Connect with us

Articles

മെഹദായി ജലത്തിന്റെ അവകാശികള്‍

Published

|

Last Updated

കര്‍ണാടക രാഷ്ട്രീയത്തെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മുഖ്യപ്രശ്‌നം നദീജല തര്‍ക്കങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിനിയോഗിക്കാനായിരുന്നു കര്‍ണാടകയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചത്. അതുകൊണ്ട് ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം ഉണ്ടാക്കുന്ന നിലയിലേക്ക് ഇവ വളരാറുമുണ്ട്. എന്നാല്‍, മാറിയ അന്തരീക്ഷത്തില്‍ കര്‍ണാടകയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത് ശുഭകരമായ വാര്‍ത്തയാണ്. വെള്ളത്തിനായി ഗോവയും കര്‍ണാടകയും തമ്മില്‍ 50 വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായിരിക്കുന്നു. മെഹദായി നദിയില്‍ നിന്ന് കര്‍ണാടകക്ക് 13.5 ഘനയടി വെള്ളം കൊണ്ടുപോകാമെന്നാണ് മെഹദായി നദീജല ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നത്. മുംബൈ- കര്‍ണാടക മേഖലക്ക് കുടിവെള്ളത്തിനായി 5.5 ഘനയടിയും വൈദ്യുതോത്പാദനത്തിന് 8.2 ഘനയടിയും കലാസ, ബെന്ദൂരി പദ്ധതികള്‍ക്ക് യഥാക്രമം 1.12, 2.18 ഘനയടിയും വെള്ളമാണ് പുതിയ ഉത്തരവനുസരിച്ച് ലഭിക്കാന്‍ പോകുന്നത്.

ഗോവയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മെഹദായി നദിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് ഗോവ സര്‍ക്കാര്‍ മെഹദായി നദിയില്‍ നിന്ന് കര്‍ണാടകക്ക് വെള്ളം വിട്ടുകൊടുക്കാന്‍ മുന്‍കാലങ്ങളില്‍ തയ്യാറാകാതിരുന്നത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉപയോഗിക്കുന്നതിനായി കര്‍ണാടക വെള്ളം ശേഖരിച്ച് വെക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ഗോവ സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിക്കുകയുണ്ടായി. ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ ഉത്തരവില്‍ വിയോജിപ്പില്ലെന്നും തീരുമാനം ഗോവയോട് നീതി പുലര്‍ത്തുന്നതാണെന്നുമാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചത്. ട്രൈബ്യൂണല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചതായും മെഹദായി ഹൊറാത്ത സമിതിയും അറിയിച്ചതോടെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടുവെന്ന് വേണം വിലയിരുത്താന്‍.

മെഹദായി നദിയില്‍ നിന്ന് 36.55 ടി എം സി വെള്ളമാണ് കര്‍ണാടക ആവശ്യപ്പെട്ടിരുന്നത്. കുടിവെള്ള ആവശ്യത്തിന് 7.56 ടി എം സി വെള്ളം വിട്ടുതരണമെന്ന ആവശ്യം ഗോവ നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കര്‍ണാടകയുമായുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് 2010ല്‍ അന്നത്തെ രണ്ടാം യു പി എ സര്‍ക്കാറാണ് മെഹദായി തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ രൂപവത്കരിച്ചത്. തര്‍ക്കത്തില്‍ ഇടപെടാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഇരു സംസ്ഥാനങ്ങളും അഭിപ്രായ സമന്വയത്തില്‍ എത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് ഇപ്പോഴത്തെ വിധി പ്രസ്താവമെന്നതും ശ്രദ്ധേയമാണ്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു മെഹദായി നദീജല തര്‍ക്കം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി പ്രശ്‌ന പരിഹാരത്തിന് യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെയും ജനതാദള്‍- എസിന്റെയും ആരോപണം. ഗോവയുടെ അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളില്‍ മെഹദായി വിഷയം ഉയര്‍ത്തിപ്പിടിച്ചാണ് ഇരുകക്ഷികളും ബി ജെ പിക്കെതിരെ പട നയിച്ചത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മെഹദായി നദീജല പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കര്‍ണാടക ബി ജെ പി ഘടകം ഗോവ സര്‍ക്കാറുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കിലും മഞ്ഞുരുകുന്ന ലക്ഷണമുണ്ടായില്ല. പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഈ വിഷയത്തില്‍ ബോധപൂര്‍വം മൗനം അവലംബിച്ചു. ഇത് പാര്‍ട്ടി അണികളില്‍ പോലും ശക്തമായ പ്രതിഷേധമാണുണ്ടാക്കിയത്.

കര്‍ണാടകയിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നമായിട്ട് കൂടി പ്രശ്‌നത്തിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം നിര്‍ദേശിക്കാന്‍ മോദി തയ്യാറാകാത്തത് കോണ്‍ഗ്രസും ജെ ഡി എസും ആയുധമാക്കി. മെഹദായി നദീജലം കര്‍ണാടകക്ക് നല്‍കാന്‍ ബി ജെ പി ഭരിക്കുന്ന ഗോവ തയ്യാറാകാത്ത സാഹചര്യമാണ് ഇത്രയും കാലം നിലനിന്നിരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രശ്‌ന പരിഹാരം ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയാണ് മെഹദായി. ഗോവയില്‍ മണ്ഡോവി എന്നാണ് ഈ നദി അറിയപ്പെടുന്നത്. കര്‍ണാടകയിലൂടെ 35 കിലോമീറ്ററും ഗോവയിലൂടെ 70 കിലോമീറ്ററും ഒഴുകുന്ന ഈ നദി അറബിക്കടലിലാണ് ചെന്ന് ചേരുന്നത്. മഹാരാഷ്ട്രയുടെ കുറച്ചുഭാഗത്തും നദിയുടെ സാന്നിധ്യമുണ്ട്.

ഇനി പരിഹാരം കണ്ടെത്തേണ്ടത് കാവേരി നദീജല തര്‍ക്കത്തിനാണ്. ഈ പ്രശ്‌നം കൂടി രമ്യതയിലെത്തിയാല്‍ കര്‍ണാടകക്ക് മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയും. കക്ഷികള്‍ മാറി മാറി അധികാരത്തിലെത്തിയിട്ടും രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കാവേരി നദീ ജല തര്‍ക്കത്തിന് ശാശ്വതവും രമ്യവുമായ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. കാവേരി നദിയിലെ അണക്കെട്ടുകളില്‍ നിന്ന് കഴിഞ്ഞ മാസം 34 ഘനയടി വെള്ളമാണ് തമിഴ്‌നാടിന് വിട്ടുകൊടുത്തത്. ഇക്കുറി കര്‍ണാടകയില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിനാലും കാവേരി നദിയിലെ നാല് അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നതിനാലും ഈ അളവില്‍ വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സംസ്ഥാനത്ത് ജല ലഭ്യത നന്നേ കുറവായിരുന്നു. കര്‍ണാടകയിലെ അണക്കെട്ടുകളിലെ ജലവിതാനം പരിഗണിക്കാതെയാണ് പലപ്പോഴും തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി വിധിക്കുന്നത്. ഇതാണ് മുന്‍ വര്‍ഷങ്ങളില്‍ കാവേരി പ്രക്ഷോഭം ആളിക്കത്താന്‍ ഇടയാക്കിയത്.

സംസ്ഥാനം രൂക്ഷമായ വരള്‍ച്ച അനുഭവിക്കുമ്പോഴും കൂടിയ അളവില്‍ തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡും റെഗുലേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചതും കര്‍ണാടകക്ക് കാവേരി വിഷയത്തില്‍ ഏറ്റവുമൊടുവില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ജലം സുലഭമായ മാസങ്ങളിലും അല്ലാത്തപ്പോഴും തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കാവേരിയില്‍ നിന്ന് നല്‍കുന്ന വെള്ളത്തിന്റെ അളവും മറ്റു വിഷയങ്ങളും തീരുമാനിക്കുന്നത് ഈ അതോറിറ്റിയാണ്. കര്‍ണാടകയുടെ എതിര്‍പ്പ് വക വെക്കാതെയുള്ള കമ്മിറ്റികളുടെ രൂപവത്കരണത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതോടെ കാവേരി നദിയിലെ അണക്കെട്ടുകളുടെ നിയന്ത്രണം കര്‍ണാടകക്ക് നഷ്ടപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

കര്‍ണാടകയെ കുറിച്ച് പറയുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക നദീജല തര്‍ക്കങ്ങളും അതിന്റെ പേരില്‍ ഉടലെടുത്ത ചെറുതും വലുതുമായ പ്രക്ഷോഭങ്ങളുമായിരിക്കും. കാവേരി നദിയെക്കുറിച്ച് അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും കടന്നുവരുന്ന വിഷയം തമിഴ്‌നാടുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന മെഹദായി നദീജല തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിച്ച സാഹചര്യത്തില്‍ ഇനി കാവേരി നദീജല തര്‍ക്കത്തിനും അഭിപ്രായ സമന്വയത്തിന്റെയും വിട്ടുവീഴ്ചയുടെയും പാത സ്വീകരിച്ചുകൊണ്ട് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ദാഹനീരിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കലഹിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് ലജ്ജാകരമാണ്. കര്‍ണാടകയിലെ അണക്കെട്ടുകളില്‍ വെള്ളം സുലഭമായി ലഭിക്കുന്ന ഘട്ടം സംജാതമാകുമ്പോള്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനോട് മാനുഷിക പരിഗണന വെച്ചെങ്കിലും യോജിക്കാന്‍ കര്‍ണാടക തയ്യാറാകണം. കൊടിയ വരള്‍ച്ച മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇത്രയടി വെള്ളം തങ്ങള്‍ക്ക് ലഭിക്കണമെന്ന് തമിഴ്‌നാട് വാശിപിടിക്കുന്നതും ആശാസ്യകരമല്ല. അത് പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനേ ഉപകരിക്കുകയുള്ളൂ. ഇരു സംസ്ഥാനങ്ങളും നിലവിലുള്ള സാഹചര്യം മനസ്സിലാക്കി വിട്ടുവീഴ്ചയോടെ പ്രശ്‌നത്തെ സമീപിക്കുകയാണെങ്കില്‍ കാവേരി നദീജല തര്‍ക്കത്തിനും അതിവിദൂരമല്ലാത്ത ഭാവിയില്‍ അവസാനമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് മെഹദായി നദീജല തര്‍ക്ക പരിഹാരം ബോധ്യപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest