രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഇനി ഊന്നല്‍ പുനരധിവാസത്തിനെന്ന് മുഖ്യമന്ത്രി

Posted on: August 19, 2018 9:21 pm | Last updated: August 20, 2018 at 9:56 am

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

22033 പേരെ ഇന്ന് രക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ 725000 പേര്‍ കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് വീടുകളില്‍ വേണ്ട അവശ്യം സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്തുകളില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കും. ശുദ്ധജലം ഉറപ്പുവരുത്താനായി ജലസ്രോതസ്സുകള്‍ വേഗത്തില്‍ ശുദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.