Connect with us

Editorial

ദുരിതാശ്വാസ ക്യാമ്പുകള്‍ ഓര്‍മപ്പെടുത്തുന്നത്

Published

|

Last Updated

പ്രളയ ബാധിതര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഷാ വ്യത്യാസം മറന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിരുകള്‍ കടന്നും ഭരണകൂടങ്ങളും ജനങ്ങളും കൈക്കോര്‍ക്കുന്നത് കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയുമായി പല തവണ ഫോണിലൂടെ സംസ്ഥാനത്തെ ഗുരുതരാവസ്ഥ അന്വേഷിച്ചു അറിഞ്ഞു കൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തിലെത്തി സംസ്ഥാനം അനുഭവിക്കുന്ന ദുരിതം നേരിട്ടു കാണുകയും ഇടക്കാല ആശ്വാസമായി 500 കോടി രൂപ പ്രഖ്യാപിക്കുകയുമുണ്ടായി. ഒരാഴ്ച മുമ്പ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും സംസ്ഥാനത്തെത്തി പേമാരിയെ തുടര്‍ന്നു സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികളും നാശനഷ്ടങ്ങളും വിലയിരുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളും മികച്ച സഹകരണമാണ് പ്രകടിപ്പിക്കുന്നത്. തെലങ്കാന 25 കോടി, ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക, 10കോടി വീതം, തമിഴ്‌നാട് അഞ്ച് കോടി എന്നിങ്ങനെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശത്തിന്റെ അതിര്‍ത്തി കടന്നു യു എ ഇയും കേരളത്തിലേക്ക് സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. സഹായ സമാഹരണത്തിന് യു എ ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സഈദ് ആല്‍നഹ്‌യാന്റെ നിര്‍ദേശ പ്രകാരം എമിറേറ്റ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കുന്നതില്‍ യു എ ഇയും രാജ്യത്തെ ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി.

നൂറ്റാണ്ടിലെ ഏറ്റവും വലുതും രൂക്ഷവുമെന്ന് വിലയിരുത്തപ്പെടുന്ന ഈ വര്‍ഷത്തെ മഴയും പ്രളയവും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത് ഔദ്യോഗിക കണക്കു പ്രകാരം 70,085 കുടുംബങ്ങളില്‍ നിന്നുള്ള 3,14,314 പേരെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2,094 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇവര്‍ക്കായി തുറന്നിട്ടുണ്ട്. ക്യാമ്പിലെത്തപ്പെട്ട പലരുടെയും അവസ്ഥ ദയനീയമാണ.് കഠിനാധ്വാനത്തിലൂടെയും വളരെ കഷ്ടപ്പെട്ടും നിര്‍മിച്ച വീടും നേടിയ സമ്പത്തും അപ്പാടെ പ്രളയം വിഴുങ്ങിപ്പോയവരുണ്ട.് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും സ്വന്തക്കാരെല്ലാം നഷ്ടപ്പെട്ടു ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഹതഭാഗ്യരുണ്ട്. മത,ജാതി, രാഷ്ട്രീയ ഭിന്നതകളെല്ലാം മറന്നു ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണിവര്‍ ക്യാമ്പുകളില്‍ താമസിക്കുന്നത്.

മനുഷ്യ സമൂഹത്തെ ചിന്തിപ്പിക്കുകയും ബോധവത്കരിക്കുകയും നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷിക ബോധത്തിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ചെയ്യാന്‍ സഹായകമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. ചുറ്റുപാടുകളെയും പാവപ്പെട്ട അയല്‍വാസികളെയും മറക്കുകയോ, കാണാത്ത ഭാവം നടിക്കുകയോ ചെയ്യുന്നവരാണ് നമുക്കിടയിലെ സമ്പന്നരില്‍ ചിലരെങ്കിലും. മേശ നിറയെ നാനാതരം വിഭവങ്ങള്‍ നിരത്തി ദിവസം മൂന്നും നാലും തവണ വയറ് നിറയെ ആഹരിക്കുകയും അവശേഷിക്കുന്നത് വേസ്റ്റ് കൊട്ടയിലേക്ക് തട്ടിക്കളയുകയും ചെയ്യുന്ന പലരും പാകം ചെയ്യാന്‍ അരിയില്ലാത്തതിനാല്‍ അടുപ്പില്‍ തീകത്തിക്കാത്ത അയല്‍ വീട്ടുകാരുടെ നേരെ കണ്ണു ചിമ്മാറാണ് പതിവ്. കാറും നൂറ് പവനും നല്‍കി ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു മകളുടെ വിവാഹം നടത്തുമ്പോള്‍, സമീപത്തെ വീടുകളില്‍ കൊടിയ ദാരിദ്ര്യം മൂലം കെട്ടിച്ചയക്കാന്‍ സാധിക്കാതെ പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചു ചിന്തിക്കാറില്ല. കോടികള്‍ ചെലവിട്ട് കൂറ്റന്‍ വീടുകള്‍ നിര്‍മിച്ചു മുറ്റത്താകെ ടൈല്‍സ് പാകി ചുറ്റുമതിലും കെട്ടി എല്ലാം സുരക്ഷിതമെന്ന ഭാവത്തില്‍ ആര്‍ഭാട ജീവിതം നയിക്കവെ മഴയില്‍ ചോര്‍ന്നൊലിക്കുന്ന സമീപത്തെ പാവപ്പെട്ടവന്റെ വീടുകള്‍ പുച്ഛത്തോടെ നോക്കുന്നവര്‍ ചിലരെങ്കിലുമുണ്ട് സമൂഹത്തില്‍. ഇങ്ങനെ നില മറന്നു ജീവിച്ചവരും, പൊങ്ങച്ചം അലങ്കാരമായി കണ്ടവരും, അഹങ്കരിച്ചു നടന്നവരും അയല്‍പക്കത്തെ പാവപ്പെട്ടവന്റെ കൂടെ ഒരു പൊതി ഭക്ഷണത്തിനും ഒരു തുണ്ട് വസ്ത്രത്തിനും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് നേരെ കൈനീട്ടുന്ന വാര്‍ത്ത മീഡിയകളിലൂടെ അറിയാനിടയായി. മിനുമിനുത്ത മാര്‍ദവമായ മെത്തകളില്‍ മാത്രം അന്തിയുറങ്ങി പരിചയമുള്ളവര്‍, സ്‌കൂളുകളിലും മദ്‌റസകളിലും സജ്ജീകരിച്ച ടൈല്‍സ് പോലും പാകിയിട്ടില്ലാത്ത പരുപരുത്ത തറകളിലാണ് കിടന്നുറങ്ങുന്നത്. നിരത്തിലൂടെ കാറില്‍ നിലം വിട്ടും പറക്കുന്നതിനിടയില്‍, വാഹനാപകടത്തില്‍ പെട്ട് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹതഭാഗ്യന്‍ സഹായമഭ്യര്‍ഥിക്കുന്നത് കേട്ടാല്‍, കൈയില്‍ ചോര പുരളുകയും അഴുക്കാകുകയും ചെയ്യുമെന്ന ചിന്തയില്‍ ഒഴിഞ്ഞു മാറിപ്പോകുന്നവര്‍ ക്യാമ്പുകളിലെ ചെളിപുരണ്ട അന്തരീക്ഷത്തില്‍ കഴിഞ്ഞു കൂടാന്‍ നിര്‍ബന്ധിതരാകുന്നു.

“കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്‍, രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍” എന്ന പൂന്താനത്തിന്റെ വരികളെ അന്വര്‍ഥമാക്കുന്നതാണ് വിവിധ ക്യാമ്പുകളിലെ കാഴ്ചകള്‍. ഇതൊന്നും ചിന്തിപ്പിക്കുന്നില്ലെങ്കില്‍, ബോധവാന്മാരാക്കുന്നില്ലെങ്കില്‍ എന്നാണ് നമ്മുടെ ചിന്താമണ്ഡലം ഉണരുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്ഥായിയല്ല ജീവിതവും സമ്പത്തും ഉറ്റവരും ഒന്നും തന്നെ. ഒരു നിമിഷം മതി എല്ലാം നശിക്കാന്‍. ആ ചിന്തയോടെയാകണം നമ്മുടെ ജീവിതം. അയല്‍ക്കാരന്റെ വിഷമങ്ങളും പ്രയാസങ്ങളും അറിയാതെ മതില്‍ കെട്ടിനിപ്പുറം സ്വന്തത്തിലേക്ക് ചുരുങ്ങി ജീവിക്കുന്നത് മാനുഷികമല്ല. മറ്റുള്ളവരിലേക്ക് എത്രമാത്രം ആ കാരുണ്യം ചൊരിയാന്‍ നമുക്ക് കഴിയുന്നുവോ അതിലുപരി പല വഴിക്കായി അത് തിരിച്ച് ലഭിച്ചുകൊണ്ടേയിരിക്കുമെന്നത് അലംഘനീയമായ ഒരു പ്രകൃതി നിയമമാണ്. സഹായങ്ങളോ ദാനങ്ങളോ അല്ല, കെട്ടിപ്പൂട്ടി വെക്കുന്ന സമ്പാദ്യങ്ങളാണ് ഉപകാരപ്പെടാതെ പോകുന്നത്.