Connect with us

International

കോഫി അന്നന്‍: പതറാതെ പൊരുതിയ നേതാവ്

Published

|

Last Updated

യു എന്‍ ചരിത്രത്തില്‍ ഒന്നിനൊന്നായി പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും ഘോഷയാത്ര നടന്ന കാലത്ത് പതറാതെ പൊരുതി നിന്ന നേതാവായി കോഫി അത്ത അന്നന്‍ എന്ന പേര് എഴുതപ്പെടുമെന്നതില്‍ സംശയമില്ല. എച്ച് ഐ വി/ എയ്ഡ്‌സ് വ്യാപനം മുതല്‍ ഇറാഖ് യുദ്ധം വരെ നീണ്ടുനിന്ന വിപത്തുകളുടെ പത്ത് വര്‍ഷം യു എന്‍ സ്ഥാനത്തിരുന്ന സമാധാനത്തിന്റെ കറുത്ത മുത്താണ് കോഫി അന്നന്‍. പരാജയപ്പെട്ട ദൗത്യങ്ങളുടെയും പരിശ്രമങ്ങളുടെയും പേരില്‍ കോഫി അന്നനെതിരെ വലിയ പട്ടിക തന്നെ നിരത്താന്‍ വിമര്‍ശകര്‍ക്ക് സാധിച്ചേക്കാം.

എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ പരിമിതികളും അമേരിക്കന്‍ ഇടപെടലുകളുടെ ചരിത്രവും ചേര്‍ത്ത് വായിക്കുമ്പോള്‍ യു എന്‍ എന്ന ആഗോള സമാധാന സംഘടനയുടെ നിലനില്‍പ്പിനും സത്‌പ്പേരിനും അന്നന്‍ എന്ന ആഫ്രിക്കക്കാരന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമാകും.

വൈറ്റ് ഹൗസില്‍ ഒബാമയെത്തുന്നതിനും മുമ്പ് 1997ലാണ് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ആദ്യത്തെ കറുത്ത വംശജനായ സെക്രട്ടറി ജനറലായി കോഫി അന്നന്‍ സ്ഥാനമേല്‍ക്കുന്നത്. പിന്നീട് 2006ല്‍ ആസ്ഥാനത്ത് നിന്ന് ഇറങ്ങുന്നത് വരെ തീര്‍ത്തും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് അന്നന്‍ കടന്നുപോയത്.
2001ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായെങ്കിലും തനിക്ക് ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നുവെന്നും ചെയ്തതൊക്കെയും നാമമാത്രമായവയായിരുന്നെന്നുമുള്ള ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ഒരു കുറ്റബോധമോ പാശ്ചാതാപമോ ആയിരിക്കാം 70ാം വയസ്സിലും സമാധാനത്തിന്റെ വാഹകനായി ലോകം ചുറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2012ല്‍ സിറിയന്‍ പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച യു എന്‍/ അറബ് ലീഗ് സമാധാന സംഘത്തിന്റെ പ്രത്യേക പ്രതിനിധിയായും 2016ല്‍ റോഹിംഗ്യന്‍ വംശഹത്യ അന്വേഷിക്കുന്ന യു എന്‍ കമ്മീഷന്റെ മേധാവിയായും കോഫി അന്നന്‍ സുത്യര്‍ഹമായ സേവനം കാഴ്ചവെച്ചതും.

1938ല്‍ ഇന്നത്തെ ഘാനയിലെ കുമാസി നഗരത്തിലാണ് ജനനം. ഇഫുവ അത്തയെന്ന സഹോദരിക്കൊപ്പം ജനിച്ചത് കൊണ്ടാണ് ഇരട്ടയെന്നര്‍ഥം വരുന്ന അത്ത പേരിനൊപ്പം വന്നത്. വെള്ളിയാഴ്ച ജനിക്കുന്നവന്‍ എന്നാണ് കോഫിയെ കൊണ്ട് അര്‍ഥമാക്കുന്നത്.
പാരമ്പര്യമായി തന്നെ നയതന്ത്രം ലഭിച്ച കുട്ടിയായിരുന്നു അന്നന്‍. ഘാനയിലെ നാട്ടുമൂപ്പന്മാരുടെ കുടുംബത്തിലായിരുന്നു ജനനം. പിതാവ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. അന്നന്റെ 19ാം വയസ്സില്‍ ഘാന ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായി. സ്വതന്ത്ര ഘാനയിലെ ആദ്യ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത അന്നന്റെ ജീവിതം പിന്നീട് മാറ്റങ്ങളുടെ പാതയിലായിരുന്നു.

പ്രാദേശിക രാഷ്ട്രീയത്തിലിങ്ങാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും ലോകത്തെ മുഴുവനും നിയന്ത്രിക്കാനാകുന്ന നയതന്ത്രജ്ഞനാകുകയെന്നതായിരുന്നു ലക്ഷ്യം. അമേരിക്കയിലെ മകലെസ്റ്റര്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്തി. ജനീവയിലെ സ്ഥാപനത്തില്‍ നിന്ന് ഇന്റര്‍നാഷനല്‍ റിലേഷനില്‍ ഡിപ്ലോമയെടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, അകാന്‍, വിവിധ ആഫ്രിക്കന്‍ ഭാഷകളിലും പാഠവമുള്ള അന്നന്‍ 1962ല്‍ തന്നെ യു എന്നിന്റെ ആരോഗ്യ സംഘടനയില്‍ ജോലി ചെയ്തു.
നയതന്ത്ര കാര്യത്തില്‍ ശ്രദ്ധേയമായ ഇടപെടലാണ് അന്നന്‍ നടത്തിയത്. 1993ല്‍ പീസ്‌കീപ്പിംഗ് ഓപറേഷന്റെ മേധാവിയായി ചുമതലയേറ്റു. ഇക്കാലയളവില്‍ നടത്തിയ ഇടപെടലായിരുന്നു അദ്ദേഹത്തെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തിച്ചത്.

1993ല്‍ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. പീസ്‌കീപ്പിംഗ് മേധാവിയായതിന് ശേഷം റുവാണ്ടയിലെ കൂട്ടക്കൊല വിഷയത്തിലും 1995ലെ സെര്‍ബിയന്‍ കൂട്ടക്കൊല വിഷയത്തിലും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കോഫി അന്നന് സാധിച്ചിട്ടുണ്ട്. അതേസമയം ഇക്കാലയളവില്‍ കടുത്ത ആരോപണങ്ങളും അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു.

കോഫി അന്നന്‍ യു എന്‍ സെക്രട്ടറി ജനറലായിരിക്കെ സിറിയ, ബോസ്‌നിയ, ദര്‍ഫുര്‍, സൈപ്രസ്, സൊമാലിയ, ഇറാഖ് എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും കോഫി അന്നനെതിരെയുണ്ട്.

എന്നാല്‍ കോഫി അന്നന് പോലും പരിഹരിക്കാനാകാത്തെ പ്രശ്‌നമെന്ന വിശേഷണമാണ് ഇവക്ക് ലഭിച്ചത്. എയ്ഡസ്, ദാരിദ്ര നിര്‍മാര്‍ജനത്തിനായി നടത്തിയ പരിശ്രമങ്ങള്‍ക്കാണ് 2001ല്‍ അദ്ദേഹത്തിന് നൊബെല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.