Connect with us

Prathivaram

മതില്‍ പണിയുകയല്ല, പാലം കെട്ടുകയാണ്

Published

|

Last Updated

ഇക്കഴിഞ്ഞയാഴ്ചയെഴുതിയ “ആര്‍ദ്ര” മായ ലേഖനം വായിച്ച ഒന്നുരണ്ടു പേര്‍ എന്നെ കാര്യമായി ശകാരിച്ചു. കാര്യത്തിന്റെ കാതല്‍ അവതരിപ്പിക്കാതെ കാടും പടലും പറഞ്ഞ് പേജ് നിറച്ചു കളഞ്ഞു എന്നതാണ് ആരോപണത്തിന്റെ കാതല്‍. “ആളുകള്‍ പറയുന്നത് പറഞ്ഞോട്ടെ, നമുക്ക് നമ്മുടെ വഴി” എന്ന വഴി സ്വീകരിക്കാനറിയാഞ്ഞിട്ടല്ല. പക്ഷേ, അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുമ്പോള്‍ കേട്ടവാറാക്കാതിരിക്കുന്നത് ഒരു തരം സര്‍ഗാത്മക ധാര്‍ഷ്ട്യമാണ്. ആയതിനാല്‍ അതേക്കുറിച്ച് തന്നെ നമുക്ക് ചിലതു കൂടി പറയാം. പ്രത്യേകിച്ച് ഓണവും ബലി പെരുന്നാളും ഒന്നിച്ചു വരുന്ന വേളയാണല്ലൊ.

കഴിഞ്ഞ ലക്കത്തില്‍ കോറിയ ഒരാശയം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും എന്ന് കരുതി സന്തോഷിക്കുന്നു. അഥവാ, മത സൗഹാര്‍ദം എന്ന് പറഞ്ഞാല്‍ വിശ്വാസ ആചാരങ്ങള്‍ പരസ്പരം പങ്കിടലല്ല, മറിച്ച് അവ വ്യത്യസ്തമായി കിടക്കുമ്പോള്‍ തന്നെ മാനവികമായ ഒരു ഭൂമികയില്‍ സൗന്ദര്യപൂര്‍വം സന്ധിക്കാനുള്ള പേശി അയവാണ് ആവശ്യം. കുമാരന്‍ മാഷും ഉമ്മര്‍ മുന്‍ഷിയും നടന്നു പോവുന്നു. ആദ്യം കാണുന്നത് കാവാണ്. മാഷ് അരയാല്‍ തറയില്‍ മുഖം കുനിച്ച് നമിക്കുന്നു. ഉടന്‍ മാഷിനെ സന്തോഷിപ്പിക്കാന്‍ അരയാലിനെ വണങ്ങുകയല്ല മുന്‍ഷി ചെയ്യേണ്ടത്. ഒട്ടു കഴിഞ്ഞ് സ്രാമ്പിയെത്തുന്നു. അപ്പോള്‍ മാറി നില്‍ക്കുന്ന മാഷെ നോക്കി “എടാ കടുത്ത വര്‍ഗീയവാദീ, കയറി വന്ന് രണ്ട് റകഅത് തഹിയ്യത്തടിച്ച് പോടേ” എന്ന് പറയുകയല്ല മുന്‍ഷി വേണ്ടത്. ഇങ്ങനെ സ്വന്തം വിശ്വാസം ഉടക്കുകയോ അന്യന്റെ ആചാരം പുല്‍കുകയോ വഴി അന്യനെ സന്തോഷിപ്പിക്കാന്‍ നമ്മളും, അങ്ങനെ ചെയ്താല്‍ മാത്രം സന്തോഷവാനാവുന്ന സഹോദര മതസ്ഥനും ഉണ്ടാവുക എന്നത് ആശ്വാസ്യമല്ല. ഇതുവരെ അങ്ങനെ ഉണ്ടായിട്ടുമില്ല. മറിച്ച് സഹോദരന്റെ വിശ്വാസ ആചാരങ്ങളെ വകവെച്ചു കൊടുക്കാനും മാനിക്കാനുമുള്ള മനത്തുറസ്സ് ആണ് നമുക്ക് വേണ്ടത്. അങ്ങനെ വരുമ്പോള്‍ ആല്‍ത്തറക്ക് സമീപം നടന്നു നീങ്ങവെ അവിടെ മുനിഞ്ഞു കത്തുന്ന തിരിവിളക്ക് ഊതിക്കെടുത്താന്‍ തോന്നില്ല. പള്ളിയില്‍ നിന്ന് വാങ്കൊലി കേള്‍ക്കുമ്പോള്‍ കൊഞ്ഞനം കുത്താനും മുതിരില്ല.

വിശദീകരിച്ചത് അധികമായിപ്പോയെന്നറിയാം; കരുതിക്കൂട്ടി ചെയ്തതാണ്, കാരണമുണ്ട്. ഓണസദ്യ ഉണ്ടുകൂടെ, ബലി മാംസം സഹോദര മതസ്ഥനെ കൊണ്ട് തീറ്റിച്ചുകൂടേ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് ഈ മാതിരി മുന്നറിവുകളിലൂടെയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ നെഞ്ചാണ് അവന്റെ വിശ്വാസം. ജീവിതത്തില്‍ ബാക്കിയുളളതെല്ലാം ആ വിശ്വാസത്തിന് വേണ്ടി ത്യജിക്കാന്‍ സന്നദ്ധമാവുമ്പോഴാണ് വിശ്വാസത്തിന് പത്തരമാറ്റിന്റെ തിളക്കം വരുന്നത്. അത് ദൃഢവും മൗലികവും അചഞ്ചലവുമായിരിക്കണം. ഒപ്പം അന്യന്റെ വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും വേണം. അന്യരുടെ വിശ്വാസം ഉള്‍ക്കൊള്ളുക എന്നു പറഞ്ഞാല്‍ എല്ലാ വിശ്വാസവും എന്റെതു പോലെ ശരി തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കലല്ല. അത് കപടതയാണ്. സ്വന്തത്തോടും അന്യരോടും ചെയ്യുന്ന 916 കാപട്യമാണത്. മൂന്നും നാലും എട്ടരയാണെന്നും ജലത്തിന്റെ തന്മാത്ര എച്ച് ത്രി ക്യു ആണെന്നും ത്രികോണത്തിന്റെ നാല് കോണുകളുടെയും ആകെത്തുക മുന്നൂറ്റി നാല്‍പ്പതേ ദശാംശം ആറ് രണ്ട് ആണെന്നും ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത് കണ്ണമ്പറമ്പില്‍ ശങ്കരന്‍ പിഷാരടി ആണെന്നും ടെലിഗ്രാം കണ്ടു പിടിച്ചത് കോയിപ്പറമ്പില്‍ അന്തുറുമാങ്കുട്ടി ആണെന്നും കപിലവസ്തുവിന്റെ തലസ്ഥാനം മാവിലായിലാണെന്നും മക്രോണി മസാല ഉണ്ടാക്കുന്നത് മാര്‍കോണിയുടെ അളിയനാണെന്നുമൊക്കെയുള്ള വിചിത്ര വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സുഹൃത്തുക്കള്‍ നിനക്കുണ്ടെന്ന് സങ്കല്‍പ്പിക്കുക. നിങ്ങളുടെ സൗഹാര്‍ദത്തിന്റെ വേരു പടര്‍ത്താന്‍ “നിങ്ങളുടെ വിശ്വാസങ്ങളെല്ലാം ഞാന്‍ ശരിവെക്കുന്നു” എന്ന് പ്രഖ്യാപിക്കല്‍ എന്തു മാത്രം ദുശ്ശരിയാണെന്ന് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ വേണ്ടതതല്ല. മറിച്ച്, അവര്‍ക്ക് അങ്ങനെയൊക്കെ വിശ്വസിക്കാനുള്ള അവകാശം വകവച്ചു കൊടുക്കലും, അങ്ങനെ വിശ്വസിക്കുന്നതിന്റെ പേരില്‍ ആരെങ്കിലും അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളെ അപായപ്പെടുത്തിയാണെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കുകയുമാണ്. വോള്‍ട്ടയര്‍ പറഞ്ഞതായി പറയപ്പെടാറില്ലേ: I disapprove of what you say, but I will defend to death your right to say it. (ഇത് ഇവ്‌ലിന്‍ ബീട്രിച്ച് ഹാള്‍ പറഞ്ഞതാണെന്നാണ് പ്രബലാഭിപ്രായം).

അപ്പോള്‍ കൂടിനില്‍ക്കുന്നവരെ ബാഹ്യമായി (കപടമായി) സന്തോഷിപ്പിക്കുന്നതിന് മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ വെള്ളം ചേര്‍ക്കുക എന്നത് കൊള്ളാവുന്ന കാര്യമല്ല. എന്തായിരിക്കണം ആചാരം, എന്തായിരിക്കണം വിശ്വാസം എന്നതിന്റെ അടിസ്ഥാനം മതപരമായ നിയമാവലി തന്നെയാണ്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അതൊരു ഇലാഹീ മതമാകയാല്‍ നിയമങ്ങളഖിലവും ദൈവികപ്രൊക്തമാണ്. അതില്‍ സാന്ദര്‍ഭികസൗകര്യത്തിന് വേണ്ടി കൈയിട്ടിളക്കുക എന്നത് അങ്ങേയറ്റം കുറ്റകരമാണ്. അങ്ങനെ വരുമ്പോള്‍, നിന്റെ വീട്ടില്‍ രണ്ട് കിലോ പോത്തിറച്ചി പെരുന്നാളിന് പുഴുങ്ങുമ്പോള്‍, അമുസ്‌ലിം ആയ നിന്റെ അയല്‍വാസിക്കും കിടക്കട്ടെ, എന്ന് കരുതി ഒരു നാല് കിലോ മൂരിച്ചണ്ണ വാങ്ങികൊടുക്കുന്നത് തെറ്റല്ല. എന്നല്ല, സുഹൃത്തായ രാമദാസിന്റ മകളുടെ കല്യാണത്തിന് ആവശ്യമായ ഒന്നേകാല്‍ ക്വിന്റല്‍ ആട്ടിറച്ചി തീര്‍ത്തും നിന്റെ വകയായി കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ബലി കര്‍മത്തിന്റെ പേരില്‍ അറവു നടത്തിയ ആടിന്റെ അരക്കഷ്ണം കൊടുത്തുകൂട. അതെ, അതങ്ങനെത്തന്നെയാണ്. ക്രൈസ്തവര്‍ ഖുര്‍ബാന വേളയില്‍ വിതരണം ചെയ്യുന്ന വീഞ്ഞപ്പം അക്രൈസ്തവര്‍ക്ക് നല്‍കാറില്ലെന്ന വിവരം ഇന്നുച്ച തിരിഞ്ഞ് രണ്ടേ മുപ്പതിനാണ് ഞാനറിയുന്നത്. പക്ഷെ ആ വിവരം കൈമാറിയ രണ്ട് ക്രൈസ്തവ ചങ്ങാതിമാരെ അവരുടെ പള്ളിയില്‍ കൊണ്ടുവിട്ടത് ഞാനാണുതാനും. ഇനി ഒരമുസ്‌ലിം സുഹൃത്ത് പ്രമോഷന്‍ കിട്ടിയപ്പോള്‍/ മകന് മെഡിസിന് സീറ്റ് കിട്ടിയപ്പോള്‍/ മകള്‍ക്ക് മോതിരമിട്ടപ്പോള്‍ നിനക്കൊരു പാര്‍ട്ടിതന്നു. പോവാം… തട്ടാം… കാരണം അദ്ദേഹത്തിന്റെ സന്തോഷത്തില്‍ നമ്മളും സന്തോഷം പങ്കിടലാണ്. എന്നപോലെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നുചേരുന്ന സന്തോഷമാണ് ഓണം. അതിന് ചില ഐതിഹ്യപരമായ പശ്ചാത്തലങ്ങള്‍ ഒക്കെ പറയപ്പെടുന്നുണ്ടെങ്കിലും, പൊതുവെ ഹൈന്ദവ സഹോദരങ്ങള്‍ ഒരു കേരളീയ പൊതുവാഘോഷം എന്ന നിലക്കാണ് കണ്ടുവരുന്നത്. സുഹൃത്തിന് കൈവന്ന ആഘോഷം എന്ന നിലക്ക്, ആഹാരം കഴിക്കുക എന്ന കാര്യത്തില്‍ ആ സദ്യ പങ്കിടുന്നതില്‍ പന്തികേടില്ല. അതേസമയം ആചാരപരമായി പൂജ നടത്തിയതോ, വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ച നിവേദ്യം പോലുള്ളതോ കഴിക്കുന്നതില്‍ വിശ്വാസിക്ക് വിലക്കുണ്ട്.

അപ്പോ അതൊക്കെ എന്താ അങ്ങനെ, ഇതൊക്കെ മനുഷ്യര്‍ക്കിടയില്‍ മതങ്ങള്‍ നിര്‍മിക്കുന്ന മതിലുകളല്ലേ എന്ന് ചോദിക്കാന്‍ തോന്നുന്ന ചില നിര്‍മത സഹോദരങ്ങള്‍ ഉണ്ടാകും. സുഹൃത്തെ, അത് മതപരമായ കാര്യങ്ങളില്‍ മാത്രമല്ല. മറിച്ച് വ്യക്തിജീവിതത്തിലും നമ്മള്‍ ചില കാര്യങ്ങള്‍ പങ്കിടുകയും ചില കാര്യങ്ങള്‍ പ്രൈവറ്റായി പിടിച്ചു വെക്കുകയും ചെയ്യാറുണ്ട്. അശ്ലീലമെഴുതി എന്ന് ആക്ഷേപിക്കുകയില്ല എന്ന് ഉറപ്പു തരികയാണെങ്കില്‍ വിശദീകരിക്കാം.

നിങ്ങളുടെ ഒരുറ്റ സുഹൃത്ത് വീട്ടില്‍ പാര്‍ക്കാന്‍ വരുന്നു. കൊച്ചുന്നാളിലേ ഒന്നിച്ച് ജീവിച്ച കട്ടച്ചങ്കാണ് വന്നിരിക്കുന്ന വിരുന്ന് മൂപ്പന്‍. ആഹാരത്തില്‍ പലമാതിരി പഥ്യങ്ങളാണ്. നിങ്ങളതെല്ലാം കണ്ടറിഞ്ഞ് ചെയ്തു കൊടുത്തു. കാലില്‍ ചോര കല്ലിച്ചെടുത്ത് വെക്കാന്‍ ഐസ് ക്യൂബ് വേണം, കൊടുത്തു. ബീഡി കൊളുത്താന്‍ തീക്കൊള്ളി വേണം, കൊടുത്തു. ഇടക്കിടെ കുടിക്കാന്‍ അയമോദക വെള്ളം വേണം, ഒരു കൂജ നിറയെ നിങ്ങള്‍ കൊടുത്തു. കിടക്കാന്‍ നേരത്ത് വില്വാദി ഗുളിക ചാലിച്ച് കുടിക്കാന്‍ ആട്ടുമ്പാല്‍ വേണം. അതും പാടുപെട്ട് സംഘടിപ്പിച്ചു കൊടുത്തു. കൊതുകുകടി അസഹ്യമെന്ന്. നിങ്ങള്‍ നിങ്ങളുടെ വലയഴിച്ച് അവന് കെട്ടിക്കൊടുത്തു. കറന്റ് പോയി. പൊരിഞ്ഞ ചൂട്. വിശറി കൊണ്ട് നിങ്ങള്‍ വീശിയുറക്കി. ഒടുക്കം ആ ലക്ഷണംകെട്ടവന്‍ ചോദിക്കുന്നത് താങ്കളുടെ നല്ല പാതിയുമൊത്ത് കിടക്ക പങ്കിടണമെന്നാണ്. ഇരുമ്പുലക്ക കൊണ്ട് തണ്ടങ്കാലിനിടിച്ച് പുറത്താക്കില്ലേ നിങ്ങളവനെ! അപ്പോള്‍ ബാക്കിയെല്ലാം ഓശാരമായി ഷെയറു ചെയ്യുന്ന താങ്ങള്‍ക്കെന്താ അതില്‍ ഒരു പിടിച്ചുവെപ്പ്? എന്തിനാണ് കറയില്ലാച്ചങ്ങാത്തത്തില്‍ ഇമ്മാതിരി മതില്‍ പണിയുന്നു ഹേ!
.