര്‍മാര്‍ എയര്‍ ആംബുലന്‍സിലും ആംബുലന്‍സ് വാനുകളിലും അറഫയുടെ അതിര്‍ത്തിക്കുള്ളിലെത്തിക്കും. രോഗികളായ ഇന്ത്യന്‍ ഹാജിമാരെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ആംബുലന്‍സ് വാനുകളില്‍ തന്നെ അറഫയിലെത്തിക്കും. മദീനയില്‍ ആശുപത്രികളില്‍ കഴിയുന്ന 23 രോഗികളെ ആംബുലന്‍സുകളില്‍ അറഫയിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായി മന്‍സൂര്‍ തുര്‍കി പറഞ്ഞു.
മിനായില്‍ ആരാധനകളുമായി കഴിഞ്ഞ ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെയോടെ അറഫയിലേക്ക് ഒഴുകിത്തുടങ്ങും. മധ്യാഹ്നം മുതലാണ് അറഫാ സംഗമം ആരംഭിക്കുന്നത്. തീര്‍ഥാടകര്‍ മഗ്‌രിബ് വരെ പ്രാര്‍ഥനകളുമായി അറഫയുടെ അതിര്‍ത്തിക്കുള്ളില്‍ കഴിയും.

സൂര്യാതപമേല്‍ക്കാതിരിക്കാന്‍ അറഫയിലും ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളിലും വാട്ടര്‍ സ്‌പ്രേയറുകള്‍ ഒരുക്കിയിട്ടുണ്ട്. മക്കയിലും മിനായിലുമായി 5000 കിടക്കകളുള്ള 25 ആശുപത്രികളും 155 ഹെല്‍ത്ത് സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 180 ആംബുലന്‍സുകളും വൈദ്യസഹായ സൗകര്യങ്ങളുള്ള 20 മോട്ടോര്‍ ബൈക്കുകളും സഊദി റെഡ് ക്രസന്റ് സൊസൈറ്റി തയ്യാറാക്കിയിട്ടുണ്ട്.

ക്ലീനിംഗിന് മക്ക മുനിസിപ്പാലിറ്റി 13373 ശുചിത്വ തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. സൂര്യാസ്തമയമാകുന്നതോടെ അറഫയില്‍ നിന്ന് തീര്‍ഥാടകര്‍ അറഫക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. അറഫയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണു മുസ്ദലിഫ. കാല്‍നടയായും ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് ഒഴുകും. മുസ്ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ കര്‍മങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അവിടെ തുറന്ന സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ രാത്രി കഴിയും. ഇവിടെ തീര്‍ത്ഥാടകര്‍ മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കും.

വരും ദിനങ്ങളില്‍ ജംറകളില്‍ പിശാചിന്റെ പ്രതീകമായ സ്തൂപങ്ങളെ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് ശേഖരിക്കുക. മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിക്കുന്നവര്‍ 70 കല്ലുകളും രണ്ട് ദിവസം എറിഞ്ഞ് നേരത്തെ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളും ശേഖരിക്കും.

ദുല്‍ഹിജ്ജ പത്ത് ചൊവ്വാഴ്ച സുബ്ഹി നിസ്‌കാരാനന്തരം ഏറ്റവും വലിയ ജംറയായ ജംറത്തുല്‍ അഖബയിലെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതോടെ തല്‍ബിയത്തിനു പകരം ഹാജിമാര്‍ തക്ബീര്‍ മുഴക്കും. ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള ദുല്‍ഹിജ്ജ പത്തിന് ബലികര്‍മം നടത്തിയും തല മുണ്ഡനം ചെയ്തും ത്വവാഫ് ചെയ്തും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.

Latest