ഉടലിറക്കങ്ങള്‍

Posted on: August 19, 2018 2:20 pm | Last updated: August 19, 2018 at 2:20 pm

പ്രവാസത്തിന്റെ തീച്ചൂളയിലേക്ക് അവള്‍ എടുത്തെറിയപ്പെടുകയായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. പ്രാരാബ്ധങ്ങളുടെ അധികഭാരമില്ലാതിരുന്നിട്ടും അവളെന്തിനാണ് പ്രവാസത്തിന്റെ കയ്പ്പുനീര്‍ കുടിക്കുന്നതെന്ന് പലതവണ ചോദിച്ചിട്ടുമുണ്ട്. പക്ഷെ ഒരു തരം നിസ്സംഗമായ നോട്ടവും മൂകമായ ചിരിയും കൊണ്ടവള്‍ എന്നെ വട്ടം കറക്കുമെന്നല്ലാതെ മറുപടിയൊന്നും തന്നിട്ടില്ല.
ഡോ.റാഹിലയുടെ മരണം സ്ഥിരീകരിച്ച വാര്‍ത്തയുമായി ഡോ.ഇയാബ് ഹസന്‍ എന്റെ അരികിലേക്ക് വന്നു. ‘മിസ്റ്റര്‍, നിങ്ങള്‍ അവരുടെ ആരാണ്?’
ഒരു നിമിഷം ഞാന്‍ പകച്ചു നിന്നു. ആരാ ഞാന്‍? ഒരേ ദിശയിലെ യാത്രക്കാര്‍ മാത്രമായിരുന്നോ? അല്ല രക്തബന്ധങ്ങള്‍ക്കുമപ്പുറം പ്രണയവും രതിയും തീണ്ടാത്ത വിശുദ്ധ സ്‌നേഹത്തിലെ രണ്ടാത്മക്കളോ? എവിടെയാണ് ഞാനവളെ എനിക്കൊപ്പം വായിക്കേണ്ടത്? ഭൗതികമോ ആത്മീയമോ അല്ലാത്ത ഏതോ നിഗൂഢതയുടെ അഗാധതലങ്ങളില്‍ നാമിരുവരും ഒരേ ബിന്ദുവില്‍ ലയിക്കുന്ന രണ്ട് രേഖകള്‍ ആയിരിക്കണം.
ഇയാബ് ഹസന് മറുപടിയാണാവശ്യം, ഞാനാരാണ് അവള്‍ക്ക് എന്ന പ്രഹേളികയ്ക്ക്. ‘നാട്ടുകാരനും കൂട്ടുകാരനുമാണ്.’
തൃപ്തിയോ അതൃപ്തിയോ എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു ചിരി കലര്‍ത്തി മറുപടി ‘ശരി’യിലൊതുക്കി അയാള്‍ നടന്നുനീങ്ങി.
മുസഫ്ഫ അല്‍ അഹദ് ആശുപത്രിയിലെ ശീതീകരിച്ച കാത്തിരിപ്പുമുറിയിലെ കറുത്ത സ്‌പോഞ്ച് കസേരയില്‍ ഇരുന്ന് ഞാന്‍ ഓര്‍മകളുടെ വാതില്‍ തുറന്നു.
പ്രവാസത്തിലേക്ക് ഞാനെത്തിയ നാളുകള്‍ മുതല്‍ റാഹിലയെ കണ്ടുമുട്ടുന്നത് വരെയുള്ള ദിനങ്ങള്‍ വിരസവും അലസവുമായിരുന്നു. എന്തുകൊണ്ടാവും എനിക്കങ്ങനെ? എനിക്കാ ദിനങ്ങളില്‍, എന്നല്ല ഇതുവരെ, ആരെയും ഓര്‍ത്ത് ഖേദമോ പിരിയേണ്ടി വന്നതില്‍ ദുഃഖമോ തോന്നിയിട്ടില്ല. അധിക പ്രവാസികളും പറയാറുള്ള വിരഹ നോവോ നൊമ്പരമോ എന്നെ ബാധിക്കാത്തതും ഞാനാരെയും ഓര്‍ക്കാറേ ഇല്ലെന്നതും അത്ഭുതമെന്ന് തോന്നിയേക്കാം.
റാഹിലയെ ഞാന്‍ പരിചയപ്പെടുന്നത് ബദറല്‍ സാം ആശുപത്രിയില്‍ വെച്ചാണ്. പതിവിലുമേറെ തണുപ്പുള്ള ഒരു ഡിസംബറിലെ സായാഹ്നത്തില്‍. പുഞ്ചിരിയോടെ അസുഖവിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തന്നെ രോഗം പാതിയായത് അനുഭവിച്ചിരുന്നു. പിന്നെ മലയാളിയാണെന്നും കോഴിക്കോട്ടുകാരിയാണെന്നും അറിഞ്ഞപ്പോള്‍ എന്തോ എനിക്കെന്റെ നാടും മരിച്ചുപോയ പ്രണയവും ഓര്‍മയിലേക്കോടിയെത്തി. കണ്ണടച്ച് അവളുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുകയും ഫാത്തിഹ സൂറത്ത് പാരായണം ചെയ്യുകയുമുണ്ടായി.
‘ഓരോ യാത്രയും ഒരു തരം ഒളിച്ചോട്ടമാണ്, നമ്മില്‍ നിന്ന് നമ്മുടെ ആരെല്ലാമോ ആയവരില്‍ നിന്ന്’. റാഹിലയുടെ സ്ഥിരം ഡയലോഗാണത്. കേട്ടു പഴകിയതെങ്കിലും അവള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ മാത്രം എനിക്കതില്‍ ചോരയുടെ ഗന്ധം അനുഭവപ്പെടാറുണ്ട്.
കൃത്യമായി അഞ്ച് നേരങ്ങളില്‍ എന്നെ ദൈവത്തിന്റെ മുന്നിലെത്തിച്ചത് അവള്‍ തന്നെയാണ്. അവള്‍ കൃത്യമായ നിസ്‌കാരവും പ്രാര്‍ഥനയുമായി എന്നെയും ആ വഴി നടത്തുകയും ദൈവപ്രീതിയാണ് തന്റെ ലക്ഷ്യമെന്ന് ആണയിടുകയും ചെയ്തു. പതിയെ ഞാന്‍ പോലുമറിയാതെ എന്റെ ഹൃദയവും ആത്മീയത തിരഞ്ഞു. ശൈഖ് ജീലാനിയും റാബിയത്തുല്‍ അദവിയ്യയും ജുനൈദുല്‍ ബഗ്ദാദിയുടെയുമൊക്കെ സൂഫീ കവിതകള്‍ ഞാനങ്ങനെയാണ് വായിക്കാന്‍ തുടങ്ങിയത്. വായിക്കും തോറുമാഴമേറുന്ന ‘നീ’ എന്ന ശക്തിയെ ദൈവമെന്ന് വായിക്കുകയും നിന്നില്‍ ലയിക്കുന്നതിനെ അരാധന എന്ന് അറിയുകയും ചെയ്തപ്പോള്‍, ‘അവന്‍’ ആവര്‍ത്തിക്കപ്പെടുന്ന മന്ത്രങ്ങളായി എന്റെ നാവിലും വിരുന്നെത്തി.
സര്‍വം ദൈവത്തിന് സമര്‍പ്പിച്ച ഒരു തരം ആത്മീയനിര്‍വൃതികളില്‍ നമുക്കിടയില്‍ ‘മറ’ രൂപപ്പെടുകയും നാം പാരസ്പര്യത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അലയുകയും ചെയ്തു. നമുക്കിടയില്‍ പ്രണയത്തെയും ലൈംഗികതയെയും തൃണവത്ഗണിച്ച ഏതോ നിഗൂഢമായ ബന്ധം രൂപപ്പെടുകയും നാമതിനെ നിര്‍വചിക്കാന്‍ കഴിയാതെ ഉഴറുകയുമാണുണ്ടായത്.
മുസഫ്ഫയില്‍ നിന്ന് ഷാര്‍ജ റോളയിലേക്ക് ഒരവധിദിന യാത്രയിലാണ് അവള്‍ ഏറെ വാചാലയായത്. ഷാര്‍ജയിലേക്ക് ഞങ്ങള്‍ എല്ലാ വ്യാഴാഴ്ച രാത്രിയും പോവാറുണ്ട്. അല്‍വഹദയിലും റോളയിലുമൊക്കെയായി നടക്കാറുള്ള ബുര്‍ദാ- നാത് മജ്‌ലിസ് എന്നറിയപ്പെടുന്ന ആത്മീയ സദസ്സുകളില്‍ പങ്കെടുക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അങ്ങനെയൊരു യാത്രയില്‍ അവള്‍ ഏറെ നേരം തുടര്‍ന്ന മൗനത്തിനൊടുവില്‍ നോവ് കലര്‍ന്ന പുഞ്ചിരിയോടെ ഒരു ചോദ്യം എനിക്കെതിരെ അയച്ചു: ‘ജ്യേഷ്ഠത്തിയെ പ്രേമിച്ചൊരാളെ വിവാഹം കഴിക്കുന്ന അനിയത്തിയുടെ മാനസികാവസ്ഥയെ കുറിച്ച് നിനക്കെന്തറിയാം?’
‘എനിക്കെന്തറിയാനാ?’ അങ്ങനെ പറയാനേ എനിക്കപ്പോള്‍ തോന്നിയുള്ളൂ. പക്ഷെ അവള്‍ അത്തരമൊരവസ്ഥയില്‍ നിന്ന് ജീവിതത്തെ നേരിട്ടവളാണെന്ന മറുവാക്ക് എന്നെ ആശ്ചര്യപ്പെടുത്തി. ഭര്‍ത്താവ് തന്നെക്കാളേറെ ജ്യേഷ്ഠത്തിയെ ഇഷ്ടപ്പെടുന്നുവെന്ന് പറയുമ്പോഴും അവളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അയാള്‍ ഒരാഭാസനോ പിഴച്ചവനോ അല്ലെന്ന് അവള്‍ക്കുറപ്പുണ്ട്. അയാള്‍ ഇത്തയുടെ മുന്നില്‍ ഒരിക്കലും ലൈംഗിക താത്പര്യങ്ങള്‍ ഉന്നയിച്ചില്ലെന്ന് അവള്‍ തറപ്പിച്ചുപറയുന്നു.
അവളുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരുന്നു. ‘പ്രവാസം പ്രയാസമല്ലെന്ന്’ അവള്‍ എപ്പോഴും പറയും. ഒരിക്കല്‍ ഞാനതേ കുറിച്ചവളോട് ചോദിക്കുകയുണ്ടായി. അതിനും അവള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു.
‘അതൊരു ക്ലീഷേ പ്രയോഗം മാത്രമാണ്. പണ്ട് പ്രവാസത്തിലേക്ക് വന്നവര്‍ താരതമ്യേനെ വിദ്യാഭ്യാസം കുറഞ്ഞവരും ദരിദ്രരുമായിരുന്നു. അവര്‍ക്ക് എ സി മുറികളോ കിടക്കാന്‍ സൗകര്യമുള്ള തമ്പുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് സ്ഥിതിഗതികള്‍ മാറി. തൊണ്ണൂറ് ശതമാനം പ്രവാസികളും ഇത് തിരഞ്ഞെടുത്തവരാണ്. എല്ലാ സൗകര്യങ്ങളുമുള്ളവരുമാണ്. മറ്റു ജോലികളില്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ മാത്രമാണ് പ്രവാസിക്കും ഇപ്പോഴുള്ളത്. അവര്‍ ഉറ്റവരെയും ഉടയവരെയും വിട്ടുനില്‍ക്കുന്നു എന്ന വിരഹ നോവാണ് പിന്നെ ഒരു പ്രധാന കാര്യം. അതാണെങ്കില്‍ പ്രവാസിയെക്കാള്‍ അതനുഭവിക്കുന്നത് അവന്റെ വീട്ടുകാരാണ് എന്നാ എന്റെ പക്ഷം. പ്രവാസം ഒരു സമര്‍പ്പണമാണ്. തന്റെ കുടുംബത്തിനായുള്ള സമര്‍പ്പണം. അതവന്‍ ദൗത്യമായി ഏറ്റെടുത്തതുമാണ്. പട്ടാളക്കാരനെ പോലെ. ഒരു പട്ടാളക്കാരനും തന്റെ ജോലി പ്രയാസമാണെന്ന് ഖേദിക്കാറില്ല. അവിടെ വേണ്ടത് സന്നദ്ധതയാണ്, സമര്‍പ്പണമനോഭാവമാണ്. അല്ലാതെ പ്രയാസമെന്ന ഭീരുത്വമല്ല. പ്രവാസം പ്രയാസം എന്നത് ഭീരുത്വമാണ്. സമര്‍പ്പണം എന്നത് ചങ്കൂറ്റവും ശക്തിയുമാണ്. മുഹാജിറുകളാണവര്‍. ഉറ്റവര്‍ക്കായി പലായനം ചെയ്തവര്‍.’
ഡോ. റാഹിലയുടെ തത്വങ്ങള്‍ രുചികരമല്ലെങ്കിലും ഞാനും ചവച്ചരച്ച് കഴിക്കാറുണ്ട്. കാരണം ഏതിനും ജീവിതാനുഭവങ്ങളുടെ പച്ചയായ സത്യങ്ങള്‍ അവര്‍ക്ക് തെളിവുണ്ടാകും. അത് തന്നെയാണിവിടെയും റാഹില പറഞ്ഞത്.
‘ഞാനീ പ്രവാസം തിരഞ്ഞെടുത്തത് എന്റെ മക്കള്‍ക്ക് വേണ്ടിയാണ്. എനിക്ക് ശേഷം അവര്‍ ജീവിക്കണം. അവരുടെ ഉപ്പയില്‍ എനിക്ക് പ്രതീക്ഷയില്ല. അദ്ദേഹം അങ്ങനെയാണ്. എന്റെ ജീവിതത്തില്‍ എനിക്ക് തീരെ പ്രതീക്ഷയില്ല. കാരണം ഞാനൊരു രോഗിയാണ്…’ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. പക്ഷേ ഞാനത് ശ്രദ്ധിക്കാതെ മാസാ സിഗ്‌നലില്‍ ചുവന്ന ബോര്‍ഡില്‍ തെളിയുന്ന സെക്കന്‍ഡുകളില്‍ കണ്ണുനട്ട് സ്റ്റയറിംഗില്‍ കൈ താളം പിടിച്ചു.
‘എന്താണ് അസുഖം?’ അതൊരു ചോദ്യമോ ആകാംക്ഷയോ ആകാം. എന്നില്‍ നിന്നത് പുറത്തേക്ക് തെറിപ്പിച്ച വികാരത്തെ എനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
‘കാന്‍സര്‍…’ പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ഖസീദത്തുല്‍ ബുര്‍ദാ എന്ന ആത്മീയാനുരാഗ കവിതയിലെ ‘യാ അക്‌റമല്‍ ഖല്‍കീ മാ ലീമന്‍ അലൂദു ബിഹി…’ എന്ന് തുടങ്ങുന്ന ഭാഗം ചൊല്ലിക്കൊണ്ടിരുന്നു.
ഇയാബ് ഹസന്‍ രണ്ട് പോലീസുകാര്‍ക്കൊപ്പം വന്ന് എന്നെ തട്ടിയുണര്‍ത്തി. എന്റെ ചുണ്ടുകള്‍ അപ്പോള്‍ ആ വരികളില്‍ ഉടക്കി നില്‍ക്കുകയായിരുന്നു. ‘മരണത്തിലേക്കുള്ള യാത്രകളാണ് ജീവിതം, ഇവിടെ നാം വഴിയാത്രക്കാര്‍ മാത്രമാണ്, നമ്മുടെ ലക്ഷ്യം മരണത്തിനുമപ്പുറം വരാനിരിക്കുന്ന ലോകമാണ്…’ എന്റെ കാതുകളില്‍ അവളുടെ ശബ്ദം തളം കെട്ടി നിന്നു.
‘ഓരോ യാത്രയും ഓരോ പാഠമാണ്… ലളിതവും വ്യക്തവുമായ പാഠങ്ങള്‍. ശ്രദ്ധിച്ചാല്‍ ഏറെ പഠിക്കാനുണ്ടാവും.’ റാഹില പഠിപ്പിച്ച വാചകം തന്നെയാണത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് ബാലുശ്ശേരിയിലേക്കുള്ള ആംബുലന്‍സ് യാത്രയിലുടനീളം എന്തിനെന്നറിയാതെ ഈ വാചകം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ബാലുശ്ശേരി അറക്കല്‍ തറവാടിന്റെ പ്രൗഢമായ വീട്ടുമുറ്റത്ത് കയറുമ്പോള്‍ റാഹിലയുടെ സാമ്പത്തിക ഭദ്രതയുടെ ആഴം എനിക്കറിയാന്‍ കഴിഞ്ഞു. മുന്നില്‍ നിര്‍ത്തിയിട്ട വിലകൂടിയ കാറുകള്‍ ഒരാള്‍ വന്ന് ഒതുക്കിയിട്ടു. ആംബുലന്‍സില്‍ നിന്ന് ചേതനയറ്റ അവളുടെ ശരീരം വീട്ടിലേക്ക് താങ്ങിയെടുത്തത് സഹോദരങ്ങളാണ്. വെളുത്ത നിറത്തില്‍ ചുവപ്പ് കലര്‍ന്ന അവരുടെ മുഖം വര്‍ധിച്ച വേദന അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.
ഞാന്‍ തിരഞ്ഞത് അവളുടെ രണ്ട് മക്കളെയായിരുന്നു. ഷസിനയും ഷഹിനും. വാടിയ തണ്ടുപോലെ രണ്ട് കുഞ്ഞുങ്ങള്‍, കരയാന്‍ പോലുമാവാതെ തളര്‍ന്നിരിക്കുന്നു. ‘ഇട്ട് മൂടാനുള്ള സ്വത്തുണ്ട്. പറഞ്ഞിട്ടെന്താ.. പടച്ചോന്റെ വിളി നേരത്തെ ആയിപ്പോയില്ലേ..’
ഏതോ ശൂന്യതയില്‍ കണ്ണെറിഞ്ഞ് ഒരു യുവാവ് വലത്തേ മൂലയില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. പതിയേ ഞാനയാള്‍ക്കരികിലേക്ക് നീങ്ങി. വലീദ് റഹ്മാന്‍ എന്ന് സ്വയം പരിചയപ്പെടുത്തി അയാള്‍ കൈ തന്ന് എഴുന്നേറ്റു. ഡോ. റാഹിലയുടെ നിര്‍ഭാഗ്യവാനായ ഭര്‍ത്താവാണ് താനെന്ന് പറഞ്ഞ് കണ്ണുകള്‍ നിറച്ച് അയാളൊരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി. ജീവിതകാലത്ത് പ്രണയിക്കാതെ പോയ നല്ല നിമിഷങ്ങളെ പഴിച്ചും തെറി വിളിച്ചും അയാള്‍ എന്റെ മുന്നില്‍ കുറ്റങ്ങളേറ്റു.
‘റാഹിലയെ ഞാന്‍ മനസ്സിലാക്കിയില്ല. എനിക്ക് പകയായിരുന്നു. ഈ കുടുംബത്തോട്. എന്നെ അത്രയ്ക്ക് അപമാനിച്ചിരുന്നു അവളുടെ ഉപ്പ. പക്ഷേ അതൊരു സാധുവായിരുന്നു. ഇനി പറഞ്ഞിട്ടെന്താ ല്ലേ…? ഒന്ന് മാപ്പ് ചോദിക്കാന്‍ പോലും ഒരവസരം തന്നില്ലല്ലോ അവള്‍… ഞാനൊന്ന് പുഞ്ചിരിച്ചിരുന്നെങ്കില്‍…’
സ്വയം ഇകഴ്ത്തിയും പാപഭാരമേറ്റും അയാള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ഞാന്‍ നിസ്സഹായനായി അയാളെ അണച്ചു ചേര്‍ത്തു. റാഹിലയുടെ ജീവിത വിശുദ്ധിയും മഹിമയും ഞാനയാളോട് പറഞ്ഞു.
ഖബറടക്കം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വലീദ് റഹ്മാന്റെ കൈകളില്‍ തൂങ്ങി നടന്ന ഷസിനയും ഷഹിനും പതിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ ഉരുവിടുകയും ഉപ്പയെ മുറുക്കിപ്പിടിക്കുകയും ചെയ്തു. അയാള്‍ അവരെ തന്റെ ചിറകുകളിലേക്ക് കൂടുതല്‍ അണച്ചു ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു… ഇനിയൊരിക്കലും പിടിവിടുകയില്ലെന്ന് തോന്നിപ്പിച്ച്…
.