ചാലക്കുടിയിലും ചെങ്ങന്നൂരിലും സ്ഥിതി ഗുരുതരം; കൂടുതല്‍ ബോട്ടുകള്‍ അയക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 18, 2018 12:08 am | Last updated: August 18, 2018 at 9:58 am
SHARE

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സേനാവിഭാഗങ്ങളും പോലീസും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ അധികം പേരെ ബോട്ട് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സേനാവിഭാഗങ്ങളുടെ ബോട്ടുകളോടൊപ്പം മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആലുവ ഭാഗത്തുനിന്ന് 71,591 പേരെയും ചാലക്കുടിയില്‍ നിന്ന് 5550 പേരെയും ചെങ്ങന്നൂരില്‍ നിന്ന് 3060 പേരെയും കുട്ടനാട് മേഖലയില്‍ നിന്ന് 2000 പേരെയും തിരുവല്ല, ആറ?ുള ഭാഗത്തുനിന്ന് 741 പേരെയും ഇന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

മെയ് 29-ന് പേമാരി ആരംഭിച്ചത് മുതല്‍ ആഗസ്റ്റ് 17-ന് രാവിലെ 8 മണി വരെ 324 പേര്‍ മരണപ്പെട്ടു. ആഗസ്റ്റ് 8 മുതല്‍ ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് 164 പേരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ച് 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനത്താകെ 40,000 പോലീസുകാര്‍ ദുരന്തനിവാരണ രംഗത്തുണ്ട്. അവരോടൊപ്പം ഫയര്‍ ഫോഴ്‌സിന്റെ 3200 പേരും പ്രവര്‍ത്തിക്കുന്നു.

നേവിയുടെ 46 ടീമും എയര്‍ഫോഴ്‌സിന്റെ 13 ടീമും ആര്‍മിയുടെ 18 ടീമും കോസ്റ്റ് ഗാര്‍ഡിന്റെ 16 ടീമും എന്‍.ഡി.ആര്‍.എഫിന്റെ 21 ടീമുകളും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി പങ്കെടുത്തു. എയര്‍ഫോഴ്‌സിന്റെ 16 ഹെലികോപ്റ്ററുകളും എന്‍.ഡി.ആര്‍.എഫിന്റെ 79 ബോട്ടുകളും ഫിഷറീസിന്റെ 403 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.

ചാലക്കുടി, ചെങ്ങന്നൂര്‍ മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവിടെ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് പുറമെ ആര്‍മിയുടെ 12 വലിയ ബോട്ടുകള്‍ ചാലക്കുടിയിലേക്ക് ശനിയാഴ്ച കാലത്ത് എത്തും. കാലടിയില്‍ 5 ആര്‍മി ബോട്ടുകള്‍ രാവിലെ മുതല്‍ കൂടുതലായി ഉണ്ടാകും. ചെങ്ങന്നൂരില്‍ 15 ആര്‍മി ബോട്ടും തിരുവല്ലയില്‍ 10 ആര്‍മി ബോട്ടും കൂടുതലായി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ ബോട്ടുകളെല്ലാം നാളെ രാവിലെ 6 മണി മുതല്‍ രക്ഷാപ്രര്‍ത്തനത്തിന് ഉണ്ടാകും. വിമാനമാര്‍ഗം ഇന്ന് രാത്രിയില്‍ കൂടുതല്‍ ആര്‍മി ബോട്ടുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും എത്തുന്നുണ്ട്.

ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും 4 വ്യോമസേനാ ഹെലികോപ്റ്ററുകള്‍ വീതം നാളെ കാലത്തു മുതല്‍ കൂടുതലായി ഉപയോഗിക്കും. തിരുവല്ല, ആറ?ുള, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് നാവിക സേനയുടെ 3 ഹെലികോപ്റ്ററുകള്‍ നാളെ കാലത്തു മുതല്‍ ഉണ്ടാകും. ചാലക്കുടിയിലും ചെങ്ങന്നൂരിലും അതിശക്തമായ ഒഴുക്കുളളതുകൊണ്ട് ഇന്ന് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. അതുകൊണ്ടാണ് നാളെ മുതല്‍ വലിയ ആര്‍മി ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത്.

ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് കാലത്തുമുതല്‍ ആരംഭിച്ചിരുന്നു. നാളെ കൂടുതല്‍ വ്യാപകമായി ഭക്ഷണവിതരണത്തിനുളള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വെ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒന്നര ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ അവര്‍ ലഭ്യമാക്കിയിട്ടുണ്ട്.