ഹജ്ജ്: സുരക്ഷ ശക്തമാക്കി; പുണ്യ സ്ഥലങ്ങളില്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകളുടെ മുഴുവന്‍ സമയ നിരീക്ഷണം

Posted on: August 19, 2018 10:10 am | Last updated: August 19, 2018 at 9:28 pm
SHARE

അറഫ/മിന/മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാനിരിക്കെ ഇരുഹറമുകളിലും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അറഫ, മിന, മുസ്ദലിഫ, ജംറകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഹജ്ജ് സുരക്ഷക്കായി ഡ്രോണുകളും ഈ വര്‍ഷം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പുണ്യ സ്ഥലങ്ങളില്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററുകളുടെ മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. ഹാജിമാര്‍ താമസിക്കുന്ന ടെന്റുകളുടെ നഗരിയായ മിനയിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സുരക്ഷാ സൈന്യത്തിനു പുറമെ, പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും മുഴുവന്‍ സമയവും നിരീക്ഷണമുണ്ടാവും.

കനത്ത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും, മുഴുവന്‍ ഹാജിമാരെയും നിരീക്ഷിക്കുന്നതിനും മിനയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കനത്ത ചൂടിലാണ് ഇത്തവണ ഹജ്ജ് നടക്കുന്നത്. മിന അറഫ എന്നിവിടങ്ങളില്‍ 40 മുതല്‍ 45 ഡിഗ്രി വരെയാണ് താപനില. ഒരു ലക്ഷത്തോളം സൈനികരെയാണ് ഹജ്ജ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുരക്ഷ കുറ്റമറ്റതാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here