പെണ്ണെഴുതുന്ന ഇസ്‌ലാം

ഗ്രന്ഥകാരിയുടെ വിവാഹാന്വേഷണത്തിന്റെ കഥയാണ് ഈ പുസ്തകം. തനിക്കേറ്റവും അനുയോജ്യനായ തന്റെ മതപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന സുഹൃത്തും സംരക്ഷകനുമാകാന്‍ പറ്റുന്ന ഒരാളെ തേടിയുള്ള അന്വേഷണം. അതോടൊപ്പം ഇസ്‌ലാം മതം എന്താണ് എന്നും അതിന്റെ വ്യത്യസ്ത കര്‍മങ്ങള്‍ എങ്ങനെയൊക്കെ നിര്‍വഹിക്കണം എന്നുമെല്ലാം സൂക്ഷ്മമായി പ്രതിപാദിക്കുന്നു.  
Posted on: August 19, 2018 2:53 pm | Last updated: August 19, 2018 at 2:53 pm
SHARE

മുസ്‌ലിം എഴുത്തുകാരികളുടെ രചനകള്‍ ലോകതലത്തില്‍ ധാരാളം വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കുറച്ചു വര്‍ഷങ്ങളായി അത്തരം പുസ്തകങ്ങളെ വായിക്കാനും അടുത്തറിയാനും ശ്രമിക്കുകയാണ്. അവയില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളെ, എന്റെ വായനാനുഭവത്തില്‍ മൂന്നായി തരം തിരിക്കുന്നു. ഒന്ന്, കൃത്യമായ ഇസ്‌ലാമികവിരുദ്ധ താത്പര്യത്തോടെ, പടിഞ്ഞാറിലെ വലതുപക്ഷ താത്പര്യങ്ങള്‍ക്കനുസരിച്ചു ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍. സോമാലിയയില്‍ ജനിച്ച് ഇപ്പോള്‍ ഡെന്മാര്‍ക്കില്‍ ജീവിക്കുന്ന അയാന്‍ ഹിര്‍സി അലിയുടെ പുസ്തകങ്ങള്‍ ആ ഗണത്തില്‍ പെടുത്താവുന്നതാണ്. മലയാളത്തിലെ ചില മുഖ്യധാരാ പ്രസിദ്ധീകരണശാലകള്‍ വളരെ താത്പര്യത്തോടെ ഹിര്‍സിയുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു പുറത്തിറക്കുന്നതിന്റെ രാഷ്ട്രീയവും തിരിച്ചറിയപ്പെടേണ്ടതാണ്. രണ്ടാമതായി, ഇസ്‌ലാം ജീവിതത്തില്‍ പ്രാക്ടീസ് ചെയ്യുന്നവരാണെന്ന് അവകാശപ്പെടുകയും എന്നാല്‍, മതത്തിന്റെ ശരിയായ വായനകളെ നിരാകരിക്കുകയും സ്വന്തമായ പരിമിത കാഴ്ചപ്പാടുകള്‍ക്കുള്ളിലേക്കു ഇസ്‌ലാമിനെ ചുരുക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ്. മൊറോക്കന്‍ എഴുത്തുകാരി ഫാത്വിമ മെര്‍നീസി, അമേരിക്കക്കാരി ആമിന വദൂദ് തുടങ്ങിയവരുടെയൊക്കെ സ്ത്രീപക്ഷമെന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന പുസ്തകങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. മൂന്നാമത്തെ വിഭാഗം ഇസ്‌ലാമിനെ ശരിയായ അര്‍ഥത്തിലും ദൈവ ശാസ്ത്ര കാഴ്പ്പാടുകളിലും അവതരിപ്പിക്കുകയും മതപരമായ ആത്മീയ സൗരഭ്യത്തെ പ്രകാശിപ്പിക്കുന്നവയുമാണ്. മറ്റ് രണ്ട് വിഭാഗങ്ങളേയും അപേക്ഷിച്ച് വലതുലിബറല്‍ സങ്കല്‍പ്പങ്ങളില്‍ വാര്‍ത്തെടുക്കപ്പെട്ട പുതിയ കാലത്തെ മാധ്യമങ്ങളും പ്രസിദ്ധീകരണാലയങ്ങളും ആഘോഷിക്കാറില്ലെങ്കിലും, സമാന്തരമായി വിശ്വാസികള്‍ക്കിടയില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ നന്നായി വായിക്കപ്പെട്ടുവരുന്നു.

മതത്തെ ശരിയായി അടയാളപ്പെടുത്തുന്ന ഇത്തരം പുസ്തകങ്ങളില്‍ ഇഷ്ടപ്പെട്ട ഒരു കൃതിയാണ് ഷെലിന സഹ്‌റ ജാന്‍മുഹമ്മദ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ ‘ലവ് ഇന്‍ എ ഹെഡ്‌സ്‌കാര്‍ഫ്’. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഇവരുടെ ആത്മകഥാംശമുള്ള, എന്നാല്‍ അതോടൊപ്പം എന്താണ് ഇസ്‌ലാം എന്ന് മനോഹരമായി വരച്ചിടുന്ന പുസ്തകമാണിത്. ബ്രിട്ടീഷ് മുസ്‌ലിംകളെയും അവര്‍ക്കിടയിലെ കുടിയേറ്റക്കാരെയും അവരുടെ നിത്യ ജീവിതത്തെയും കുറിച്ച് മികച്ച ധാരണകള്‍ ഉണ്ടാക്കാനും സഹായകമാണ് ഇതിന്റെ വായനകള്‍.

എട്ട് അധ്യായങ്ങളിലായാണ് പുസ്തകത്തിന്റെ ക്രമീകരണം. ഒരു നോവല്‍ പോലെ വായിച്ചു പോകാന്‍ കഴിയുന്ന ഈ ഗ്രന്ഥം ഇവരുടെ വിവാഹാന്വേഷണത്തിന്റെ കഥയാണ്. തനിക്കേറ്റവും അനുയോജ്യനായ തന്റെ മതപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഹൃദയ വിശാലതയുള്ള സുഹൃത്തും സംരക്ഷകനുമാകാന്‍ പറ്റുന്ന ഒരാളെ തേടിയുള്ള അന്വേഷണം. എന്നാല്‍, അതോടൊപ്പം വളരെ മനോഹരമായി ഇസ്‌ലാം മതം എന്താണ് എന്നും അതിന്റെ വ്യത്യസ്ത കര്‍മങ്ങള്‍ എങ്ങനെയൊക്കെ നിര്‍വഹിക്കണം എന്നുമെല്ലാം സൂക്ഷ്മമായി പ്രതിപാദിക്കുന്നു.

ആദ്യമായി ശെലീനയിലേക്ക് വിവാഹാന്വേഷണം വരുന്ന സംഭവം വിവരിച്ചാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. നാടകീയമാണ് ആ വിവരണം. ‘അടുക്കളയില്‍ സമൂസ പൊരിച്ചെടുക്കുകയാണ്. വലിയ പാത്രത്തിലേക്ക് എണ്ണ ഒഴിക്കുന്നതിലാണ് എന്റെ ഉമ്മയുടെ ശ്രദ്ധ. പക്ഷെ, അവരുടെ ചിന്ത മുഴുവന്‍ ഇന്ന് വീട്ടിലെത്താനുള്ള അതിഥികളെ കുറിച്ചാണ്. വളരെ പ്രധാനപ്പെട്ട അതിഥികളാണ് അവര്‍; ഒരുപക്ഷേ, ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടവര്‍. ഡോര്‍ ബെല്‍ മുഴങ്ങി. ഒരു ടീ ടവ്വലുമായി മുകളിലേക്ക് കുതിച്ചു. വീടാകെ, ബദ്ധശ്രദ്ധയുടെ ഇരമ്പം. കര്‍ട്ടന്‍ ശരിയാക്കി. അടുക്കള ഡോര്‍ പതിയെ തുറന്നു ഉപ്പയുടെ മുന്നറിയിപ്പ്: ദേ, അവരെത്തി. ഉപ്പ പ്രധാന വാതിലിലേക്ക് നീങ്ങി; ഒരു പക്ഷേ, അവരുടെ ഭാവി മരുമകനെ ആദ്യം കാണുന്നതിന്റെ വിസമയത്തോടെ’.

പുസ്തകത്തിന്റെ മുന്നോട്ടുപോക്ക്, ഇങ്ങനെ രസകരമായ ചെറിയ വാക്യങ്ങളിലുള്ള എന്നാല്‍, ജീവിതത്തിന്റെ സാധാരണ ഘടനകളെപ്പോലും കൃത്യമായി ആവിഷ്‌കരിക്കുന്ന രീതിയിലാണ്. തുടര്‍ന്ന്, രസകരമായ കൂടിക്കാഴ്ചയും സംഭാഷണവും ആ സമയത്ത് മനസ്സിനകത്ത് നിറയുന്ന വിവിധ വികാരങ്ങളുമെല്ലാം പറയുന്നു. ഉമ്മയും ഉപ്പയും അപ്പുറത്ത് ആകാംക്ഷയോടെ തങ്ങളുടെ ചലനങ്ങള്‍ കാണുന്നതും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ രൂപപെടുത്തന്നതുമെല്ലാം. ആദ്യ അധ്യായത്തില്‍ വിസ്തരിച്ചു പറയുന്ന ഒന്ന്, ‘മാച്ച് മേക്കര്‍’ അഥവാ ദല്ലാളിനെ കുറിച്ചാണ്. സ്ത്രീകള്‍ മതപഠന ക്ലാസുകള്‍ക്കും മറ്റും ഒരുമിക്കുന്ന സ്ഥലത്ത് കാണുന്ന മുതിര്‍ന്ന ഒരു സ്ത്രീയാണ് അവര്‍. ഓരോ കുട്ടിയുടെയും സ്വഭാവവും ശീലങ്ങളും യോഗ്യതയും മനസ്സിലാക്കി, അതിനനുയോജ്യരായവരെ കണ്ടെത്തിയാല്‍ അറിയിച്ച് വിവാഹം സാധ്യമാക്കാന്‍ ഇടപെടുന്നവര്‍.

ആദ്യത്തെ ആലോചന യോജിക്കാത്തതിനാല്‍, അടുത്ത അന്വേഷണത്തിലേക്ക് പോകുന്നതാണ് രണ്ടാം അധ്യായ ഇതിവൃത്തം. അതോടൊപ്പം, പ്രവാസത്തിന്റെ സങ്കടങ്ങളും മറ്റൊരു ദേശത്തു കുടിയേറ്റക്കാരായി ജീവിക്കുമ്പോള്‍ അനുഭവിക്കുന്ന അപരത്വത്തിന്റെ വീര്‍പ്പുമുട്ടലുകളും കടന്നുവരുന്നു ഇവിടെ. ‘സ്‌കൂളില്‍ പഠിക്കുന്ന കാലത്തു ഞാനാദ്യം നേരിട്ട ചോദ്യം ‘എവിടെ നിന്ന് വരുന്നു’ എന്നായിരുന്നു’. ഒരു കുട്ടിയോട് പ്രാഥമികമായി ചോദിക്കേണ്ട ഒന്നല്ലലോ അത്. എനിക്ക് എന്റെതായ രൂപവത്കരണ പശ്ചാത്തലം ഉണ്ടായിരുന്നു. അതല്‍പ്പം സങ്കീര്‍ണമാണ്. ബ്രിട്ടീഷ് സാഹചര്യത്തില്‍ വളര്‍ന്ന ഈസ്റ്റ് ആഫ്രിക്കന്‍ വേരുവുകളുള്ള മുസ്‌ലിം ആണ് ഞാന്‍. എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് ഒരു ആറ് വയസ്സുകാരിയുടെ മറുപടി നമ്മള്‍ ജീവിക്കുന്ന സ്ഥലത്തിന്റെ പേരാവാം. പക്ഷേ, അടുത്ത ചോദ്യങ്ങള്‍, ‘എന്തുകൊണ്ടാണ് നിങ്ങളുടെ വസ്ത്രം വ്യത്യസ്തമായത്, ഞങ്ങളുടെത് അല്ലാത്ത ഭക്ഷണം കഴിക്കുന്ന, ഞങ്ങളുടെ വിരല്‍ പോലെ കൂര്‍ത്തതല്ലാത്ത വിരലുകള്‍ നിങ്ങളില്‍ കാണുന്നു എന്നൊക്കെയായിരിക്കും’. ഇങ്ങനെയുള്ള സ്വത്വപ്രതിസന്ധിയെ നേരിട്ടവിധം അവരെഴുതുന്നു: അവരോട് ഞാനൊരിക്കലും പറഞ്ഞില്ല, ഞങ്ങളുടെ വീട്ടില്‍ കറിയുണ്ടാക്കുന്നുവെന്ന്. അവര്‍ക്കു മുന്നിലിരുന്ന് പ്രാര്‍ഥിച്ചതുമില്ല. വളരെ വിഭിന്നമായ ഒരു സംസ്‌കാരത്തില്‍ വളര്‍ന്നു വന്നവര്‍ക്കു അതൊന്നും ഉള്‍ക്കൊള്ളാനേ കഴിയില്ല എന്ന് ഷെലിന വിവരിക്കുന്നു.

പിന്നീട് കുടുംബത്തിന്റ വേരുകളുടെ കഥ പറയുകയാണ് ഷെലീന. ഗുജറാത്തുകാരായിരുന്നു അവരുടെ പൂര്‍വികര്‍. ഈസ്റ്റ് ആഫ്രിക്കയില്‍ കച്ചവടത്തിന് പോയി അവിടത്തെ മുസ്‌ലിംകളുടെ വിശുദ്ധ ജീവിതം കണ്ടാണ് മതത്തിലേക്ക് കടന്നുവന്നത്. പിന്നീട് ബ്രിട്ടനിലേക്കുള്ള കുടിയേറ്റവും അവിടെ വെച്ച് താന്‍ പിറന്നതും ബഹളമയവും വര്‍ണാഭവുമായ ഒരു ലോകത്തിനു മധ്യേ ജീവിക്കുമ്പോഴും ഇസ്‌ലാമിക മൂല്യങ്ങളെ സൂക്ഷ്മമായി ജീവിതത്തിലേക്ക് ആവിഷ്‌കരിച്ചതും വിവരിക്കുന്നു. തുടര്‍ന്നുള്ള ഓരോ അധ്യായത്തിലും, തന്റെ വിവാഹ അന്വേഷണവും സമാനമായ ഇസ്‌ലാമിക ജീവിതവും ഇസ്‌ലാമിന്റെ മനോഹരമായ ദര്‍ശനങ്ങളും വിവരിക്കുന്നു. ഏറ്റവും ഉചിതമായ ഒരാളെ അവര്‍ കണ്ടെത്തുന്നതും അദ്ദേഹത്തിനൊപ്പം ജീവിതം ശുഭകരമായി ആരംഭിക്കുന്നതുമാണ് അവസാന അധ്യായം.

ജീവിതത്തിലെ കുറഞ്ഞ കാലഘട്ടത്തിലെ ഒരു സംഭവത്തെ കേന്ദ്രപ്രമേയമാക്കുമ്പോള്‍ തന്നെ, തന്റെ സമുദായത്തെയും മതത്തെയും ജീവിത വിദ്യാഭ്യസ വ്യവഹാരങ്ങളെയും വായനയെയും പഠനത്തെയും എല്ലാം തികഞ്ഞ ആസ്വാദ്യമായ രീതിയില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ രീതി, പുതിയ കാലത്തെ ഓര്‍മാനുഭവങ്ങള്‍ എഴുതുന്നവര്‍ക്ക് മാതൃകയാണ്. ഇംഗ്ലീഷില്‍ ധാരാളമായി വിറ്റഴിഞ്ഞ പുസ്തകമായിരുന്നു ഇത്. ഔറം പ്രസ് ആണ് പ്രസാധകര്‍. ആമസോണില്‍ 295 രൂപക്ക് ലഭ്യമാണ്. 288 പേജുകളാണുള്ളത്.

ഇസ്‌ലാംവിരുദ്ധമായ താത്പര്യങ്ങളോടെ പുസ്തകങ്ങള്‍ സ്ത്രീകള്‍ എഴുതുകയും അവ മാര്‍ക്കറ്റ് വാഴുകയും ചെയ്യുന്ന കാലത്ത്, വിഭിന്നമായ രീതിയില്‍ സ്ത്രീകളാല്‍ എഴുതപ്പെടുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ക്കു ഇടമേറെയുണ്ട്.
.