ഇന്ത്യയുടെ മാറ്റങ്ങള്‍ക്കു പിന്നിലെ ചാലകശക്തി

വാജ്പയ് എന്ന യുവ രാഷ്ട്രീയ നേതാവിന്റെ പ്രതിഭയും സാധ്യതയും കണ്ട നെഹ്‌റു പ്രധാനമന്ത്രിക്കസേരയിലേക്ക് ചൂണ്ടി 'എന്നെക്കാള്‍ അവിടെയിരിക്കാന്‍ താങ്കള്‍ സമര്‍ഥനാണ്' എന്ന് പറഞ്ഞത് വൃഥാവിലായില്ലെന്ന് കാലം തെളിയിച്ചു. വര്‍ത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഇപ്പോഴത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു പിന്നിലുള്ള ചാലക ശക്തി അടല്‍ ബിഹാരി വാജ്പയ് ആണെന്നതില്‍ സംശയമില്ല. നാല് പതിറ്റാണ്ടിലധികം കാലം പാര്‍ലിമെന്റില്‍ കത്തിജ്വലിച്ച അദ്ദേഹം ഇന്ത്യകണ്ട ഏറ്റവും നല്ല പാര്‍ലിമെന്റേറിയന്‍മാരില്‍ ഒരാളാണ്. പാര്‍ലിമെന്ററി ജീവിതത്തിന്റെ സിംഹഭാഗവും പ്രതിപക്ഷ പോരാളിയുടെ മേലങ്കിയാണ് അദ്ദേഹം ധരിച്ചതെങ്കിലും ഒരിക്കല്‍പോലും സ്പീക്കറുടെ റൂളിംഗോ സഭാചട്ടങ്ങളോ അദ്ദേഹം ലംഘിച്ചതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല.
Posted on: August 17, 2018 10:17 am | Last updated: August 17, 2018 at 10:17 am
SHARE

ഭിനന്ദിക്കുന്നതില്‍ എന്നും പിശുക്ക് കാട്ടിയിട്ടുള്ള മൊറാര്‍ജി ദേശായി, എന്‍ എ പല്‍ക്കിവാലയെ രാജ്യം കണ്ട ഏറ്റവും നല്ല ധിഷണാശാലിയും ബുദ്ധിജീവിയുമെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. പ്രശസ്ത നിയമജ്ഞനും എഴുത്തുകാരനുമായ പല്‍ക്കിവാല 1990കളുടെ മധ്യത്തില്‍ ഇപ്രകാരം എഴുതി: ‘കരുത്തുറ്റ ഇന്ത്യ- ദുര്‍ബലരായ നേതാക്കന്മാര്‍- നാം പരാജിതര്‍’. മൂല്യങ്ങളെ രാഷ്ട്രീയത്തിന്റെ പുറംപോക്കിലേക്ക് തള്ളിമാറ്റിക്കൊണ്ടുള്ള പൊതുപ്രവര്‍ത്തനങ്ങളുടെ അപചയം കത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. രാജ്യത്തിന്റെ ദുരവസ്ഥ കണ്ട വ്രണിത ഹൃദയനായ പല്‍ക്കിവാല ‘പ്രധാനമന്ത്രിയാകാന്‍ സര്‍വതാ യോഗ്യന്‍ വാജ്പയിയാണ്. രാജ്യത്തെ ശരിയായ ദിശയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും’ എന്നും അഭിപ്രായപ്പെട്ടിരുന്നു. (നാനി പല്‍ക്കിവാലയുടെ തിരഞ്ഞെടുത്ത എഴുത്തുകള്‍- പേജ് 259). യാതനയുടെ ചാക്രിക പഥത്തിലൂടെ അര നൂറ്റാണ്ടിലധികം ഓടിത്തളര്‍ന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ തീവ്രമായ അഭിനിവേശമായിരുന്നു വാജ്പയ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്നത്.

വാജ്പയിയെ സംബന്ധിച്ചിടത്തോളം ഭാരത ഹൃദയത്തിന്റെ താളലയങ്ങള്‍ ആവോളം സ്വാംശീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. സര്‍വ ഭിന്നതകള്‍ക്കിടയിലും ദേശീയ ഐക്യം ഒരു കല്‍പ്പിത കഥയല്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15നും വാജ്പയ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത 1998 മാര്‍ച്ച് 18നുമിടയില്‍ കാര്‍ഷിക രംഗം മുതല്‍ കായിക രംഗം വരെ സമസ്ത മേഖലകളിലും ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്‍ബെഞ്ചിലായിരുന്നു. എന്നാല്‍ വാജ്പയ് ഭരണത്തോടെ ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമെന്ന ബഹുമതി നമുക്ക് ലഭിച്ചു. വിവര സാങ്കേതിക വിദ്യാരംഗത്തും ഹൈ ടെക്‌നോളജിയിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തത്തക്കവിധം നാം മുന്നോട്ടു കുതിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ ഭക്ഷ്യോപത്പാദനം 20. 3 കോടി ടണ്ണാക്കാനും വാജ്പയ് ഭരണകൂടത്തിന് സാധിച്ചു. അരങ്ങു തകര്‍ത്താടുന്ന അഴിമതിയുടെ നടുക്കയങ്ങളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഇന്ത്യയെ ഉന്നതതലങ്ങളിലെ അഴിമതിയില്‍ നിന്നു വിമോചിതമാക്കാന്‍ ബി ജെ പിക്കു സാധിച്ചു. അമേരിക്കന്‍ ക്യാബിനറ്റ് സെക്രട്ടറി കോളിന്‍ പവല്‍ വാജ്പയ് ഭരണകാലത്ത്, ഇന്ത്യയെ ഒരു വന്‍ ശക്തിയും തന്ത്രപ്രാധാന്യമുള്ള കൂട്ടുരാജ്യവുമായി അംഗീകരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. (എക്കണോമിക്‌സ് ടൈംസ് 18-12-1999) അന്താരാഷ്ട്ര രംഗത്ത് വാജ്പയ് കൈവരിച്ച നേട്ടത്തിനുള്ള മറ്റൊരു തെളിവാണ് 1998 ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് സാക്ക് സിറാക്ക് ഇന്ത്യ ലോകത്തിലെ വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം വാഷിംഗ്ടണില്‍ വെച്ച് പ്രസ്താവിച്ചത്. വര്‍ത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഇപ്പോഴത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു പിന്നിലുള്ള ചാലക ശക്തി അടല്‍ ബിഹാരി വാജ്പയ് ആണെന്നതില്‍ സംശയമില്ല.

നാല് പതിറ്റാണ്ടിലധികം കാലം പാര്‍ലിമെന്റിന്റെ അകത്തളങ്ങളില്‍ കത്തിജ്വലിച്ച വാജ്പയ് ഇന്ത്യകണ്ട ഏറ്റവും നല്ല പാര്‍ലിമെന്റേറിയന്‍മാരില്‍ ഒരാളാണ്. പാര്‍ലിമെന്ററി ജീവിതത്തിന്റെ സിംഹഭാഗവും പ്രതിപക്ഷ പോരാളിയുടെ മേലങ്കിയാണ് അദ്ദേഹം ധരിച്ചതെങ്കിലും ഒരിക്കല്‍പോലും സ്പീക്കറുടെ റൂളിംഗോ സഭാചട്ടങ്ങളോ അദ്ദേഹം ലംഘിച്ചതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കുെമതിരെ ഉന്നംതെറ്റാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ പായിക്കാന്‍ വാജ്പയിയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനു സാധിച്ചിട്ടുണ്ട്. വാജ്പയ് എന്ന യുവ രാഷ്ട്രീയ നേതാവിന്റെ പ്രതിഭയും സാധ്യതയും കണ്ട നെഹ്‌റു പ്രധാനമന്ത്രിക്കസേരയിലേക്ക് ചൂണ്ടി ”എന്നെക്കാള്‍ അവിടെയിരിക്കാന്‍ താങ്കള്‍ സമര്‍ഥനാണ്” എന്ന് പറഞ്ഞത് വൃഥാവിലായില്ലെന്ന് കാലം തെളിയിച്ചു.

രാഷ്ട്രീയ യശസ്സിന്റെ തിളക്കം ഒരിക്കലും ഭ്രാന്ത് പിടിപ്പിക്കാത്ത എളിമയുടെ പ്രകാശമായിരുന്നു ഈ ബി ജെ പി നേതാവ്. പ്രകൃതിയുടെ താളത്തെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച പാടുന്ന കവിയായിരുന്നു അദ്ദേഹം. കവി ഒരു തീര്‍ഥാടകനും രാഷ്ട്രീയക്കാരന്‍ ഒരു സത്യാന്വേഷിയുമായി മാറുമ്പോള്‍ ഇരുകൂട്ടരും സമൂഹത്തിന്റെ വഴികാട്ടികളായി മാറുകയാണുണ്ടാവുക! അടല്‍ ബിഹാരി വാജ്പയ് കവിയും രാഷ്ട്രീയക്കാരനുമെന്ന നിലയില്‍ തന്റെ ഇരട്ട പ്രതിബദ്ധത നിറവേറ്റിയാണ് ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്.

കവിയെന്ന നിലയില്‍ വാജ്പയിയുടെ സിദ്ധി അപാരതയില്‍ ആണ്ടു നില്‍ക്കുന്നതിനാല്‍ അളക്കുക സാധ്യമല്ല. വാല്‍മീകിയും വ്യാസനും കാളിദാസനും ഉയര്‍ത്തിയ ഭാരതത്തിന്റെ നാദമാണ് കവിതകളുടെ അടിത്തറ. സ്‌നേഹത്തിന്റെ നിറവില്‍ അതിരുകളിലില്ലാത്ത മാനത്ത് ഒരു പറവയെപ്പോലെ പറന്നു നടക്കാനിഷ്ടപ്പെടുന്ന ഈ കവിയെ തന്നെയാണ് സ്‌നേഹം കൊണ്ട് കലാപം വിതക്കുന്ന ഒരു രാഷ്ട്രീയക്കാരനായും നമുക്ക് അനുഭവപ്പെടുന്നത്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കെത്തിയപ്പോഴൊക്കെ വാജ്പയിയിലെ കവി ഹൃദയം പ്രാര്‍ഥിച്ചു. ”അല്ലയോ സര്‍വശക്തനായ ദൈവമേ എനിക്കായി അങ്ങ് അതീവ ഉയരങ്ങള്‍ ഒരുക്കരുതേ/ ഇല്ല എനിക്കവിടെ ആശ്ലേഷിക്കാന്‍ മറ്റാളുകളുണ്ടാവില്ലല്ലോ/ വേണ്ട എന്നെ അത്രയും കഠിനഹൃദയനാക്കേണ്ട”.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മൂന്നു തവണ സ്ഥാനമേറ്റ വാജ്‌പേയിയുടെ മുഖമുദ്ര അദ്ദേഹത്തില്‍ നിന്നു നിശ്ശബ്ദമായി അനര്‍ഗളം പ്രവഹിക്കുകയും പകര്‍ന്നു കിട്ടുകയും ചെയ്യുന്ന സ്‌നേഹമായിരുന്നു. ശ്രേഷ്ഠവും സൗമ്യവുമായ അദ്ദേഹത്തിന്റെ പെരുമാറ്റം എത്രയോ എതിരാളികളെപ്പോലും നിരായുധരാക്കിയിരുന്നു.

ഭാരതത്തിന്റെ സംസ്‌കാരിക പൈതൃകം ഹിന്ദുത്വമാണ് എന്ന് വിശ്വസിച്ചിരുന്ന വാജ്പയ് സാംസ്‌കാരിക ധാരയുടെ വൈവിധ്യത്തെ അക്ഷരംപ്രതി മാനിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തൂവല്‍ വാജ്പയിയുടെ തൊപ്പിയില്‍ വെക്കാന്‍ എതിരാളികള്‍ ശ്രമിക്കാറുണ്ടെങ്കിലും ‘സര്‍വധര്‍മ സമഭാവം’ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. 1978ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ബന്ധം സാധാരണനിലയിലാക്കാന്‍ ശ്രമിച്ച വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. 1994ല്‍ ജനീവയില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനം ഇന്ത്യക്കെതിരെ പ്രമേയം പാസാക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അറബ് രാജ്യങ്ങളെ ഇന്ത്യക്കനുകൂലമാക്കാന്‍ നിയോഗിക്കപ്പെട്ടതും വിജയശ്രീലാളിതനായതും വാജ്പയ് ആയിരുന്നു. ലക്‌നോവില്‍ പതിറ്റാണ്ടുകളായി അകന്നുകഴിഞ്ഞിരുന്ന ശിയാ-സുന്നി മുസ്‌ലിംകളെ യോജിപ്പിന്റെ മേഖലയിലെത്തിച്ചതും അദ്ദേഹമായിരുന്നു.

(ബി ജെ പി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here