രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; കൂടുതല്‍ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു

Posted on: August 17, 2018 1:42 pm | Last updated: August 17, 2018 at 2:47 pm
SHARE

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പോലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. വനിതാ കമാന്‍ഡോകള്‍, വിവിധ സായുധസേനാ ബറ്റാലിയനുകള്‍, ആര്‍. ആര്‍. ആര്‍. എഫ് തുടങ്ങി എല്ലാ വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്. പോലീസ് ട്രെയിനിങ് കോളജ്, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളില്‍നിന്നും ട്രെയിനികളും വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കും.

കോസ്റ്റല്‍ പോലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്തിട്ടുണ്ട്. ഇവ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതിനു പുറമേ സ്വകാര്യ ബോട്ടുകളും ഉപയോഗപ്പെടുത്തി വരുന്നു. സംസ്ഥാനത്താകെയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായുള്ള സംരക്ഷണത്തിനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ശേഖരിച്ച അഞ്ച് ലോഡ് സാധന സാമഗ്രികള്‍ വയനാട്, ഇടുക്കി, ആലുവ, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ ക്യാമ്പുകളിലേക്ക് അയച്ചു. ഇതിനു പുറമെ വിവിധ ജില്ലകളില്‍നിന്നും സാധന സാമഗ്രികള്‍ ശേഖരിച്ച് എത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്‍പ്പിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ ഇവ പായ്ക്ക് ചെയ്തു ഇവ എത്തിക്കണം.

എല്ലാ ജില്ലകളിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.

ഡിഐജി, എ പി ബറ്റാലിയന്‍ – 9497998999,
കമാന്‍ഡന്റ് കെ.എ.പി. 3 9497996967,
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട 9497996983,

ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍ 9497996978,
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് 9497990083,
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ് 9497981247,

ജില്ലാ പോലീസ് മേധാവിഎറണാകുളം റൂറല്‍ 9497996979,
(ആലുവ)
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് 9497990073,

LEAVE A REPLY

Please enter your comment!
Please enter your name here