സാമ്പത്തിക യുദ്ധത്തില്‍ തുര്‍ക്കി ജയിക്കുമോ?

Posted on: August 19, 2018 9:44 am | Last updated: August 20, 2018 at 10:56 am
SHARE

‘അവര്‍ക്ക് ഡോളറുണ്ടെങ്കില്‍ നമുക്ക് ജനങ്ങളുണ്ട്. അല്ലാഹുവുമുണ്ട്. ഇതൊരു ദേശീയ പോരാട്ടമാണ്. ചില രാജ്യങ്ങള്‍ അട്ടിമറിക്കാരെ സംരക്ഷിക്കുകയാണ്. അവര്‍ക്ക് നീതിയും നിയമവുമൊന്നും പ്രശ്‌നമല്ല. ആരും തളരരുത്. രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തെ ബുദ്ധിപൂര്‍വം നേരിടണം- തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വാക്കുകളാണിത്. സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് അധികാരങ്ങളോടെയാണ് ഇത്തവണ അദ്ദേഹം രാജ്യത്തിന്റെ സാരഥ്യത്തിലെത്തിയിരിക്കുന്നത്. എല്ലാ അധികാരങ്ങളും പ്രസിഡന്റിലേക്ക് കേന്ദ്രീകരിക്കുന്ന ഭരണഘടനാ പരിഷ്‌കാരത്തിന് ശേഷവും തുര്‍ക്കി ജനത അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത് ആ മനുഷ്യനിലുള്ള ഒടുങ്ങാത്ത വിശ്വാസം കൊണ്ടാണ്. അധികാരകേന്ദ്രീകരണം ഭാവിയില്‍ ഈ രാജ്യത്ത് ഉണ്ടാക്കാനിടയുള്ള ദുരന്തങ്ങള്‍ ഓര്‍ക്കാനിട നല്‍കാത്ത വിധം ജ്വലിച്ചു നില്‍ക്കുകയായിരുന്നു ഉര്‍ദുഗാന്റെ വ്യക്തി പ്രഭാവം. അത്തരമൊരു നേതാവിനെ സാമ്പത്തിക ആയുധങ്ങള്‍ കൊണ്ട് വെല്ലുവിളിക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്. ദീര്‍ഘകാല സൗഹൃദത്തിന്റെ ചരിത്രമൊന്നും അമേരിക്കന്‍ ഭരണാധികാരികളുടെ ഇത്തരം എടുത്തു ചാട്ടങ്ങള്‍ക്ക് തടസ്സമാകാറില്ല. തുര്‍ക്കി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് മേല്‍ ഉപരോധം ചുമത്തിയാണ് ട്രംപ് ഭരണകൂടം തങ്ങളുടെ ആക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉപരോധത്തിന്റെ കെടുതി അന്നു തന്നെ തുടങ്ങി- വ്യാപാര മാന്ദ്യം. ഭരണ വ്യവസ്ഥ പാര്‍ലിമെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതിന്റെ പരിണാമ ദശയില്‍ സമ്പദ്‌വ്യവസ്ഥയുടെ വേഗം സ്വാഭാവികമായും കുറയും. അതിനിടയിലേക്കാണ് അമേരിക്കയുടെ ആക്രമണം വന്നത്. നിക്ഷേപകര്‍ പലരും പിന്‍വാങ്ങാന്‍ തുടങ്ങി. മുതല്‍ മുടക്കിയവര്‍ പിന്‍വലിക്കാനുള്ള പ്രവണത കാണിച്ചു. വിദേശ നിക്ഷേപകര്‍ ഒന്നാകെ തുര്‍ക്കിയെ കൈയൊഴിഞ്ഞു.

ഈ ഘട്ടത്തില്‍ തീരുവാ യുദ്ധം (താരിഫ് വാര്‍) കൂടി പ്രഖ്യാപിച്ചു ട്രംപ് ഭരണകൂടം. തുര്‍ക്കിയില്‍ നിന്ന് അമേരിക്കയില്‍ ഇറക്കുന്ന ഉരുക്കിന് 50 ശതമാനമാണ് തീരുവ കൂട്ടിയത്. അലൂമിനിയത്തിന് 20 ശതമാനവും. ഐ ഫോണുകളുടെ വില്‍പ്പന നിരോധിച്ചും അമേരിക്കന്‍ കാറുകള്‍ക്ക് 120 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയും തുര്‍ക്കി പ്രത്യാക്രമണം തുടങ്ങുകയും ചെയ്തു. ഇതോടെ തുര്‍ക്കി നാണയമായ ലിറയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം തന്നെ 40 ശതമാനം വിലയിടിഞ്ഞ ലിറ കഴിഞ്ഞയാഴ്ച ഡോളറിനെതിരെ 20 ശതമാനം കൂടി താഴ്ന്നു. പണപ്പെരുപ്പം തുര്‍ക്കി സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ കോടിക്കണക്കിന് ഡോളര്‍ ഇടിച്ചു തള്ളിയാണ് സമ്പദ്‌വ്യവസ്ഥയില്‍ ഉര്‍ദുഗാന്‍ ഉണര്‍വുണ്ടാക്കിയത്. ഈ തുകയില്‍ നല്ല പങ്കും വായ്പയായിരുന്നു. ലിറയുടെ മൂല്യം ഇടിഞ്ഞതോടെ ഈ വായ്പാ തിരിച്ചടവിന്റെ ബാധ്യത കൂടി. വിദേശ നാണ്യ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. സ്വന്തം കറന്‍സിയായ ലിറ കൊടുത്ത് വിദേശ കറന്‍സിയും സ്വര്‍ണവും വ്യാപകമായി വാങ്ങാന്‍ പൗരന്‍മാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഉര്‍ദുഗാന്‍. കേന്ദ്ര ബേങ്കിന്റെ നിയന്ത്രണം ഇപ്പോള്‍ പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. പൊതുവേ പണപ്പെരുപ്പ സമയത്ത് ചെയ്യാവുന്ന പ്രതിക്രിയ പലിശ നിരക്ക് കൂട്ടുകയാണ്. ഇതിന് പക്ഷേ, ഉര്‍ദുഗാന് താത്പര്യമില്ല. എല്ലാ തിന്‍മകളുടെയും മാതാവും പിതാവുമാണല്ലോ പലിശ.

തുര്‍ക്കിയില്‍ ഒതുങ്ങില്ല
കറന്‍സി പ്രതിസന്ധിയുടെ പ്രധാന പ്രശ്‌നം അത് അതത് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നതാണ്. അതിര്‍ത്തികള്‍ കീറി മുറിച്ച് പ്രതിസന്ധി പരക്കും. ആദ്യം യൂറോപ്പിലാകെയും പിന്നെ ഏഷ്യയിലേക്കും മൂല്യമിടിച്ചില്‍ പടര്‍ന്നു. ഇന്ത്യന്‍ രൂപ ചരിത്രത്തിലാദ്യമായി ഡോളറിന് എഴുപതിന് മുകളില്‍ എന്ന നിലയിലേക്ക് വിലയിടിഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക, വിദേശ നയം ലോകത്താകെ കൂട്ടക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തുര്‍ക്കി. ചൈനയുമായുള്ള തീരുവ യുദ്ധം നിരവധി വസ്തുക്കളുടെ വില ആഗോളമായി തന്നെ ഉയരാന്‍ കാരണമായി. വ്യാപാര രംഗം താറുമാറായി. ചൈനയില്‍ നിന്നുള്ള വസ്തുക്കള്‍ അമേരിക്കയിലേക്ക് വരാതിരിക്കാന്‍ ഇറക്കുമതി തീരുവ ഇരട്ടിയാക്കുകയാണ് ട്രംപ് ചെയ്തത്. സ്വാഭാവികമായും ചൈനയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇവരുടെ വടംവലിയില്‍ പെട്ടു പോയ വസ്തുക്കള്‍ ഇവര്‍ മാത്രം ഉത്പാദിപ്പിച്ച് കയറ്റിയയക്കുന്നവയല്ല. അത്‌കൊണ്ട് വ്യാപാരത്തില്‍ സജീവമായ മറ്റ് രാജ്യങ്ങളെ കൂടി ഈ നയം ബന്ദികളാക്കി.

മതം തന്നെയാണ് പ്രശ്‌നം
തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പാതിരിയായ ആന്‍ഡ്ര്യൂ ബ്രൂണ്‍സണെ ജയിലിലടച്ചതാണ് യു എസിനെ പ്രകോപിപ്പിച്ചത്. തുര്‍ക്കിയിലെ ഇസ്മിറില്‍ വികാരിയായിരുന്നു ഇദ്ദേഹം. ബ്രൂണ്‍സണ്‍ ഒരു രാഷ്ട്രീയ പാതിരിയാണെന്ന വിലയിരുത്തലാണ് തുര്‍ക്കിക്കുള്ളത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും ഗുലനിസ്റ്റ് മൂവ്‌മെന്റുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. പ്രത്യേക കുര്‍ദ് രാഷ്ട്രത്തിനായി ആയുധമെടുക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി. ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവരെയാണ് ഗുലനിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഉര്‍ദുഗാന്‍ സര്‍ക്കാറിനെതിരെ നടന്ന സൈനിക അട്ടിമറിയുടെ സൂത്രധാരനെന്ന് തുര്‍ക്കി ചൂണ്ടിക്കാട്ടുന്നത് ഫത്ഹുല്ലാ ഗുലന്‍ എന്ന മത നേതാവിനെയാണ്. ഇദ്ദേഹം അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് പ്രവാസ ജീവിതം നയിക്കുന്നത്. ഗുലന് തുര്‍ക്കിയുടെ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ ശൃംഖലയുണ്ട് അവര്‍ക്ക്. കുര്‍ദ് പാര്‍ട്ടിയുമായും ഗുലനിസ്റ്റുകളുമായും പാതിരിക്കുണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തിന് തെളിവുകള്‍ നിരന്നതോടെ അദ്ദേഹത്തെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ചു. പിന്നീട് വീട്ടു തടങ്കലിലേക്ക് മാറ്റി. പാതിരി സമര്‍പ്പിച്ച അപ്പീല്‍ മേല്‍ക്കോടതി തള്ളിയെന്നതാണ് ഒടുവില്‍ വന്ന വാര്‍ത്ത. കീഴ്‌ക്കോടതിയുടെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. ചാരപ്രവര്‍ത്തനം, രാജ്യത്തിനെതിരെ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തിയിട്ടുള്ളത്.

ഈ പാതിരിയെ വിശേഷിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് ഉപയോഗിച്ച വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘ആന്‍ഡ്ര്യൂ ബ്രൂണ്‍സണ്‍ മഹാനായ ക്രിസ്ത്യാനിയാണ്. നിഷ്‌കളങ്കനായ മനുഷ്യനാണ്. രാജ്യസ്‌നേഹിയാണ്’. മതം തന്നെയാണ് ട്രംപ് ഉച്ചത്തില്‍ ഉന്നയിക്കുന്നത്. ഉര്‍ദുഗാന്റെ ഇസ്‌ലാമിസ്റ്റ് തുരങ്ക സൗഹൃദത്തില്‍ വിമര്‍ശം രേഖപ്പെടുത്തുമ്പോഴും തീവ്ര മതേതരത്വത്തെ മറികടന്ന് സര്‍ഗാത്മക മതേതരത്വത്തിന്റെ സൗന്ദര്യത്തിലേക്ക് രാജ്യത്തെ നയിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ബ്രൂണ്‍സണ്‍ മഹാനായ ക്രിസ്ത്യാനിയാണെന്ന് ട്രംപിന് പറയാമെങ്കില്‍ ഉര്‍ദുഗാന്‍ മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നത് പാതകവും യൂറോപ്യന്‍ ലിബറല്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാകുന്നതെങ്ങനെയാണ്? ഫത്ഹുല്ലാ ഗുലനെ വിട്ടുതരാന്‍ തുര്‍ക്കി നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് അമേരിക്ക തയ്യാറായിട്ടില്ലെന്നു കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

ഒന്നും പുതിയതല്ല
യഥാര്‍ഥത്തില്‍ ഇത് ഒരു പാതിരിയുടെ പ്രശ്‌നമല്ല. ഇറക്കുമതിയുടെയോ കയറ്റുമതിയുടേയോ വിഷയവുമല്ല. ട്രംപ് പറഞ്ഞതാണ് ശരി. തുര്‍ക്കി അമേരിക്കയുടെ ഇഷ്ട സുഹൃത്തല്ല. യൂറോപ്പിന്റെ രോഗിയെന്ന പഴയ ആക്ഷേപത്തില്‍ നിന്ന് രക്ഷനേടി, സുസ്ഥിരതയുള്ള ചുരുക്കം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായി നിലകൊള്ളുന്ന തുര്‍ക്കിയെ അദ്ദേഹത്തിന് ഇഷ്ടമാകില്ല. കഴിഞ്ഞ തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയ വാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ അത് മനസ്സിലാകും. വിമര്‍ശമായിരുന്നില്ല, സംഘടിതമായ ആക്രമണമാണ് നടന്നത്. തുര്‍ക്കി കൂടി അംഗമായ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഉര്‍ദുഗാനെ കുറിച്ച് നിരവധി പരാതികളുണ്ട്. ഇസില്‍വിരുദ്ധ ദൗത്യത്തില്‍ ആരെയൊക്കെ കൂട്ടണമെന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കം. ഇസിലിനെതിരെ പോരാടാന്‍ കുര്‍ദ് ഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കണമെന്ന് പറഞ്ഞാല്‍ തുര്‍ക്കി അംഗീകരിക്കില്ല. അവരുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷണിയാണ് ഈ ഗ്രൂപ്പുകള്‍. ഖത്വറിനോട് ഒരു ബന്ധവും പാടില്ലെന്ന് പറഞ്ഞാലും നടക്കില്ല. ശരിയായാലും തെറ്റായാലും ഗള്‍ഫ് പ്രശ്‌നത്തില്‍ തുര്‍ക്കിക്ക് അതിന്റേതായ നയമുണ്ട്. റഷ്യയില്‍ നിന്ന് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങരുതെന്ന് നാറ്റോ ശഠിക്കുന്നു. വാങ്ങാന്‍ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ അടിച്ചേല്‍പ്പിച്ച ഉപരോധത്തോട് തുര്‍ക്കി സഹകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തുര്‍ക്കിയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും വരുന്നത് ഇറാനില്‍ നിന്നാണ്. 2016ലെ സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് മനുഷ്യത്വപരമായി പെരുമാറണമെന്നാണ് പാശ്ചാത്യ ചേരിയുടെ മറ്റൊരാവശ്യം. ഇക്കാര്യത്തില്‍ ഒരു കരുണക്കും ഉര്‍ദുഗാന്‍ ഒരുക്കമല്ല.

അതുകൊണ്ട് പല കലിപ്പുകളുടെ പുറത്താണ് ട്രംപ് ഉപരോധവും തീരുവാ യുദ്ധപ്രഖ്യാപനവും നടത്തിയിരിക്കുന്നത്. റഷ്യ, ഇറാന്‍, ചൈന തുടങ്ങിയവയുമായി സഹകരണം ശക്തമാക്കി തിരിച്ചടിക്കാന്‍ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്ഷ്യല്‍ ബേങ്ക് ഓഫ് ചൈന 3.6 ബില്യണ്‍ ഡോളര്‍ തുര്‍ക്കിക്ക് നല്‍കും. ഖത്വര്‍ 15 ബില്യണ്‍ ഡോളര്‍ നല്‍കിക്കഴിഞ്ഞു. അതിജീവന ശക്തിയുള്ള ജനത കൂടെയുള്ളപ്പോള്‍ ഉര്‍ദുഗാന്‍ പിടിച്ചു നില്‍ക്കുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. അപ്പോഴേക്കും തുര്‍ക്കിക്ക് മാത്രമല്ല, അനേകം പേര്‍ക്ക് കനത്ത പരുക്കേറ്റു കഴിഞ്ഞിരിക്കുമെന്ന് മാത്രം. സാമ്പത്തിക യുദ്ധത്തില്‍ ആരും ജയിക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here