Connect with us

Kerala

മാനം തെളിയുന്നു; വടക്കന്‍ ജില്ലകള്‍ സാധാരണ നിലയിലേക്ക്

Published

|

Last Updated

കോഴിക്കോട്: ആഴ്ചകള്‍ക്ക് ശേഷം വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വെയില്‍ തെളിഞ്ഞത് ആശ്വാസമായി. മഴക്ക് വലിയതോതില്‍ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് ഒഴിഞ്ഞു. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ദേശീയപാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം കഴിഞ്ഞ രാത്രി പുനരാരംഭിച്ചിരുന്നു. ചെറിയ വാഹനങ്ങള്‍ ദേശീയപാത വഴി കടത്തിവിടുന്നത് ആശ്വാസമായി. ആയിരക്കണക്കിന് വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കെ എസ് ആര്‍ ടി സി മണ്ണാര്‍ക്കാട് വഴി കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങി. ഒറ്റപ്പാലം വഴി തൃശൂരിലേക്കുള്ള സര്‍വീസുകളും ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
പാലക്കാട് നെല്ലിയാമ്പതി മേഖല ഒറ്റപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. നെല്ലിയാമ്പതി-നെന്മാറ റോഡ് തകര്‍ന്നതിനാല്‍ മേഖലയിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. മേഖലയില്‍ നാലായിരത്തോളം കുടുംബങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ട്. മഴ കുറഞ്ഞെങ്കിലും പാലക്കാട്ടെ ഡാമുകളൊന്നും അടച്ചിട്ടില്ല. മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം നിയന്ത്രിത അളവില്‍ തുറന്നുവിടുന്നത് തുടരുമെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്.

മഴയൊഴിഞ്ഞെങ്കിലും ഗ്രാമീണ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. വരും ദിവസങ്ങളിലും മഴ മാറിനിന്നാല്‍ വടക്കന്‍ ജില്ലകള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരും. അട്ടപ്പാടി ചുരത്തിലും മണ്ണാര്‍ക്കാട്ട് മലയോര മേഖലയിലും വലിയ തോതില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും അറിയിച്ചിട്ടുണ്ട്.

Latest