സുമനസ്സുകളുടെ സഹായഹസ്തം നീളട്ടെ

Posted on: August 17, 2018 10:13 am | Last updated: August 17, 2018 at 10:13 am
SHARE

നമ്മുടെ സങ്കല്‍പങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമെല്ലാം അപ്പുറത്താണ് ഈ വര്‍ഷത്തെ കാലവര്‍ഷം. മഴ വര്‍ഷിക്കുകയല്ല, കോരിച്ചൊരിയുകയാണ്. മുന്‍പൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത വിധം വ്യാപകമായ ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കം. 44 നദികളും കരകവിഞ്ഞൊഴുകുകയാണ്. അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുന്നു. എന്നിട്ടും വെള്ളത്തിന്റെ അളവ് ഉയരുകയാണ് ചില അണക്കെട്ടുകളില്‍. ഒറ്റപ്പെട്ടു പോയ വീട്ടുകാരും ധാരാളം. മലവെള്ളപ്പാച്ചിലില്‍ വീടും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട് വസ്ത്രം പോലുമില്ലാതെ കഷ്ടപ്പെടുന്ന പതിനായിരങ്ങള്‍. വലിയ കോണ്‍ക്രീറ്റ് കൊട്ടാരങ്ങളില്‍ താമസിച്ചിരുന്നവര്‍ പോലും വസ്ത്രത്തിനും ഭക്ഷണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് നേരെ കൈനീട്ടുന്ന അവസ്ഥ. നാഷനല്‍ ഹൈവെയും സ്റ്റേറ്റ് ഹൈവേയുമടക്കം സംസ്ഥാനമാകെ റോഡ് ഗതാഗതം താറുമാറായിരിക്കുന്നു. കൊച്ചി, കൊഴിക്കോട് ഉള്‍പ്പെടെ പല പ്രുമുഖ നഗരങ്ങളിലെയും റോഡുകള്‍ വെള്ളത്തിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കേണ്ടി വന്നു. ട്രെയിന്‍ സര്‍വീസും പല ഭാഗത്തും മുടങ്ങി. ഒഴുക്കില്‍ പെട്ടും മണ്ണിടിഞ്ഞു വീണും മറ്റും മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റെട്ടായിരിക്കുന്നു.

1924ലാണ് മുമ്പ് കേരളം ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ആ റിക്കാര്‍ഡ് പോലും തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് പോക്ക്. മഴ നാല് ദിവസമെങ്കിലും ഇതേ നിലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന ദുരന്തനിവാരണപദ്ധതി തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ചു കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 14.4 ശതമാനവും ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളാണ്. ദേശീയ ഭൂകമ്പസാധ്യതാ ഭൂപടത്തില്‍ സോണ്‍ മൂന്നിലാണു കേരളത്തിന്റെ സ്ഥാനം. തുടര്‍ച്ചയായി മൂന്നോ നാലോ ദിവസം മഴ പെയ്താല്‍ ഇത്തരം പ്രദേശങ്ങളില്‍ കുന്നിടിച്ചിലും ഉരുള്‍പൊട്ടലും സംഭവിക്കാം. സുനാമി, ചുഴലിക്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങള്‍ പ്രവചിക്കുന്നത് പോലെ ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി പറയാനാകില്ല. സാധ്യതയേറിയത് എന്ന് പഠന റിപ്പോര്‍ട്ടുകളില്‍ കാണിച്ച പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടിയിരിക്കെ മലയോരങ്ങളിലുള്ളവര്‍ അതീവ ഭീതിയിലാണ്. സംസഥാനത്തിന്റെ 4.5 ശതമാനം പ്രദേശങ്ങളില്‍ അതിതീവ്ര വെള്ളപ്പൊക്ക ദുരന്തസാധ്യതയും 55.5 ശതമാനം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭ ദുരന്തസാധ്യതയും നിലനില്‍ക്കുന്നു. ഒരേ സമയം തെക്ക്, വടക്ക്, മധ്യ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ പ്രളയം മൂടുകയും 14 ജില്ലകളിലും ഒന്നിച്ചു റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നത് അസാധാരണമാണ്.

കേന്ദ്രത്തിന്റെയും അയല്‍സംസ്ഥാനങ്ങളുടെയും ഉള്‍പ്പെടെ എല്ലാ ഭാഗത്തു നിന്നും കേരളത്തിലേക്ക് സഹായഹസ്തങ്ങള്‍ നീളുന്നുവെന്നത് ആശ്വാസകരമാണ്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചപ്പോള്‍, ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാമെന്നു ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി.
സംസ്ഥാനം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുരിതബാധിതര്‍ക്കായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ മിഷനറിക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും കിടയറ്റ സേവനമാണ് നടത്തിവരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് സഹായം അഭ്യര്‍ഥിക്കാനും, സംഭാവനകള്‍ നല്‍കുന്നതിനും, പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളന്റിയര്‍മാരാകാനും വെബ്‌സൈറ്റിലൂടെ സാധിക്കും. മത, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു ആവശ്യസാധനങ്ങളും വിതരണം ചെയ്യുന്നത് വലിയൊരാശ്വാസമാണ്. സംസ്ഥാനം അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴവും അളവും പരിഗണിക്കുമ്പോള്‍ ഇതെല്ലാം പരിമിതമാണ്. കൂടുതല്‍ സഹായങ്ങള്‍ എത്തേണ്ടതുണ്ട്. താത്കാലികാശ്വാസം മാത്രമാണ് ഇപ്പോള്‍ നടക്കന്ന സഹായങ്ങള്‍. വീടടക്കം നഷ്ടപ്പെടുകയും സമ്പത്തെല്ലാം നശിക്കുകയും ചെയ്ത ഹതഭാഗ്യരാണ് ദുരന്തബാധിതരില്‍ നല്ലൊരു പങ്കും. അവര്‍ക്ക് ഇനി ജീവിതം ഇല്ലായ്മയില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്. ഇതിന് സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം ആവശ്യമാണ്. സമൂഹത്തിന്റെ കാരുണ്യബോധവും മാനുഷികചിന്തയും കൂടുതല്‍ പ്രകടമാകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാം മറന്നു കൈകോര്‍ക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here