ഹാജിമാര്‍ മിനയിലേക്ക് നീങ്ങുന്നു; വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

Posted on: August 19, 2018 9:04 pm | Last updated: August 20, 2018 at 7:13 am

മക്ക:ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാര്‍ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ന് രാത്രിയോടെ ഹാജിമാര്‍ മിനയില്‍ രാപാര്‍ത്ത് തിങ്കളാഴ്ച്ച രാവിലെ സുബഹി നമസ്‌കാരത്തോടെ അറഫ ലക്ഷ്യമാക്കി നീങ്ങും.

മസ്ജിദുല്‍ ഹറമില്‍ നിന്നും രാവിലെ സുബഹി നമസ്‌കാരം കഴിഞ്ഞ ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 20 ലക്ഷത്തില്‍പരം ഹാജിമാര്‍ മക്കയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെട്ടത്. ഹാജിമാരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരി ഇതിനകം തന്നെ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച്ച രാത്രി മിനയില്‍ രാപ്പാര്‍ത്ത ശേഷം ഹാജിമാര്‍ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയില്‍ സംഗമിക്കാന്‍ മിനയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള അറഫ ലക്ഷ്യമാക്കി നീങ്ങും.

ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ നേരത്തെ തന്നെ മിനയിലെത്തി കഴിഞ്ഞു. ഇത്തവണ തിരക്ക് കുറക്കുന്നതിന് വേണ്ടി ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക സമയ ക്രമീകരണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹാജിമാരെല്ലാം ഇതിനകം മിനയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണ കനത്ത സുരക്ഷാ വലയത്തിലാണ് മിന നഗരം.