Connect with us

Ongoing News

അറഫാ സംഗമം ഇന്ന്; ഹാജിമാര്‍ എത്തിത്തുടങ്ങി

Published

|

Last Updated

ഫയൽ ചിത്രം

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. അല്ലാഹുവിനോടു പാപ മോചനം തേടിയും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വന്നെത്തിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത നിറങ്ങളും വിഭിന്ന സംസ്‌ക്കാരങ്ങളുമുള്ള 20 ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ “ലബ്ബൈക്ക്” മന്ത്ര ധ്വനി മുഴക്കി അറഫയില്‍ ഒന്നിക്കും. സമ്പന്നനെന്നോ ദരിദ്രനെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വക ഭേദമില്ലാതെ ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് അറഫയില്‍ തീര്‍ത്ഥാടകര്‍ ശുഭ്ര സാഗരം സൃഷ്ടിക്കുംബോള്‍ അത് ഏറ്റവും അനുഭൂതിയുള്ള കാഴ്ചയായി മാറും. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമവും.

ഇന്നലെ തമ്പുകളുടെ നഗരമായ മിനയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അറഫയിലേക്ക് നീങ്ങിത്തുടങ്ങി. മുതവ്വിഫ് ബസ്സുകളിലും മശാഇര്‍ ട്രെയിനുകളിലുമായാണ് ഹാജിമാര്‍ അറഫാ മൈതാനത്തിലേക്ക് എത്തുന്നത്. ഉച്ചയോടെ നമിറ പള്ളിയും അറഫാ പര്‍വ്വതവും പരിസരങ്ങളും ശുഭവസ്ത്രധാരികളെകൊണ്ട് നിറയും. ളുഹര്‍ നിസകരാനന്തരം അറഫയിലെ മസ്ജിദ്നമിറയില്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ അറഫാ പ്രഭാഷണം മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍വഹിക്കും സൂര്യാസ്തമയം വരെ അറഫയില്‍ ആരാധനാ കര്‍മങ്ങളിലും പ്രാര്‍ഥനയിലുമായി കഴിച്ചുകൂട്ടുന്ന അവര്‍ പിന്നീട് മുസ്ദലിഫയിലേക്ക് നീങ്ങും.
വരും ദിനങ്ങളില്‍ ജംറകളില്‍ പിശാചിന്റെ പ്രതീകമായ സ്തൂപങ്ങളെ എറിയാനുള്ള കല്ലുകള്‍ മുസ്-ദലിഫയില്‍ നിന്നാണു ഹാജിമാര്‍ ശേഖരിക്കുക. അവിടെ തുറന്ന സ്ഥലങ്ങളില്‍ ഹാജിമാര്‍ രാത്രി കഴിച്ചുകൂട്ടും.

ദുല്‍ ഹിജ്ജ 10 ചൊവ്വാഴ്ച സുബ്ഹി നമസ്‌കാരാനന്തരം ഏറ്റവും വലിയ ജമ്രയായ ജംറത്തുല്‍ അഖ്ബയിലെത്തി കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കുന്നതോടെ തല്‍ബിയത്തിനു പകരം ഹാജിമാര്‍ തക്ബീര്‍ മുഴക്കും. ഏറ്റവും കൂടുതല്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ദുല്‍ ഹിജ്ജ 10 നു ബലികര്‍മ്മം നടത്തിയും തല മുണ്ഡനം ചെയ്തും ത്വവാഫ് ചെയ്തും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ശേഷം ഇഹ്‌റാമിന്റെ വസ്ത്രം അഴിച്ചുമാറ്റി സാധാരണ വസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും.ശേഷമുള്ള ദിനങ്ങളില്‍ ബാക്കിയുള്ള കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കാന്‍ ഹാജിമാര്‍ മിനയില്‍ തങ്ങും. നിര്‍ബന്ധ ത്വവാഫ് നിര്‍വഹിക്കാത്തവര്‍ മിനയിലെ താമസത്തിനിടയില്‍ അവ നിര്‍വഹിക്കും.

ഇത്തവണ കനത്ത ചൂടിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. 42 ഡിഗ്രിയാണ് അറഫയിലെ താപനില. അതേസമയം, അറഫയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചു. മഴയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തി 75,025 പേരാണ് ഹജ്ജിന് എത്തിയത്. ഇതില്‍ 11,689 പേര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വന്നവരാണ്. കേരളത്തിലെ കാലാവര്‍ഷകെടുതിമൂലം യാത്രവൈകിയ ഹാജിമാര്‍ കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത് ഹാജിമാരുടെ സേവനകള്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ് മിനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങായിതായി ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു.