Connect with us

Articles

മനുഷ്യനെ വിറപ്പിച്ച് പ്രളയം

Published

|

Last Updated

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി സമാനതകളില്ലാതെ തുടരുകയാണ്. ഓഖി ചുഴലി കാറ്റും സുനാമി തിരയും കണ്ട ഈ തലമുറ 1924നു ശേഷമുള്ള വലിയ മഹാമാരി മൂലമുള്ള പ്രളയ നാളുകളിലൂടെ കടന്നു പോകുന്നു. ഹൈറേഞ്ച് ഒന്നാകെ ഒലിച്ചു പോകുന്ന തരത്തില്‍ 218 ഉരുള്‍പൊട്ടലുകള്‍ നടന്നുകഴിഞ്ഞു. പാറപൊട്ടിച്ചു കുന്നുകളെ വിറപ്പിച്ചതിന്റെ ബാക്കി പത്രം. ഇതു വരെ ഉരുള്‍പൊട്ടി 67 മരണങ്ങള്‍ ഉണ്ടായിരിക്കുന്നു. കുന്നിടിയലും പാറ ഉരുണ്ട് വീഴലും റോഡ് ഇടിയലും നടന്നുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ ഫലമായി നദികള്‍ ഗതി മാറി ഒഴുകുന്നു. നദികളുടെ വൃഷ്ടി പ്രദേശത്തെയും തീരങ്ങളിലെ പ്രളയ പ്രതലങ്ങളിലെയും കൈയേറ്റങ്ങള്‍ക്ക് നദികള്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുന്നു. പുഴകളിലെ എല്ലാ നിര്‍മിതികളും ഒഴുക്കി കളഞ്ഞു. എണ്ണമറ്റ അണക്കെട്ടുകള്‍ ഉപയോഗശൂന്യമാക്കി. മരങ്ങള്‍ കടയോടെ മലവെള്ളപ്പാച്ചലില്‍ താഴേക്ക് പോരുന്നു. സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നിരിക്കുന്നു.

മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുള്ള മഴ. പ്രകൃതിയെ വരുതിയില്‍ നിര്‍ത്താന്‍ നോക്കിയാല്‍ ഇങ്ങനെ ഇരിക്കുമെന്ന് പ്രകൃതി കാണിച്ചു തന്നിരിക്കുന്നു. പ്രളയജലത്തില്‍ മരിച്ചവരുടെ എണ്ണം 79 കടന്നു. ചാലക്കുടി പുഴയുടെ ഇരു വശത്തും ഒരു കിലോമീറ്റര്‍ വീതിയില്‍ പുഴ കരകവിഞ്ഞൊഴുകുന്നു. പെരിയാറിന്റെ അര കിലോമീറ്റര്‍ ഇരുകരകളും കടന്ന് കുത്തൊലിച്ചൊഴുകുന്നു. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പ്രാണരക്ഷാര്‍ഥം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. 3000 കോടിയിലധികം രൂപയുടെ നഷ്ട്ടം സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഓണം പ്രമാണിച്ചും മുന്നാറിലെ നീലകുറുഞ്ഞി പൂത്തത് കാണാനും ഹോട്ടല്‍ ബുക്കിംഗ് നടത്തിയത് റദ്ദ് ചെയ്തു കഴിഞ്ഞു.

പാറപൊട്ടിച്ചു കോടീശ്വരനായവന്‍ എ സി യില്‍ കിടന്നുറങ്ങുമ്പോള്‍ സാധാരണാക്കരന്‍ ഉരുള്‍പൊട്ടലില്‍ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു. സംസ്ഥാനം ഓണാഘോഷം മാറ്റിവെച്ചു. പൂത്ത നീലക്കുറിഞ്ഞി ഒലിച്ചു പോയി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞു കിടക്കുന്നു. കൊച്ചി മെട്രോയും ഓട്ടം നിര്‍ത്തി. സംസ്ഥാനത്തെ ഏതാണ്ട് 20000 കിലോ മീറ്റര്‍ റോഡ് ഒലിച്ചു പോയി. നദികള്‍ നാലും അഞ്ചും മീറ്റര്‍ ഉയരത്തിലാണ് പ്രളയ ജലവുമായി ഒഴുകുന്നത്.

മലകളും കുന്നുകളും അപ്രത്യക്ഷമാക്കിയതിനും പാറപൊട്ടിച്ച് ഹൈ റേഞ്ച് കുലുക്കിയതിനും വനഭൂമി നഷ്ടമാക്കിയതിനും പ്രളയ സംഭരണികള്‍ ഇല്ലാതാക്കിയതിനും പ്രകൃതി കോപം തീര്‍ക്കുകയാണ്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന കേരളം കടലിലേക്ക് ഒഴുകി പോകുമോ എന്ന ഭയമാണെവിടെയും. ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്കു സംവിധാനങ്ങളില്ലാതെ വലയുന്നു. ചെവിയില്‍ മഴ വെള്ളത്തിന്റെ ശബ്ദം പോലും ഭയപ്പെടുത്തുന്നു. മനുഷ്യന്റെ പ്രകൃതിക്കെതിരെ ഉണ്ടായ അശാസ്ത്രീയ ഇടപെടലല്ലേ പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമാക്കിയതെന്ന തോന്നല്‍ വല്ലാതെ മനസ്സിനെ അലട്ടുന്നു.

വികസനം ഇക്കോളജിയ തത്വങ്ങള്‍ മുറുകെ പിടിച്ചായിരുന്നെങ്കില്‍ ദുരിതങ്ങള്‍ കുറച്ചെങ്കിലും കുറക്കാമായിരുന്നില്ലേ?

Latest