ഇവിടം എത്ര നാള്‍?

ആകെയുണ്ടായിരുന്ന കുടിലുകള്‍ കത്തിനശിച്ചതോടെ കേറിക്കിടക്കാനുള്ള ഇടങ്ങള്‍ കൂടി നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. ഇപ്പോള്‍ പഴയ ക്യാമ്പിന് തൊട്ടപ്പുറത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് കീഴിലുള്ള ഒരിടത്താണ് താത്കാലികമായി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കുടിലുകളേക്കാള്‍ വളരെ മോശമായ അവസ്ഥയിലാണ് പുതിയ ക്യാമ്പിലെ ഓരോ കുടിലും നിര്‍മിച്ചിരിക്കുന്നത്. മുളകളും കമ്പുകളും ഉപയോഗിച്ച് താര്‍പായ വലിച്ചുകെട്ടിയിരിക്കുന്നു. ചുറ്റിലും തുണികള്‍ കൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടില്‍ ഡല്‍ഹിക്ക് ആശ്വാസമായി എത്തുന്ന മഴ പോലും റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് ഇപ്പോള്‍ സങ്കടക്കണ്ണീരാണ്.
Posted on: August 19, 2018 2:44 pm | Last updated: August 19, 2018 at 3:34 pm
SHARE

ആരവങ്ങളൊഴിഞ്ഞ കളി മൈതാനം പോലെയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ റോഹിംഗ്യന്‍ ക്യാമ്പ്. സഹായഹസ്തവുമായി എത്തുന്ന സന്നദ്ധ സംഘടനകളെയോ ആള്‍ക്കൂട്ടങ്ങളെയോ ഇപ്പോള്‍ ഇവിടെ കാണാനാകില്ല. ഡല്‍ഹി കാണാനെത്തുന്ന സന്ദര്‍ശകരും റോഹിംഗ്യന്‍ ക്യാമ്പ് തിരക്കിയെത്തുന്നില്ല. റോഹിംഗ്യകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിലച്ചതോടെ എല്ലാം അവസാനിച്ചിരിക്കുകയാണ്.

രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ വെച്ച് ഏറ്റവും മികച്ചതായിരുന്നു ഡല്‍ഹി നഗരത്തില്‍ നിന്ന് അല്‍പ്പം മാറി യമുനാ നദീ തീരത്തുള്ള കാളിന്ദികുഞ്ചിലെ അഭയാര്‍ഥി ക്യാമ്പ്. നാല് മാസങ്ങള്‍ക്ക് മുമ്പ്, ആകെയുണ്ടായിരുന്ന കുടിലുകള്‍ കൂടി കത്തിനശിച്ചതോടെ കേറിക്കിടക്കാനുള്ള ഇടങ്ങള്‍ കൂടി നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് ഈ അഭയാര്‍ഥികള്‍. ഇപ്പോള്‍ പഴയ ക്യാമ്പിന് തൊട്ടപ്പുറത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് കീഴിലുള്ള ഒരിടത്താണ് താത്കാലികമായി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കുടിലുകളേക്കാള്‍ വളരെ മോശമായ അവസ്ഥയിലാണ് പുതിയ ക്യാമ്പിലെ ഓരോ കുടിലും നിര്‍മിച്ചിരിക്കുന്നത്. മുളകളും കമ്പുകളും ഉപയോഗിച്ച് താര്‍പായ വലിച്ചുകെട്ടിയിരിക്കുന്നു. ചുറ്റിലും തുണികള്‍ കൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടില്‍ ഡല്‍ഹിക്ക് ആശ്വാസമായി എത്തുന്ന മഴ പോലും റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് ഇപ്പോള്‍ സങ്കടക്കണ്ണീരാണ്. ഒരു മഴ പെയ്താല്‍ കുടിലുകളിലേക്ക് വെള്ളം കയറും. ടാര്‍പായകള്‍ ചോര്‍ന്നൊലിക്കും. പരിസരം വളരെ ശോചനീമായമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും സാധ്യതകളുണ്ട്.

ഒരു സന്നദ്ധ സംഘടനയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ആദ്യത്തെ ക്യാമ്പ് കത്തിനശിച്ചതോടെ പതിമൂന്ന് ദിവസത്തേക്ക് മാത്രമായി നല്‍കിയ സ്ഥലത്താണ് ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതെന്ന് റോഹിംഗ്യന്‍ അഭയാര്‍ഥിയായ മുഹമ്മദ് സലീം പറഞ്ഞു. ഇപ്പോള്‍ നാല് മാസമായി, എന്നാണ് ഇവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടതെന്ന് അറിയില്ല. നേരത്തെ ഉണ്ടായിരുന്നത് ഇതിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പോലീസും ഉത്തര്‍പ്രദേശ് പോലീസും ഇപ്പോള്‍ ഇവിടെ വരാറുണ്ട്. ചെറിയ രീതിയിലായിരുന്നുവെങ്കിലും നേരത്തെ ഒരു പള്ളിയും മദ്‌റസയും പ്രവര്‍ത്തിച്ചിരുന്നു. പുതിയ ഇടത്തില്‍ നിസ്‌കരിക്കാനായി വളരെ ചെറിയൊരു പള്ളിയുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന മദ്‌റസ പുനര്‍നിര്‍മിക്കാന്‍ ഇതുവരെ ആയിട്ടില്ല. ക്യാമ്പിന് ചുറ്റം കച്ചവടങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ രീതിയിലുള്ള തൊഴില്‍ ചെയ്തു ജീവിക്കുന്നവരില്‍ പലര്‍ക്കും അത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും അഭയാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏപ്രില്‍ പതിനഞ്ചിന് രാത്രിയിലാണ് ഡല്‍ഹിയിലെ റോഹിംഗ്യന്‍ ക്യാമ്പില്‍ തീ പടര്‍ന്നത്. രാത്രി മൂന്ന് മണിക്ക് എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു അത്. അതില്‍ എല്ലാം നഷ്ടപ്പെട്ടു, തങ്ങളുടെ ജീവനൊഴികെ- മദ്‌റസ അധ്യാപകനായിരുന്ന മുഹമ്മദ് ജൗഹര്‍ പറയുന്നു. കുടിലുകള്‍ കത്തിനശിച്ചപ്പോള്‍ കൂറെ പേര്‍ സഹായിക്കാനെത്തിയിരുന്നു. ഉടുക്കാനുള്ള വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മക്കളുടെ പുസ്തകങ്ങള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സന്നദ്ധ സംഘടനകള്‍ ഇടപെട്ട് എല്ലാം ശരിയാക്കിത്തന്നു- അഭയാര്‍ഥി അബ്ദുല്‍ ഖാദര്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഏറെ ദുരിതങ്ങള്‍ നേരില്‍ കണ്ട് എത്തിയവരാണ് ഇവിടെയുള്ള മിക്ക അഭയാര്‍ഥികളും. ബര്‍മയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. കൂടപ്പിറപ്പുകള്‍ കണ്‍മുന്നില്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടവരുണ്ട്. അവര്‍ കൊല്ലപ്പെട്ടോ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എല്ലാം അവസാനിച്ചുവെന്നും പുതിയൊരു ജീവിതം തുടങ്ങുകയാണെന്നുമുള്ള അവരുടെ പ്രതീക്ഷകള്‍ക്കു മുകളിലായിരുന്നു നാടു കടത്തലെന്ന സര്‍ക്കാര്‍ തീരുമാനം വന്നു പതിച്ചത്. ഇവിടെ വിട്ടാല്‍ ഇനിയൊരഭയം തങ്ങള്‍ക്ക് ആരു തരുമെന്ന് അറിയില്ല. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അറിയുന്നതെന്ന് ക്യാമ്പിനകത്ത് കച്ചവടം ചെയ്തു ജീവിക്കുന്ന അഭയാര്‍ഥി മുഹമ്മദ് സലീമുല്ല പറയുന്നു.

അഭയാര്‍ഥികളുടെ ഈദ്
റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് ബലിപെരുന്നാള്‍ മറ്റു ആഘോഷങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്. പല മുസ്‌ലിം സന്നദ്ധ സംഘടനകളും ബലിപെരുന്നാളിന്റെ ഭാഗമായി ക്യാമ്പില്‍ ഇറച്ചി വിതരണം ചെയ്യാറുണ്ടെന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. പക്ഷേ, പലര്‍ക്കും ബര്‍മയിലായിരുന്നപ്പോള്‍ തങ്ങളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഓര്‍മയിലെത്തും. ഇവിടെ ജനിച്ച മക്കളോട് ആ ഓര്‍മകള്‍ പങ്കുവെക്കും. ഇവിടെ തങ്ങള്‍ക്കുള്ളത് ചെറിയപള്ളിയാണ്. അതുകൊണ്ട് ഈദ് നിസ്‌കാരത്തിന് ഷാഹിന്‍ ബാഗിലേയോ മറ്റോ പള്ളികളിലേക്ക് പോകാറാണ് പതിവെന്ന് ഈദ് ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സലീമുല്ല വിശദീകരിച്ചു.
.

(ചിത്രങ്ങള്‍: ഇര്‍ഷാദ് ഇബ്‌റാഹിം)

LEAVE A REPLY

Please enter your comment!
Please enter your name here